• HOME
  • »
  • NEWS
  • »
  • kerala
  • »
  • അങ്കണവാടി ഇടിഞ്ഞു വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; കുട്ടിക്ക് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും, 1 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി

അങ്കണവാടി ഇടിഞ്ഞു വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; കുട്ടിക്ക് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും, 1 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി

എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സിഡിപിഒമാര്‍ക്കും നിര്‍ദേശം നല്‍കി

  • Share this:
    കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

    മന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.

    കൂടാതെ  സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സിഡിപിഒമാര്‍ക്കും നിര്‍ദേശം നല്‍കി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികള്‍ മാറ്റി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

    Also Read- അങ്കണവാടി ഇടിഞ്ഞു വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം; വീഴ്ച ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ കളക്ടർ

    കോട്ടയം വൈക്കം പോളശ്ശേരി കായിക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണ സമയത്ത്  കല്ലു തെറിച്ചു വീണ് കായിക്കര പനയ്ത്തറ അജേഷിന്റ മകൻ ഗൗതമിന് (മൂന്ന് വയസ്സ്) മൂക്കിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന്  വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. അതിനുശേഷമാണ് മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    രാവിലെ 11ഓടെയാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം കുട്ടികൾ ഉള്ള അങ്കണവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് കഴിഞ്ഞ ദിവസം എത്തിയത്. കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിനോടു ചേർന്നുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഇവിടെ അങ്കണവാടി പ്രവർത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്. കാലിനാണ് കാര്യമായി പരിക്കേറ്റതെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി. മറ്റ് ആന്തരാവയവങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പരിക്ക് ഉണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.

    അപകടം നടന്ന സംഭവത്തിൽ കോട്ടയം ജില്ലാ കളക്ടർ നടപടി ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട്‌ ആവശ്യപെട്ടതായി  കളക്ടർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ICDS ജില്ലാ പ്രോഗ്രാം ഓഫീസർക്കാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്.

    ജില്ലയിലെ അങ്കണവാടികളുടെ സുരക്ഷ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഒരു മാസം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു എന്ന് കളക്ടർ പറയുന്നു. പക്ഷെ ICDS ഇത് നൽകിയിരുന്നില്ല. അപകടം ഉണ്ടായ കെട്ടിടം പ്രവർത്തിച്ചത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിലായിരുന്നു എന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. എന്നിട്ടും എങ്ങനെ അപകടം ഉണ്ടായി എന്നതിൽ ദുരൂഹതയുണ്ട്.
    Published by:Arun krishna
    First published: