• HOME
  • »
  • NEWS
  • »
  • kerala
  • »
  • ALLEGATIONS OVER APPOINMENT OF K P SAHADEVAN1 TV PRP

പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻ പദവി: പ്രായപരിധി ഒഴിവാക്കിയത് കെ പി സഹദേവനു വേണ്ടിയെന്ന് ആക്ഷേപം

ചെയർമാനാവാൻ പരമാവധി പ്രായം 75 എന്ന നിബന്ധന ഒഴിവാക്കി കഴി‍ഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്.

k p sahadevan

k p sahadevan

  • Share this:
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനത്തിനുള്ള പ്രായപരിധി റദ്ദാക്കിയ സർക്കാർ ഉത്തരവ് സി പി എം സംസ്ഥാന സമിതി അംഗവും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ കെ പി സഹദേവനു വേണ്ടിയാണെന്ന് ആക്ഷേപം. പ്രായപരിധി നിബന്ധന ലംഘിച്ചാണ് സഹദേവനെ കൈത്തറി വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

ചെയർമാനാവാൻ പരമാവധി പ്രായം 75 എന്ന നിബന്ധന ഒഴിവാക്കി കഴി‍ഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്. പുതിയ ഉത്തരവ് പ്രകാരം ചെയർമാന് പ്രായപരിധി ഇല്ല. കഴിവും പ്രാവീണ്യവുമുള്ള വരെ കൊണ്ടുവരാൻ 75 വയസ്സെന്ന പരിധി തടസ്സമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കിയത്.

also read;മന്ദാഗിനീ... മന്ദാഗിനീ... കൊല്ലത്തെ പരവൂരിൽ ബെൽ മുഴങ്ങി!

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015ലാണ് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളിൽ പ്രായപരിധി നിശ്ചയിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് 75 വയസ്സും മാനേജിങ് ഡയറക്ടറാവാൻ പരമാവധി 65 വയസ്സുമായിരുന്നു പരിധി. ഈ തീരുമാനം തിരുത്തിയാണ് പുതിയ ഉത്തരവ്. എന്നാൽ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കാനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.

ഇതേ തുടർന്നാണ് ഉത്തരവ് എൽ ഡി എഫ് കണ്ണൂർ ജില്ലാ കൺവീനർ കൂടിയായ കെ പി സഹദേവന്റെ നിയമനം സാധൂകരിക്കാനാണെന്ന ആക്ഷേപം ഉയരുന്നത്. ഇപ്പോൾ 82 വയസുള്ള സഹദേവനെ കൈത്തറി വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചപ്പോൾ തന്നെ പ്രായപരിധി നിബന്ധന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം പരാതി ലഭിച്ചിരുന്നു. സർക്കാർ പറഞ്ഞാൽ മാറി നിൽക്കാൻ തയാറാണെന്ന് സഹദേവനും പറഞ്ഞിരുന്നു.

എന്നാൽ പുതിയ ഉത്തരവിനെ ചെയർമാൻ കെ പി സഹദേവൻ ഇപ്പോൾ ന്യായീകരിക്കുന്നു. കേന്ദ്ര നിയമത്തിന് അനുസരിച്ച് മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ചെയർമാൻ സ്ഥാനം മറ്റൊരാൾക്ക് നിഷേധിക്കാനാണ് ഉമ്മൻ ചാണ്ടി നിയന്ത്രണം കൊണ്ടുവന്നത് എന്ന ആക്ഷേപവും ഉന്നയിച്ചു.

“പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കേന്ദ്ര നിയമ പ്രകാരമാണ്.ഇതിൽ കൈകടത്തി സംസ്ഥാനം പ്രായപരിധി ഏർപ്പെടുത്തിയത് നിയമ വിരുദ്ധമാണ്. ഇത് തിരുത്തുക മാത്രമാണ് സർക്കാർ ചെയ്തത്,” കെ പി സഹദേവൻ ന്യൂസ് 18 നോട് പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനത്തേക്ക് നടക്കുന്നത് പൂർണ്ണമായും രാഷ്ട്രീയ നിയമനങ്ങളാണ്. ഏതു മുന്നണി ഭരിച്ചാലും പൊതുമേഖലാ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഘടകകക്ഷികൾക്ക് വീതം വച്ചു നൽകുന്നതാണ് പതിവ്. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ് ലഭിക്കാത്തവർക്കും മൽസരിച്ചു പരാജയപ്പെട്ടവർക്കും മുതിർന്ന നേതാക്കൾക്കും ഇഷ്ടക്കാർക്കുമൊക്കെ ചെയർമാൻ പദവി സമ്മാനിക്കാറുമുണ്ട്. പുതിയ തീരുമാനത്തോടെ പ്രായപരിധി പരിഗണിക്കാതെ സി പി എമ്മിനും എൽ ഡി എഫിനും താൽപര്യമുള്ളവരെ ചെയർമാൻ പദവിയിലേക്ക് കൊണ്ടുവരാനാകും. ​

First published:
)}