• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ഇടുക്കിയിൽ പെട്ടി ഓട്ടോറിക്ഷയിടിച്ച് വൃദ്ധന് ദാരുണാന്ത്യം

Accident | ഇടുക്കിയിൽ പെട്ടി ഓട്ടോറിക്ഷയിടിച്ച് വൃദ്ധന് ദാരുണാന്ത്യം

അമിത വേഗത്തിൽ വന്ന പെട്ടി ഓട്ടോറിക്ഷ മുൻപിൽ പാർക്കു ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ഇടുക്കി: ചെറുതോണിയിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ വൃദ്ധന് ദാരുണാന്ത്യം. കൊച്ചു പൈനാവ് സ്വദേശി കിഴക്കേ അരവിന്ദത്ത് ഔസേപ്പ് (80) ആണ് മരിച്ചത്. ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിന് സമീപത്ത് വച്ച് അമിത വേഗത്തിൽ വന്ന പെട്ടി ഓട്ടോറിക്ഷ മുൻപിൽ പാർക്കു ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക് വന്നിടിച്ച് ഔസേപ്പ് തെറിച്ചു വീഴുകയും സമീപത്തേ വൈദ്യുതി തൂണിൽ തല ഇടിച്ച് തൽക്ഷണ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബൈക്കിൽ കയറാൻ ശ്രമിച്ച സായുധസേന ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ സുനിലിന്റെ ബൈക്കിലാണ് ഓട്ടോ റിക്ഷ ഇടിച്ചത്. അപകടത്തിൽ കാലിന് പരിക്കേറ്റ സുനിലിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടം ഉണ്ടായ ഉടൻ പെട്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഡ്രൈവർ ഓടിരക്ഷപെട്ടു. ഇയാളുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞാർ സ്വദേശി നാസ്സർ ആണ് പെട്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്നത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഔസേപ്പിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി. ബസും (KSRTC Bus) ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) സഞ്ചരിച്ച വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്. പെരുവന്താനം മുറിഞ്ഞപുഴ വളഞ്ഞങ്ങാനത്തിനു സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read- ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അമിത വേഗത്തിൽ വളവു തിരിഞ്ഞ് വരികയായിരുന്ന മിനി ബസ് കട്ടപ്പനയിലേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടു അയ്യപ്പ ഭക്തന്മാർ മരണമടഞ്ഞിരുന്നു.

ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

ദേശീയപാത 183ൽ മുണ്ടക്കയത്തിനും പീരുമേടിനുമിടയിലുണ്ടായ വാഹനാപകടത്തിൽ (Road Accident) രണ്ട് ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ആന്ധ്രായിൽ നിന്നുള്ള തീർത്ഥാടക സംഘത്തിനാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44) ഈശ്വരപ്പ (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ വാനിൽ കാറിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് റോഡിൽനിന്ന് സംസാരിക്കുന്നതിനിടെ പുറകിൽ നിന്നും അമിത വേഗത്തിൽ വന്ന ബസ് ടെമ്പോവാനിൽ വന്നിടിച്ചാണ് വീണ്ടും അപകടം ഉണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ നിന്ന രണ്ട് അയ്യപ്പഭക്തരുടെ ദേഹത്തേക്ക് ടെമ്പോ വാൻ പാഞ്ഞു കയറുകയായിരുന്നു.
Published by:Anuraj GR
First published: