• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടില്‍ മരംമുറിക്കേസില്‍ പൊലീസിന്റേത് ഒത്തുകളിയെന്ന് ആക്ഷേപം; പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും കേസെടുത്തില്ല

മുട്ടില്‍ മരംമുറിക്കേസില്‍ പൊലീസിന്റേത് ഒത്തുകളിയെന്ന് ആക്ഷേപം; പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും കേസെടുത്തില്ല

മുഖ്യപ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയും നാല് മാസമായിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം.

News18

News18

  • Last Updated :
  • Share this:
കോഴിക്കോട്:  മുട്ടില്‍മരംമുറിക്കേസില്‍  മുഖ്യപ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയും നാല് മാസമായിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. മരംകടത്തുമായി ബന്ധപ്പെട്ട് മാംഗോ സഹോദരങ്ങള്‍ക്കെതിരെ റവന്യുവകുപ്പ് നല്‍കിയ പരാതിയിലും അന്വേഷണം എങ്ങുമെത്തിയില്ല. ഫെബ്രുവരി 17ന് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം  കെ സമീര്‍ വയനാട് ജില്ലാ പൊലീസ് മേധാവിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

മുട്ടില്‍ ഈട്ടിക്കടത്ത് കേസിലെ മുഖ്യപ്രതി റോജിയും കൂട്ടരും ഭീഷണിപ്പെടുത്തെന്നായിരുന്നു സമീറിന്റെ പരാതി. മാത്രമല്ല സമീറിന്റെ ഡ്രൈവര്‍ ശ്രീകാന്തിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി.  മണിക്കുന്ന് മലയില്‍ നിന്ന് മരംമുറി നടന്ന സംഭവത്തില്‍ സമീറിനെതിരെ മൊഴി നല്‍കണമെന്നായിരുന്നു ശ്രീകാന്തിനോട് പ്രതികളുടെ സംഘത്തില്‍പ്പെട്ടവരുടെ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയപ്പോള്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു തവണ സമീറിനെ വിളിച്ചതല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികളൊന്നുതന്നെയുണ്ടായില്ല.

Also Read- മരം മുറി വിവാദം; ഇ.ചന്ദ്രശേഖരനേയും കെ.രാജുവിനേയും സി പി ഐ സംരക്ഷിക്കും

ഈട്ടിമരം മോഷണം നടത്തിയെന്ന റവന്യു വകുപ്പ് അധികാരികളുടെ പരാതിയില്‍ റോജി, ആന്റോ, ജോസൂട്ടി ഉള്‍പ്പെടെ 68 പേര്‍ക്കെതിരെ  കേസെടുത്തെന്നല്ലാതെ ഇതിലും തുടര്‍നടപടികളൊന്നും തന്നെയുണ്ടായില്ല. ആദിവാസികളെ കബളിപ്പിച്ച് ചുളുവിലയ്ക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ മാസങ്ങള്‍ പിന്നിട്ടും പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെ  അതിക്രമ നിരോധന നിയമം  ചുമത്തി കേസെടുക്കാന്‍ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അന്വേഷണം തുടരുന്നതിനാലാണ്  പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെ  അതിക്രമ നിരോധന നിയമം  ചുമത്തി കേസെടുക്കാന്‍ വൈകുന്നതെന്ന് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്(എസ്എംഎസ്) ഡിവൈഎസ്പി പറഞ്ഞു.

2020 ഒക്ടോബര്‍ 24ന് റവന്യു വകുപ്പാണ് സംരക്ഷിത മരങ്ങള്‍ ഉള്‍പ്പെടെ മുറിക്കാന്‍ ഉത്തരവിറക്കിയത്. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നൊരു നിര്‍ദ്ദേശവുമുണ്ടായിരുന്നു.

ഈ ഉത്തരവിന്റെ മറവില്‍  വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി പത്തനംതിട്ട  എന്നീ  അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാല്‍ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. പല  ജില്ലാ കളക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.  2020 ഒക്ടോബര്‍ 24  ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട്  ഒട്ടേറെ കൂറ്റന്‍മരങ്ങള്‍  മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നുവെന്നാണ്  പരിസ്ഥിതി പ്രവര്‍ത്തകരുടെ അനുമാനം. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ പറഞ്ഞു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. അന്ന് ഇരു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിപിഐ ആയിരുന്നു.

Also Read- Explained: കാട്ടിലെ തടി; മുട്ടിലിലെ വെട്ട്; 100 കോടി കവർന്ന 100 ദിന പരിപാടി

മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ പരിസ്ഥിതി സ്നേഹികളെന്നു കേള്‍വി കേട്ട മുന്‍നിര നേതാക്കള്‍ നിറഞ്ഞ സിപിഐയും മറുപടി പറയേണ്ടിവരും.

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത് ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന്  505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്. ഭരണത്തുടര്‍ച്ചയില്‍ വനം വകുപ്പ്  വകുപ്പ്  സിപിഐയില്‍ നിന്നും എന്‍ സി പിയില്‍ എത്തി. മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതയോഗം വിളിച്ചിരുന്നു.  മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.

റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും വലിയ മരംമുറി നടന്നതെന്നാണ് വിവരം. അഞ്ഞൂറോളം മരങ്ങള്‍ ഇവിടെ നിന്ന് മുറിച്ചുകടത്തിയതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി മാത്രം കഴിഞ്ഞദിവസം രണ്ടരകോടിയിലധികം രൂപയുടെ ഈട്ടി, തേക്ക് തടികള്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.

അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് തൃശൂരിലെത്തി. നാളെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലേക്ക് തിരിക്കും.
Published by:Rajesh V
First published: