നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് അൽഫോൺസ് കണ്ണന്താനം

  കേരളത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് അൽഫോൺസ് കണ്ണന്താനം

  • Last Updated :
  • Share this:
   തിരുവനന്തപുരം: യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനത്തിന് വഴിയൊരുക്കിയ മുഖ്യമന്ത്രി കേരളത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. നാടിനെ നാശത്തിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുകയാണ് . ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ തെരുവില്‍ യുദ്ധമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുകയാണ്. വിശ്വാസികളുടെ വികാരത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

   അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്ക് പൂർണരൂപം

   കഴിഞ്ഞ മൂന്ന് മാസമായി ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ദുരഹങ്കാരവും കാരണം ശബരിമലയില്‍ മാത്രമല്ല കേരളത്തിലുടനീളം ഒരു അസ്വാസ്ഥ്യം നിലനില്‍ക്കുകയായിരുന്നു. ശബരിമലയില്‍ അത് പലപ്പോഴും സംഘര്‍ഷാവസ്ഥക്കു കാരണമാവുകയും ചെയ്തു. ഇന്ന് ശബരിമലയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആ അസ്വാസ്ഥ്യത്തിന് ആക്കം കൂട്ടുകയും കേരളം മുഴുവന്‍ യുദ്ധക്കളമായി മാറുന്ന ഒരു സാഹചര്യമാണുണ്ടായിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഭക്തര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തും പാലാക്കാട്ടും നെയ്യാറ്റിന്‍കരയിലും രൂക്ഷമായ സംഘര്‍ഷം നടന്നതായിട്ടാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് .. ഈ ഒരു സാഹചര്യത്തിലേക്കെത്തിച്ച കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ല . സുപ്രീം കോടതി വിധിയുടെ മറവില്‍ ആക്റ്റിവിസ്റ്റുകളെയും മറ്റും ശബരിമലയിലേക്ക് കയറ്റാന്‍ ശ്രമിക്കുക വഴി വിശ്വാസികളുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇന്ന് നടന്ന സംഭവങ്ങള്‍ ഒരു ഗൂഡാലോചനയുടെ ഫലമായാണ് സംഭവിച്ചിട്ടുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മലകയറ്റം പകുതിയാക്കി മടങ്ങിയ മാവോയിസ്‌റ് ബന്ധമുണ്ടെന്ന് ആരോപണമുള്ള ബിന്ദു, കനകദുര്‍ഗ എന്നി രണ്ടു യുവതികളെ ഇരുട്ടിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ പ്രച്ഛന്ന വേഷത്തില്‍ ആംബുലന്‍സില്‍ ശബരിമലയില്‍ എത്തിച്ചെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ പുലര്‍ച്ചെ ക്ഷേത്രത്തിന്റെ സോപാനത്തില്‍ കയറുന്നതും ക്ഷേത്രത്തില്‍ നിന്ന് തിരികെ ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പോലീസ് തന്നെ ചിത്രീകരിച്ചു മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ആചാരലംഘനം ബോധ്യമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ ലഭിച്ചോയെന്നു തന്നെ അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥനോട് അതിലൊരു യുവതി ചോദിക്കുന്ന ദൃശ്യം എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. ആംബുലന്‍സില്‍ കയറ്റി ശബരിമലയില്‍ എത്തിക്കുകയും ആംബുലന്‍സില്‍ തന്നെ അവരെ തിരികെ ഇറക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . രാത്രിയില്‍ പമ്പയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും താമസമൊരുക്കിയതും പൊലീസാണ്. പോലീസ് മുന്‍കൈ എടുത്ത് നടത്തിയ ഈ നാടകം സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ് . ശബരിമലയില്‍ ദര്‍ശനത്തിനു വരുന്ന ഭക്തകള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്നാല്‍ അവര്‍ ഇന്ന് ചെയ്തത് രണ്ടു ആക്ടിവിസ്റ്റുകളെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പോലീസ് അകമ്പടിയോടെ പമ്പയിലെത്തിക്കുകയും വേഷ പ്രച്ഛന്നം ചെയ്യിച്ചു ആരുമറിയാതെ പതിനെട്ടാംപടി ഒഴിവാക്കി ക്ഷേത്രത്തിലെത്തിക്കുകയുമാണ് ചെയ്തത്.

   കല്ലേറിൽ പരുക്കേറ്റ അയ്യപ്പ ഭക്തൻ മരിച്ചു

   മനഃപൂര്‍വം കേരളത്തെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നാടിനെ നാശത്തിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുകയാണ് . ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ തെരുവില്‍ യുദ്ധമുണ്ടാക്കി അരാജകത്വം സൃഷ്ട്ടിക്കുകയാണ്. വിശ്വാസികളുടെ വികാരത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. അത് ചെയ്തില്ല. ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാരിന് എന്ത് നിലനില്‍പ്പാണുള്ളത്? തെറ്റ് തിരുത്തി സമവായത്തിന് ശ്രമിക്കുക എന്നാണ് എനിക്ക് ഈയവസരത്തില്‍ പറയാനുള്ളത്.
   First published: