• HOME
  • »
  • NEWS
  • »
  • kerala
  • »
  • പേപിടിച്ച നായയെ വെടിവെച്ചുകൊല്ലാൻ നിർദേശം നൽകി; പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ മൃഗസ്നേഹികൾ

പേപിടിച്ച നായയെ വെടിവെച്ചുകൊല്ലാൻ നിർദേശം നൽകി; പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ മൃഗസ്നേഹികൾ

വീട്ടില്‍ വളര്‍ത്തുന്ന ജാക്ക്, ജൂലി എന്നീ നായകളുടെ ഫോട്ടോ സഹിതമാണ് പ്രസിഡന്റ് സാമൂഹികമാധ്യമത്തില്‍ വിമർശനങ്ങൾക്ക് മറുപടി നല്‍കിയത്

  • Share this:
    കോഴിക്കോട്: പേപിടിച്ച നായയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയതിന് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റാണ് വിവാദത്തിലായത്. സാമൂഹികമാധ്യമത്തില്‍ മൃഗസ്‌നേഹികളുടെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ രംഗത്തെത്തി. വീട്ടില്‍ വളര്‍ത്തുന്ന ജാക്ക്, ജൂലി എന്നീ നായകളുടെ ഫോട്ടോ സഹിതമാണ് പ്രസിഡന്റ് സാമൂഹികമാധ്യമത്തില്‍ ഇതിനുള്ള മറുപടി നല്‍കിയത്. 'വര്‍ഷങ്ങളായി വീട്ടില്‍ നായകളെ വളര്‍ത്തുന്നുണ്ട്. മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ എവിടെ നിന്നോ കൊണ്ടുവന്നവ. വീട്ടിലെ ഒരംഗത്തെ പോലെ കഴിയുന്നവയാണവ'- കെ സുനിൽ കുറിച്ചു.

    'നാടിന്റെ സുരക്ഷ മുന്‍നിര്‍ത്തി നിയമപരമായ വഴിയില്‍ പേ പിടിച്ച ഒരു തെരുവുനായയെ കൊല്ലേണ്ടി വന്നപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വലിയ തോതില്‍ വിമർശനം നേരിട്ടു. ജനപ്രതിനിധി എന്ന നിലയില്‍ നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാനാണ് നായയെ കൊല്ലേണ്ടി വന്നത്'- കെ സുനിൽ കുറിച്ചു.

    കുടുംബപരമായി തലമുറകളായി മൃഗങ്ങളെ പരിപാലിച്ചു ജീവിച്ചു പോരുന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍ സാമൂഹികമാധ്യമത്തിലെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുനിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സാമൂഹികമാധ്യമത്തില്‍ മാത്രമുള്ള മൃഗസ്‌നേഹമല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read- 'ഇവർ കുടുംബാം​ഗങ്ങൾ'; മൂന്നു പൂച്ചകളുമായി ഉലകം ചുറ്റുന്ന വക്കീലും ഭാര്യയും

    ചക്കിട്ടപാറ നരിനട ഭാഗത്ത് ശല്യമായി മാറിയ നായയെയാണ് കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം തോക്ക് ലൈസന്‍സുള്ളയാള്‍ വെടിവെച്ചുകൊന്നത്. ഇതിനെതിരേ പോലീസിലുള്‍പ്പടെ പരാതിയുമായി മൃഗസ്‌നേഹികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഇതില്‍ പോലീസ് പ്രസിഡന്റിന്റെ ഉള്‍പ്പടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. വിമർശനം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡന്‍റ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
    Published by:Anuraj GR
    First published: