• HOME
 • »
 • NEWS
 • »
 • kerala
 • »
 • Aluva CI| മോഫിയ പർവീണിന്റെ ആത്മഹത്യ; ആലുവ സിഐ സുധീർകുമാറിന് സസ്പെൻഷൻ

Aluva CI| മോഫിയ പർവീണിന്റെ ആത്മഹത്യ; ആലുവ സിഐ സുധീർകുമാറിന് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയൻ മോഫിയയുടെ പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി.

സി ഐ സുധീർ കുമാർ

സി ഐ സുധീർ കുമാർ

 • Share this:
  കൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ (Mofia Parveen) ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് സി ഐയായിരുന്ന (Aluva CI) സി എൽ സുധീർ കുമാറിന് (Sudheer Kumar) സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ മോഫിയയുടെ പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു.

  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

  ആലുവ സി ഐ സുധീർ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിൽ മോഫിയയുടെ കുടുംബം ഉറച്ചുനിന്നിരുന്നു. സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഉപരോധം.

  നേരത്തെ സുധീർ കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇതുപോരെന്നും ശക്തമായ നടപടി വേണമെന്നുമുള്ള ആവശ്യത്തിൽ മോഫിയയുടെ പിതാവ് ദിൽഷാദ് സലീം ഉറച്ചുനിന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.

  Also Read- Mofia| മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്

  ‌അതേസമയം, നടപടി നേരിട്ട സുധീര്‍ കുമാർ മുൻപും വകുപ്പു തല നടപടിക്ക് വിധേയനായിട്ടുണ്ട്. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സുധീര്‍ മോശമായി പെരുമാറുന്നത് സ്ഥിരമാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ചല്‍ സിഐ ആയിരിക്കെ ഉത്ര വധക്കേസില്‍ (Uthra Murder Case) അന്വേഷണത്തില്‍ അലംഭാവം കാട്ടിയതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. കേസില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്.

  ഗാർഹിക പീഡന പരാതി നൽകാനെത്തിയ യുവതിയെ വിളിച്ചത് വേശ്യയെന്ന്

  രണ്ട് മാസം മുൻപ് ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയോട് സുധീര്‍ മോശമായി പെരുമാറി. ആലുവ സ്റ്റേഷനില്‍ വച്ച്‌ വേശ്യയെന്ന് വിളിച്ചുകൊണ്ടാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി വെളിപ്പെടുത്തുന്നു. അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിരുന്നെന്നും യുവതി പറഞ്ഞു.

  ''മോഫിയയുടെ പേരിന് മുന്‍പ് എന്റെ പേരായിരുന്നു വരേണ്ടിയിരുന്നത്. ഗാര്‍ഹികപീഡനത്തിനെതിരെ ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍, സുധീര്‍ വളരെ മോശമായാണ് പെരുമാറിയത്. മോഫിയയെക്കാള്‍ കുറച്ചുകൂടി ബോള്‍ഡ് ആയത് കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. ഗതികേട് കൊണ്ടാണ് അന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ നേരിടേണ്ടി വന്നത് മോശം പെരുമാറ്റമാണ്. വേശ്യയെന്നാണ് അയാള്‍ എന്നെ വിളിച്ചത്.'' - യുവതി പറയുന്നു.

  ഉത്രവധക്കേസിൽ അലംഭാവം

  ഉത്ര വധക്കേസില്‍ പരാതി നല്‍കിയിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം സിഐ സുധീര്‍ നടത്തിയില്ല എന്ന് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഉത്രയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ എഎസ്‌ഐ ജോയി എന്ന ഉദ്യോഗസ്ഥന് മരണത്തില്‍ സംശയം തോന്നിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയും പാമ്പിനെ കുഴിച്ചിടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ ഉത്രയുടെ രക്തം രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

  എന്നാല്‍ ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാതെ സിഐ, ഉത്രയുടേത് പാമ്പുകടിയേറ്റുള്ള മരണമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് ഉത്രയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസന്വേഷണം എസ്.പി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

  ഇന്‍ക്വസ്റ്റിന് മൃതദേഹം വീട്ടിലേക്ക് വിളിച്ചു വരുത്തി

  അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൃതദേഹങ്ങള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് വിവാദമായിരുന്നു. ഇൻക്വസ്റ്റിനായി സ്വന്തം വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിവാദമായതോടെയാണ് സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റിയത്.
  Published by:Rajesh V
  First published: