സ്പൈനൽ മസ്കുലാർ അട്രോഫി (Spinal Muscular Atrophy) ബാധിച്ച് മരിച്ച മങ്കട വലമ്പൂരിലെ ഇമ്രാന്റെ ചികിത്സക്ക് വേണ്ടി പിരിച്ചെടുത്ത പണം മുഴുവൻ സർക്കാരിന് കൈമാറി. ഇതേ അസുഖം ബാധിച്ച കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഈ പണം സർക്കാരിന് കൈമാറണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 17.04 കോടി രൂപയാണ് സർക്കാരിലേക്ക് നൽകിയത്.
കോടികൾ വിലയുള്ള മരുന്ന് എത്തും മുമ്പേ വിട പറഞ്ഞ കുഞ്ഞ് ഇമ്രാൻ നാടിൻ്റെ മുഴുവൻ വേദനയാണ്. കുഞ്ഞിൻ്റെ ചികിത്സ ആവശ്യത്തിന് സഹായ സമിതി സ്വരൂപിച്ചത് 16.60 കോടി രൂപയാണ്. ഈ ഫണ്ടിൽ ഒരു ഭാഗം ഉപയോഗിച്ച് മങ്കട ഗവ. ആശുപത്രിയിൽ ഇമ്രാന്റെ പേരിൽ കെട്ടിടം പണിയാനും ബാക്കി തുക ഇതേ അസുഖ ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റി വെക്കാനുമായിരുന്നു ജനകീയ സമിതിയുടെ തീരുമാനം. എന്നാൽ ഫണ്ട് സർക്കാരിന് കൈമാറാനായിരുന്നു ഹൈക്കോടതി നിർദ്ദേശം.
ഇതേ അസുഖമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട ചികിത്സക്കായി സർക്കാർ ഈ ഫണ്ട് ഉപയോഗിക്കാനും കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് സമാഹരിച്ച 16.60 കോടി രൂപയും അതിൻ്റെ പലിശ ഇനത്തിൽ ലഭിച്ച 43 ലക്ഷത്തിലധികം രൂപയും ചേർത്ത് 17.04 കോടി രൂപ കൈമാറിയത്. ഇതേപ്പറ്റി മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു:
"മങ്കട നിയമസഭാ മണ്ഡലത്തില്‍പ്പെട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരില്‍ എസ്എം എ (Spinal Muscular Atrophy ) രോഗം ബാധിച്ച ആരിഫ് എന്ന കുട്ടിയുടെ ചികില്‍സക്ക് 18 കോടി രൂപ ആവശ്യമായി വന്നു. ആ സമയത്ത് അവരുടെ ആവശ്യപ്രകാരം ജനകീയമായി ഫണ്ട് പിരിച്ചെടുത്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. 16.60 കോടി രൂപയോളം അന്ന് എക്കൗണ്ടിലൂടെ ലഭിച്ചു. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി കുട്ടിയുടെ മരണം. ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ രക്ഷിതാക്കള്‍ വാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ലഭിച്ച ഫണ്ടില്‍നിന്ന് ഒരു പൈസയും എടുത്തിട്ടുണ്ടായിരുന്നില്ല. 18 കോടി രൂപ ചിലവ് വരുന്ന ഒരു മെഡിസിന് അമേരിക്കയില്‍നിന്ന് വരുത്തി നല്കിയാല് രക്ഷപ്പെടുത്താനാവുമെന്നായിരുന്നു നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. തുടര്‍ന്ന് ഇതേ രോഗം ബാധിച്ച മറ്റുചില ആളുകളുടെ ബന്ധുക്കള്‍ ഈ പണം ഇതേ ആവശ്യത്തിന് മറ്റ് രോഗികള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കണ്ണൂരില്‍ ഇതേ ആവശ്യത്തിനുവേണ്ടി പിരിച്ചെടുത്ത തുകയിലും വലിയ സംഖ്യ ബാക്കിവന്നിരുന്നു. അപ്പോഴും ഇതേ ആവശ്യം ഉയര്‍ന്നു. എന്തായാലും ഈ തുക സര്‍ക്കാരിലേക്ക് നല്‍കണമെന്ന നിര്‍ദേശമാണ് കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍നിന്ന് കത്തു ലഭിച്ചു. എക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശ ഇനിത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപയാണ് ഇന്നുവരെ ആകെയുണ്ടായിരുന്നത്. കോടതിയുടെ നിര്‍ദേശവും സര്‍ക്കാരിന്റെ ആവശ്യവും കണക്കിലെടുത്ത് ഈ തുക ഞങ്ങള്‍ സര്‍ക്കാര്‍ എക്കൗണ്ടിലേക്ക് അല്‍പ്പം മുമ്പ് കൈമാറി.
ഇതിനായി കുറെയധികം ആളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ധാരാളം ആളുകള്‍ സഹായം നല്‍കിയിട്ടുണ്ട്. അനേകം പേര് കൂടെനിന്നിട്ടുമുണ്ട്. ഇതേ രോഗം മൂലം ദുരിതത്തിലായ കുട്ടികളുടെ ചികില്‍സയ്ക്ക് ഈ പണം ഉപയോഗപ്പെടുത്തണമെന്നായിരുന്നു നമ്മുടെ ആഗ്രഹം. എന്നാല്‍ വിധി അതിന് അനുകൂലമായില്ല. സര്‍ക്കാര്‍ ഖജനാവിലേക്ക് ഇത് നല്‍കരുതെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദേശമുള്ളപ്പോള്‍ മറ്റുവഴികളില്ല. സംഖ്യയും പലിശയും ചേര്‍ത്താണ് സര്‍ക്കാരിന് അടയ്ക്കുന്നത്. ഇതില്‍നിന്ന് ഒരു രൂപപോലും ആരും ഒരാവശ്യത്തിനും എടുത്തിട്ടില്ല. അന്നത്തെ സാഹചര്യത്തില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ മനസ്സറിഞ്ഞ് സഹായം നല്കിയ നിങ്ങളെ എല്ലാവരെയും ഇത് ബോധിപ്പിക്കേണ്ടത് എന്റെ കടമയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് വിശദീകരിച്ച് എഴുതുന്നത.് സഹായിച്ച എല്ലാവര്ക്കും നന്ദി. നിങ്ങളുടെ എല്ലാവരുടെയും വലിയ മനസ്സിനെ എന്തു വാക്കുപയോഗിച്ചാണ് കടപ്പാട് കാണിക്കേണ്ടത് എന്നെനിക്കറിയില്ല. നമ്മള് ഉദ്ദേശിച്ച ആവശ്യത്തിന് അത് ഉപയോഗിക്കേണ്ട അവസരമില്ലാതെ പോയി. നിങ്ങളുടെ സന്മനസ്സിന് ദൈവം തക്കതായ പ്രതിഫലം നല്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നന്ദി."
ഈ തുകയിൽ നിന്നും കുഞ്ഞിൻ്റെ ചികിത്സക്ക് ആവശ്യമായ സംഖ്യ എടുക്കാൻ ഇമ്രാൻ്റെ പിതാവ് ആരിഫിന് കോടതി അനുവാദം നൽകിയിരുന്നു എങ്കിലും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിലാണ് കോഴിക്കോട് മാതൃ ശിശു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറ് മാസം പ്രായമുള്ള ഇമ്രാൻ മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.