ഇനി താരങ്ങളുടെ പോര്; പുതിയ ചിത്രങ്ങൾക്ക് കരാർ വയ്ക്കില്ല; ഷെയിൻ പ്രശ്നത്തിൽ നിർമ്മാതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന് AMMA
ഇനി താരങ്ങളുടെ പോര്; പുതിയ ചിത്രങ്ങൾക്ക് കരാർ വയ്ക്കില്ല; ഷെയിൻ പ്രശ്നത്തിൽ നിർമ്മാതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന് AMMA
നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളും 'അമ്മ'യിലെ സഹ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ. നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക് കരാർ വയ്ക്കാതെ നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാനാണ് തീരുമാനം. ഇനി ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിലേക്ക് ചർച്ചക്കായി പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളും 'അമ്മ'യിലെ സഹ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
ഷെയിൻ നിഗം പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു വരുത്തിയ നിർമ്മാതാക്കൾ അപമാനിച്ചുവെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. ഉല്ലാസം സിനിമ ഡബ് ചെയ്തു കഴിഞ്ഞാൽ ചർച്ചയാകാം എന്ന നിലപാലായിരുന്നു നിർമ്മാതാക്കൾ. എന്നാൽ ഡബ്ബിങ്ങ് കഴിഞ്ഞതോടെ നഷ്ടപരിഹാരം എന്ന ആവശ്യം ഉന്നയിച്ചത് ശരിയായ നിലപാടല്ലെന്നും 'അമ്മ' പറയുന്നു.
ചർച്ചക്കിടെ ഇറങ്ങിപ്പോയത് ആര്?
ചർച്ചകൾക്കായി താരങ്ങളെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫിസിലേക്ക് ക്ഷണിച്ചത് നിർമ്മാതാക്കളാണ്. അവിടേക്ക് പോയി ചർച്ച നടത്തുന്നതിൽ ചില താരങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും അവസാനം അവിടേക്ക് പോകാൻ തീരുമാനമെടുത്തു. എന്നാൽ ചർച്ചക്കിടെ നഷ്ടപരിഹാരം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോൾ അമ്മ ഭാരവാഹികൾ എതിർത്തു. നിർമ്മാതാക്കളുടെ അസൗകര്യത്താൽ ചിത്രീകരണം മുടങ്ങിയാൽ താരങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന് അമ്മ ഭാരവാഹികൾ തിരിച്ച് ചോദിച്ചു.
'നഷ്ടപരിഹാരമില്ലെങ്കിൽ ചർച്ചയുമില്ലെന്ന് അറിയിച്ചു കൊണ്ട് നിർമ്മാതാവ് സുരേഷ് കുമാർ ആദ്യം യോഗം ബഹിഷ്ക്കരിച്ചു. ഇതോടെയാണ് അമ്മ ഭാരവാഹികളും യോഗത്തിൽ നിന്ന് ഇറങ്ങിയത്.
നഷ്ടപരിഹാരം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് അമ്മ
താരത്തിന്റെ അസൗകര്യം മൂലം ഷൂട്ടിംങ്ങ് വൈകിയതിന് നഷ്ടപരിഹാരം അംഗീകരിച്ചാൽ, തിരിച്ച് നിർമ്മാതാക്കളുടെ അസൗകര്യം മൂലം ഷൂട്ടിംഗ് വൈകിയാൽ തിരിച്ചും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് അമ്മ ഭാരവാഹികൾ പറയുന്നു. നിർമ്മാതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് മാറ്റി വച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദിവസ വേതനത്തിന്റെയോ മണിക്കൂർ പ്രതിഫലത്തിന്റെയോ അടിസ്ഥാനത്തിലാകാം ഇനിയുള്ള ഷൂട്ടിംഗുകൾ എന്നും താരസംഘടന പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.