തിരുവനന്തപുരം: അപകടത്തിൽപെട്ട 2.8 ലക്ഷം രൂപയോളം വില വരുന്ന ബൈക്ക് മോഷണം പോയതായി പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. കിളിമാനൂർ പോങ്ങനാട് ആലത്തുക്കാവ് സുദേവ മന്ദിരത്തിൽ വിഷ്ണുവിന്റെ കെടിഎം ആർസി ബൈക്ക് ആണ് മോഷണം പോയത്.
ഫെബ്രുവരി 20ന് രാവിലെ ആറ്റിങ്ങൽ ഡ്രീംസ് തീയറ്ററിന് സമീപത്തുവച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ വിഷ്ണുവിനെയും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടർന്ന് അപകട ശേഷം സ്ഥലത്ത് എത്തിയ ഹൈവേ പൊലീസ് സംഘം സംഭവ സ്ഥലത്ത് തന്നെ വാഹനം ഒതുക്കി വെച്ച ശേഷം വാഹനത്തിന്റെ താക്കോൽ കൊണ്ട് പോയതായി നാട്ടുകാർ പറയുന്നു.
എന്നാല്‍ അടുത്ത ദിവസം വാഹനം തുടർ നടപടികൾക്ക് മാറ്റാനായി എത്തിയ വിഷ്ണുവിൻ്റെ സഹോദരൻ മിഥുനും സുഹൃത്തുക്കളും എത്തിയതോടെയാണ് വാഹനം മോഷണം പോയത് അറിയുന്നത്. ഇവർ സമീപത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇവർ വാഹനം കാണാൻ ഇല്ല എന്ന് ആറ്റിങ്ങൽ പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് തുടർ നടപടികൾ സ്വീകരിച്ചില്ല എന്ന് പറയുന്നു. വാഹനം ഇരുന്ന സ്ഥലത്തിന് സമീപമുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഒരുപക്ഷെ മോഷ്ടാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് വിഷ്ണുവിന്റെ സഹോദരൻ പറയുന്നത്.
പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാതെ വന്നതോടെ വണ്ടിയുടെ ചിത്രങ്ങൾ സഹിതം ഇവർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട ദിവസം രാത്രി ഇതേ നിറത്തിലുള്ള വാഹനം നാവായിക്കുളം ഭാഗത്ത് കണ്ടതായി ഇവർക്ക് വിവരം ലഭിച്ചു. മുഖം മറച്ച രണ്ടു യുവാക്കൾ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മറച്ച ഇതേ നിറത്തിലുള്ള ബൈക്കുമായി പോകുന്നത് കണ്ടു എന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചത് എന്ന് മിഥുൻ പറഞ്ഞു. ഇത് ഉൾപ്പടെ പൊലീസിനെ അറിയിച്ചെങ്കിലും വേണ്ട സഹായം ലഭിച്ചില്ല എന്ന് ഇവർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.