കണ്ണൂർ: തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദാക്കി. രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്യാര്‍ഡ് ഹോട്ടലിലാണ് ഇന്ന് തങ്ങുക.
നാളെ രാവിലെ ഹെലികോപ്റ്റർ മാർഗം തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോയ്ക്ക് ശേഷം പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിലും സംസാരിച്ചതിന് ശേഷം നാലരയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തും. കഞ്ചിക്കോട്ട് മുതൽ സത്രപ്പടിവരെ റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് 5.45 ഓടെ കോയമ്പത്തൂരിലേക്ക് മടങ്ങും. ഇങ്ങനെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നാളത്തെ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
Also Read-
'സമ്പൂർണ സാക്ഷരതയ്ക്ക് ഇപ്പോഴും ചിലർ തടസ്സം'; NDA സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ ട്രോളുമായി സന്ദീപാനന്ദ ഗിരി
അതേസമയം, സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരിയിൽ എന്ത് നിലപാടെടുക്കുമെന്നതിൽ ബിജെപിയ്ക്ക് ഇതുവരെ വ്യക്തതയില്ല. ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരുമായും സ്വതന്ത്ര സ്ഥാനാർഥി ആന്റണിയുമായും ബിജെപി ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. ഇരുവരും ബിജെപി നീക്കത്തോട് അനുകൂലമെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമതീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളും.
Also Read-
ഗുരുവായൂരില്‍ DSJP സ്ഥാനാർഥിയെ ബിജെപി പിന്തുണച്ചേക്കും; തീരുമാനം ഉടൻ
തലശേരി, ഗുരുവായൂർ, ദേവികുളം നിയമസഭാ സീറ്റുകളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്. മൂന്നിടത്തും മുന്നണിക്ക് ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഗുരുവായൂരിലും ദേവികുളത്തും കഴിഞ്ഞ തവണ മൽസരിച്ചവരുടെ പത്രികകൾ തന്നെയാണ് ഇത്തവണ തള്ളിയത്.
തലശേരിയിൽ ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന് നേടിയത് 22,125 വോട്ടുകളാണ്. എ എൻ ഷംസീർ (സിപിഎം)- 70,741, എ പി അബ്ദുള്ളക്കുട്ടി (കോണ്‍ഗ്രസ്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില.
എന്നാൽ 2019ൽ ലോക്സഭയിലേക്കുള്ള മൽസരത്തിൽ ഇതേ സജീവന് തലശ്ശേരിയിൽ നിന്നു കിട്ടിയത് 13,456 വോട്ടും. പി ജയരാജന് 65,401 വോട്ടും കെ മുരളീധരന് 53,932 വോട്ടുംമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.