തിരുവനന്തപുരം: സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ മലയാറ്റൂർ മലകയറ്റത്തിനെതിരെ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ വിമർശനം. മലകയറ്റം പരിഹാസ്യമായെന്നും ക്രൈസ്തവരെ ഒപ്പം നിർത്താൻ അവരുടെ ആചാരങ്ങളിൽ കയറി ഇടപെടുകയല്ല വേണ്ടതെന്നുമാണ് വിമർശനം. അവരുടെ വിശ്വാസമാര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ക്രൈസ്തവപുരോഹിതന്മാരെ കാണാൻ എല്ലാവരും കൂടി പേകേണ്ടെന്നും ചുമതലപ്പെടുത്തുന്നവർ മാത്രം പോയാൽ മതിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളിൽ സമ്പർക്കം നടത്താനും ആഹ്വാനമുണ്ട്.
ശോഭാ സുരേന്ദ്രനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. കാള പെറ്റെന്ന് കേൾക്കുമ്പോൾ തന്നെ ചിലർ കയറെടുക്കുന്നെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരോക്ഷവിമർശനമുയർത്തി.
Also Read- സുരക്ഷിതമായി എങ്ങനെ മലകയറാം? ഇടയ്ക്ക് വെച്ച് മടങ്ങേണ്ടി വന്നാൽ എന്ത് ചെയ്യണം?
മാധ്യമങ്ങളുടെ വാക്കു കേട്ട് ചിലർ നേതൃത്വത്തിനെതിരെ പ്രതികരണം നടത്തുന്നുവെന്ന് പ്രകാശ് ജാവദേക്കറും കുറ്റപ്പെടുത്തി. തെറ്റായ വാര്‍ത്തകളില്‍ പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ല. പ്രതികരണം നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടി പറയാനുള്ളത് പാർട്ടി തന്നെ പറയും. അതിന് ചുമതലപ്പെടുത്തിയവരുണ്ട്. അവർ പറഞ്ഞാൽ മതി. പാർട്ടി അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ല. നോക്കിയും കണ്ടും നിന്നാൽ എല്ലാവർക്കും നല്ലതെന്നും കെ.സുരേന്ദ്രൻ താകീത് ചെയ്തു.
ബിജെപി കോര്‍ കമ്മിറ്റി പുനസംഘടിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രകാശ് ജാവദേക്കർ നിഷേധിച്ചിരുന്നു. എന്നാൽ വാർത്ത പുറത്തു വന്നതിനു പിന്നാലെ ശോഭാ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. ഇതിനു ശേഷമാണ് വാർത്തയിൽ വാസ്തവമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.