ഇടുക്കി: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്താനെത്തിയ യുവ എഞ്ചിനിയർ മുങ്ങി മരിച്ചു. നെടുമ്പാശ്ശേരി ‘എയർ വർക്സ് ഇന്ത്യ’യിലെ എയർക്രാഫ്റ്റിങ് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിന്റെ മകൻ ഓംകാറാണ് (23) മരിച്ചത്. ഓംകാർ കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൂട്ടുകാർക്കൊപ്പം നെടുമ്പാശ്ശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ 30 അടിയോളം ആഴമുള്ള എരയറ്റംകുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഓംകാർ മുങ്ങിത്താഴുന്നത് കണ്ട് ബഹളം വെച്ചതോടെ സമീപവാസികൾ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല. ഇതോടെ അങ്കമാലിയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
ഗൂഗിൾമാപ്പ് നോക്കിയാണ് മൂന്ന് പേർ ഉൾപ്പെടുന്ന സംഘം കുളിക്കാനായി കുളത്തിലെത്തിയത്. സ്ഥാലത്തെത്തിയ ചെങ്ങമനാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.