തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെതിരേ നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ. പത്തനാപുരത്ത് 2016ൽ ആരംഭിച്ചതുൾപ്പെടെ നാലു റോഡുകളുടെ പണി പൂർത്തിയാട്ടില്ലെന്ന് കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. മിടുക്കരായ ഉദ്യോഗസ്ഥർ ഉള്ളപ്പോൾ പൊതുമരാമത്ത് വകുപ്പിൽ എന്തിന് കൺസൾട്ടന്റുമാരെെന്നും ഗണേഷ് ചോദിച്ചു. ഗണേഷിന് പിന്തുണയുമായി സിപിഎം എംഎൽഎ എ.എൻ.ഷംസീറും രംഗത്തെത്തി.
പദ്ധതികൾ വേഗത്തിലാക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞെന്നു പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്തിനേയും കിഫ്ബിയേയും രണ്ടാക്കാൻ ശ്രമം നടക്കുന്നെന്നും ആരോപിച്ചു.
ആരേയും കുറ്റപ്പെടുത്താനല്ലെന്നും സർക്കാരിന്റെ അഭിമാനമായ കിഫ്ബിയിലെ പോരായ്മകൾ ചൂണ്ടാക്കാട്ടാനാണെന്നും പറഞ്ഞാണ് ഗണേഷ് കുമാർ മെല്ലെപ്പോക്കിനെതിരേ ആഞ്ഞടിച്ചത്. 2016-17ൽ ആരംഭിച്ച റോഡുകൾ പൂർത്തിയായിട്ടില്ല. കിഫ്ബി പദ്ധതികളിൽ കാലതാമസം ഉണ്ടാകുന്നു. റീ ഷെഡ്യൂൾ ചെയ്ത് ടെൻഡർ മാറ്റിയതാണ് കാരണമായി പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം റോഡു പണി നിർത്തിവയ്ക്കാൻ കിഫ്ബി സ്റ്റോപ്പ് മെമ്മോ കൊടുത്തു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞായിരുന്നു സ്റ്റോപ്പ് മെമ്മോ. കിഫ്ബിക്ക് ഇതിന് എന്തധികാരം എന്നും ഗണേഷ് കുമാർ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പിലെ കൺസൾട്ടൻസി സംവിധാനത്തിനെതിരേയും ഗണേഷ് കുമാർ രംഗത്തെത്തി. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന മിടുക്കന്മാരായ എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടൻ്റുമാരെ കൊണ്ടുവരുന്നെന്ന് ഗണേഷ് കുമാർ ചോദിച്ചു.
വലിയൊരു ശതമാനം തുക കൺസൾട്ടൻ്റുമാർ കൊണ്ടുപോകുകയാണ്. കിഫ് ബി കൺസൾട്ടൻ്റുമാർക്ക് എത്ര തുക കൊടുത്തു എന്നും പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവേയർമാരുടെ പ്രശ്നം പൊതുവിൽ ഉള്ളതാണെന്നും ഗണേഷ്കുമാർ പറഞ്ഞത് പൊതുവികാരമായി കാണമെന്നും എ.എൻ.ഷംസീറും ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിലും പല പദ്ധതികളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്നുണ്ട്. കിഫ്ബി ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് പൊതുമരാമത്ത് വകുപ്പിനാണെന്ന കാര്യം നാം മറക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കിഫ്ബി ഫണ്ട് കൊണ്ട് പൂര്‍ത്തിയാക്കിയ കാര്യവും ഓര്‍മ്മപ്പെടുത്തുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം കോടിയോളം രൂപ ചെലവഴിക്കപ്പെട്ട മുപ്പതോളം പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച് നാടിന് സമ്മാനിച്ചിട്ടുണ്ട്. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവൃത്തികളാണ് അവാര്‍ഡ് ചെയ്യുകയോ, പുരോഗമിക്കുകയോ ചെയ്യുന്നത്. 419 റോഡുകൾ, 125 പാലങ്ങൾ തുടങ്ങി 22,859 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാത്രം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ആ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ വകുപ്പിനുള്ളത്.
പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാനായി ചില നിബന്ധനകള്‍ കിഫ്ബി മുന്നോട്ടു വെച്ചിട്ടുണ്ട്. നേരത്തെ തന്നെ ഉള്ള നിബന്ധനകളാണ് ഇവ. റോഡിന് നിശ്ചിത വീതി ഉറപ്പാക്കുന്നതാണ് പ്രധാനം . ഉദാഹരണത്തിന് പത്ത് മീറ്ററാണ് വീതി നിഷ്ക്കര്ഷിക്കുന്നതെങ്കില് ഏഴ് മീറ്റര്‍ റോഡ്, ഇരുഭാഗത്തും നടപ്പാത എന്ന നിലയിലാണ് തീരുമാനിച്ചത്. കിഫ്ബി റോഡുകളില്‍ നിശ്ചിത വീതി ഉറപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് അതാണ്.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം വകുപ്പിലെ കിഫ്ബി പ്രവൃത്തികളെ സംബന്ധിച്ച് ഒന്നിലേറെ തവണ ചർച്ച നടത്തിയിരുന്നു. കിഫ്ബിയിലേയും പൊതുമരാമത്ത് വകുപ്പിലേയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ചര്‍ച്ചകൾ നടന്നത്. പ്രധാന പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ജൂലൈ 27 ന് ചേർന്ന യോഗത്തിൽ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നും മന്ത്രി പറഞ്ഞു.
മറ്റൊരുകാര്യം നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച പാടില്ല എന്നത് സര്‍ക്കാരിന്റെ പൊതു നയമാണ്. അത് പാലിക്കപ്പെടാത്ത ചില ഇടങ്ങളില്‍ പ്രവൃത്തി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അങ്ങനെ നിര്‍ത്തി വെക്കപ്പെട്ട ഇടങ്ങളില്‍ ന്യൂനത പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഫ്ബിയും കെആർഎഫ്ബിയും അത്തരം പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.
ഇനി ന്യൂനതകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം അത് പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കും, നിയമാനുസൃതമായ നോട്ടീസ് നൽകും. എന്നിട്ടും പരിഹരിക്കുന്നില്ലെങ്കില്‍ മാത്രമാകും മറ്റു നടപടികളിലേക്ക് കടക്കുക. എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. അത്തരത്തില്‍ തെറ്റായ രീതിയില്‍ പോയാല്‍ കര്‍ശന നടപടിയും ഉണ്ടാകും.
പി.ഡബ്ല്യു.ഡിയും കിഫ്ബിയും ഈ സര്‍ക്കാരിന്റെ അഭിമാനസ്തംഭങ്ങളായ രണ്ട് സംവിധാനങ്ങളാണ്. അവ രണ്ടും ഒരേ തലത്തിലാണ് സഞ്ചരിക്കുന്നത്. ഒന്നിച്ച് പോകാനാണ് ഈ രണ്ടര മാസവും ശ്രമിച്ചത്. ഇതിനെ രണ്ടായി മാറ്റി തീര്‍ത്ത് രണ്ടു രീതിയിലാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. ബഹുമാനപ്പെട്ട അംഗം വളരെ പോസറ്റീവായാണ് കാര്യങ്ങൾ സൂചിപ്പിച്ചത്. എന്നാൽ സമീപകാലത്തെ ചില വാർത്തകൾ അത്തരമൊരു ശ്രമത്തിൻ്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടി വരും. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കിഫ്ബിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നിന്നാണ് നേരത്തെ ചൂണ്ടിക്കാട്ടിയ പല പ്രവൃത്തികളും പൂര്‍ത്തിയാക്കിയത്.
പരസ്പരം സഹായിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഒന്നിച്ചു പോകും. അതിനുള്ള സ്ഥിരം സംവിധാനം നിലവിൽ വരുത്താൻ ഓഗസ്ത് നാലിന് കിഫ്ബി സി ഇ ഒ അടക്കമുള്ളവര്‍ പങ്കെടുത്ത നടത്തിയ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ പിഡബ്ല്യുഡി -കിഫ്ബി ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗം ചേരും. പ്രവൃത്തി പൂർത്തിയാക്കാൻ പറ്റാത്ത ഇടങ്ങളിലെ കാര്യങ്ങൾ ഈ യോഗങ്ങളിൽ പ്രത്യേകമായി പരിശോധിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യും. എംഎൽഎമാർ ഉന്നയിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യുമെന്നും റിയാസ് വ്യക്തമാക്കി.
കൂടുതൽ സർവേയർമാരെ നിയോഗിക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ റവന്യൂമന്ത്രി കെ. രാജൻ ചോദ്യം ചെയ്തു. സർവേ ഉദ്യോഗസ്ഥരെ സ്വതന്ത്ര സംവിധാനത്തിലേക്ക് നൽകാൻ കഴിയില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞു. താൻ പറഞ്ഞത് റവന്യൂമന്ത്രി ശരിയായി മനസ്സിലാക്കാത്തതാണെന്നും റവന്യൂവകുപ്പുമായി ബന്ധപ്പെട്ടുതന്നെ സർവേയർമാരെ എടുക്കണമെന്നാണ് പറഞ്ഞതെന്നും മുഹമ്മദ് റിയാസ് വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.