കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തം കൊച്ചി നഗരസഭയ്ക്ക് തലവേദനയാകുന്നു. ഇന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമായെങ്കിലും പൂർണമായും കെടുത്താനായിട്ടില്ല. തീപിടുത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു.
മുമ്പുണ്ടായതുപോലെ ഇപ്പോഴും തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചക്ക് മൂന്നുമണിയോടെ പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് ഉയർന്ന തീ, കാറ്റ് ശക്തമായതിനാൽ നിമിഷക്കൾക്കകം തീ ആളിപ്പടർന്നു. പിന്നെ അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്ലാന്റിൽ വലിയ തീപിടുത്തം ഉണ്ടായിരുന്നു. അന്ന് സ്വീകരിച്ച മുൻ കരുതലുകളാണ് ഇപ്പോൾ കുറേയെങ്കിലും സഹായകരമായത്. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ അതിന്റെ പരിധിക്കു പുറത്തു നിന്നുമാണ് ഇക്കുറി തീ പടർന്നത്.
വലിയ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം ഇളക്കിയിട്ട് തീ പൂർണമായും അണക്കാനുള്ള ശ്രമം വിജയം കണ്ടത് ആശ്വാസമായി. എന്നാൽ ബ്രഹ്മപുരത്തും പരിസര പ്രദേശത്തും അന്തരീക്ഷത്തിൽ പുക തങ്ങി നിൽക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.