തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം അതിദാരുണമായ സംഭവമെന്ന് ഡിവൈഎഫ്ഐ. പ്രതിക്ക് ആയുധം എങ്ങനെ ലഭിച്ചു എന്നതിൽ ഉൾപ്പടെ വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തികപെടാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോൾ പൊലീസുകാർ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിർദേശമെന്നും ഡിവൈഎഫ്ഐ വിശദീകരിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു.
കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Dyfi, Kollam