കൊച്ചി: ബലാത്സംഗക്കേസില്‍ (Rape case) നടനും നിർമാതാവുമായ വിജയ് ബാബുവിനോട് (Vijay Babu) വിശദീകരണം തേടി താരസംഘടനയായ 'അമ്മ' (AMMA). വിഷയത്തിൽ തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബു നൽകുന്ന വിശദീകരണം നാളെ ചേരുന്ന ഈ യോഗത്തിൽ ചർച്ച ചെയ്യും.
വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റേണൽ കമ്മിറ്റി അമ്മ എക്സിക്യൂട്ടീവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും ഇതിൽ തുടർനടപടികൾ തീരുമാനിക്കുക. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് അമ്മ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ബലാത്സംഗ കേസിൽ സിനിമാ താരങ്ങളുടെ ഭാഗത്ത് നിന്നും ഇതുവരെ ആയിട്ടും കാര്യമായ പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് യോഗം ചേരാനുള്ള തീരുമാനം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.
അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വേണ്ടിവന്നാൽ താരത്തെ അറസ്റ്റ് ചെയ്യാൻ വിദേശത്തേക്ക് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്കു ശേഷമാകും ഹർജി പരിഗണിക്കുക. മെയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനലവധി. ഇന്നലെയാണ് വിദേശത്തുള്ള വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയില്‍ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നുമാണ് വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. വിജയ ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്ലാറ്റിലും ഹോട്ടലിലും കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
അഞ്ച് ഇടങ്ങളില്‍ എത്തിച്ച് പീഡനം നടത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ സമയങ്ങളില്‍ പരാതിക്കാരിയുമായി ഹോട്ടലില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും തെളിവായി പോലീസ് ശേഖരിച്ചു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.