വര്‍ഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുന്നതെന്ന് അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. സഭാ-സമുദായ നേതൃത്വത്തണലില്‍ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു.
തുടക്കത്തില്‍ മുന്നണികള്‍ വോട്ടു ചോദിച്ചു തുടങ്ങിയത് വികസനം പറഞ്ഞായിരുന്നെങ്കിലും, അധികം വൈകാതെ വര്‍ഗ്ഗീയ ധ്രുവീകരണ പ്രചാരണ പരിപാടികള്‍ക്ക് തൃക്കാക്കര സാക്ഷ്യം വഹിച്ചെന്നും സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.
വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദര്‍ശനത്തിനു നിയോഗിക്കുന്നതുവരെ വര്‍ഗ്ഗീയത അതിന്റെ സര്‍വ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേതെന്നും സത്യദീപം വിലയിരുത്തുന്നു.
ഇടതു നിയമ സഭാ സമാജികരുടെ എണ്ണം നൂറക്കത്തിലെത്തിച്ച് സെഞ്ചുറിയടിക്കുന്ന ക്യാപ്റ്റനായി പിണറായിയെ വാഴ്ത്തിയുറപ്പിക്കാമെന്ന 'വിജയ' പ്രതീക്ഷയാണ് ഉമാതോമസിന്റെ ഉജ്ജ്വലവിജയം ഇല്ലാതാക്കിയതെന്നും മുഖംപ്രസംഗത്തില്‍ പറയുന്നു.
സത്യദീപം മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
തൃക്കാക്കര യുഡിഎഫ് നിലനിര്‍ത്തിയെന്ന മട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ലളിതവല്‍ക്കരിക്കുക അസാധ്യമാകത്തക്കവിധം അസാധാരണമായ പ്രചാരണ കോലാഹലങ്ങളും, അവിചാരിതമായ അടിയൊഴുക്കുകളും നിര്‍ണ്ണായകമാക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ ആധികാരിക വിജയം.
ഭരണത്തുടര്‍ച്ചയുടെ വാര്‍ഷിക വേളയില്‍, സര്‍ക്കാരിന്റെ വികസന നയങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് ഫലം മാറിത്തീരാമെന്ന ആശങ്കയില്‍ സര്‍വ്വസജ്ജമായ സര്‍ക്കാര്‍ സംവിധാനമാണ് ഇടതുക്യാമ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണയായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണച്ചുമതല ഏറ്റെടുത്തു. മന്ത്രിമാരുടെ അപ്രതീക്ഷിത ഭവന സന്ദര്‍ശനങ്ങള്‍ തൃക്കാക്കരയ്ക്ക് മാത്രമല്ല തെരഞ്ഞെടുപ്പ് കേരളത്തിനു പോലും പുതുമയുടെ അനുഭവമായി. ഇടതു നിയമ സഭാ സമാജികരുടെ എണ്ണം നൂറക്കത്തിലെത്തിച്ച് സെഞ്ചുറിയടിക്കുന്ന ക്യാപ്റ്റനായി പിണറായിയെ വാഴ്ത്തിയുറപ്പിക്കാമെന്ന 'വിജയ' പ്രതീക്ഷയാണ് ഉമാതോമസിന്റെ ഉജ്ജ്വലവിജയം ഇല്ലാതാക്കിയത്.
തുടക്കത്തില്‍ മുന്നണികള്‍ വോട്ടു ചോദിച്ചു തുടങ്ങിയത് വികസനം പറഞ്ഞായിരുന്നെങ്കിലും, അധികം വൈകാതെ വര്‍ഗ്ഗീയ ധ്രുവീകരണ പ്രചാരണ പരിപാടികള്‍ക്ക് തൃക്കാക്കര സാക്ഷ്യം വഹിച്ചു. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദര്‍ശനത്തിനു നിയോഗിക്കുവോളം വര്‍ഗ്ഗീയത അതിന്റെ സര്‍വ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷന് എന്‍ജിനീയറിംഗ് എന്നു വിളിക്കരുത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വര്‍ഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാല്‍ പിസി ജോര്‍ജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്‍കിയത്.
തെരഞ്ഞെടുപ്പിന്റെ 'അസുലഭാവസര'ത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ മുനവെച്ച പ്രയോഗത്തിന് മറുപടിയായി വന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ 'നായ' പ്രയോഗമുള്‍പ്പടെ വ്യക്തിയധിക്ഷേപത്തിന്റെ പരിധികള്‍ ലംഘിച്ച തെരഞ്ഞെടുപ്പു യുദ്ധത്തില്‍, അശ്ലീല വീഡിയോ പോലും പ്രചാരണായുധമായി ഉപയോഗിക്കെപ്പട്ടുവെന്നറിയുമ്പോഴാണ്, നവോത്ഥാന കേരളത്തിന്റെ നിലവാരത്തകര്ച്ചാനുഭവം പൂര്‍ണ്ണമാകുന്നത്.
ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രചാരണ വേളയിലെവിടെയും മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി പറഞ്ഞിെല്ലങ്കിലും ജനം പറഞ്ഞു, ഉമയ്ക്ക് ഗംഭീരവിജയം നല്കി അതുറക്കെത്തന്നെപ്പറഞ്ഞു. ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികള്‍ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശനിര്‍ണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടര്‍ച്ചയെന്ന മട്ടില്‍ ഈ ജനസ്വരത്തെ അവഗണിച്ച് അധികം മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിന് എളുപ്പമാകില്ല. തുടര്‍ഭരണാനുമതി, തോന്നിയതുപോലെ പോകാനുള്ള അ നുവാദമല്ലെന്ന സന്ദേശവുമായിട്ടാകും ഉമയുടെ 'സഭാ'പ്രവേശനം.
ദേശീയ സംസ്ഥാന തലങ്ങളില്‍ തലയെടുപ്പുള്ള നേതാക്കള്‍ പാര്‍ട്ടിവിടുന്ന പശ്ചാത്തലത്തില്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ്സിനു നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃതലത്തില്‍ നടന്ന അഴിച്ചുപണിയെ ശരിവയ്ക്കുന്ന വിധത്തില്‍, പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതി നേടിയ 'ഉമാവിജയം' പ്രതിപക്ഷത്തിന് പുതിയ ഉണര്‍വ്വാകുമെന്നുറപ്പാണ്. വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് വി.ഡി. സതീശന് പറയുന്നിടത്ത് കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയുണ്ട്.
വര്‍ഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലില്‍ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂര്‍ണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാല്‍ അത് ആധികാരികവുമാണ്. മതാവലംബ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം അവര്‍ക്കൊക്കെ തെരുവില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന, സെക്യൂലറിസം പാര്‍ട്ടി ഭറണഘടനയില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് മതേതര കേരളം തോല്‍ക്കാതിരിക്കുന്നത് എന്ന രാ ഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാകണം. പാര്‍ട്ടിയും മതവും ഒന്നാകുന്നതിന്റെ ആപല്‍സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഓശാന ഞായറില്‍ 'പാര്‍ട്ടി പോലീസ്' പള്ളിയിലെത്തിയത് വിശ്വാസികള്‍ പ്രശ്നമാക്കുകയും ചെയ്തു.
പ്രബുദ്ധ കേരളത്തില്‍ പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച് തൃക്കാക്കരയില്‍. തെരഞ്ഞെടുത്ത് വിട്ടവര്‍ തന്നെ 'തിരിച്ചുവിളിക്കുന്ന' വിധവും രീതിയുമാണ് ഉപതെരഞ്ഞെടുപ്പുകള്‍. അത് തിരിച്ചറിഞ്ഞ് തിരുത്തിയാല്‍ നന്ന്. തിരിച്ചടി തിരിച്ചറിവാകണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.