കണ്ണൂര്‍: കൈക്കൂലിയും അഴിമതിയും കണ്ടെത്താൻ സർക്കാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന സാധാരണമാണ്. എന്നാൽ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ എത്തിയ വിജിലന്‍സ് സംഘത്തിന് അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരം. മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മോശമല്ലാത്ത വരുമാനമുണ്ടെങ്കിലും ബിവറേജസ് കോര്‍പറേഷൻ ജീവനക്കാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്ന വിവരമാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ചത്.
കൈക്കൂലിക്കാരെ കുടുക്കാൻ രണ്ടാഴ്ച മുൻപായിരുന്നു കണ്ണൂര്‍ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ജീവനക്കാരുടെ ബാഗുകളിൽ കൈയിട്ട വിജിലൻസ് ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചതിന് പകരം മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളാണ് കണ്ടെടുത്തത്. ഒരു സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സമാനമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.
രാവിലെ 9.30 മുതല്‍ രാത്രി 9 വരെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവര്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ തോത് ഭയാനകമാണെന്നാണ് കണ്ടെത്തൽ. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ച് സമ്മർദം കുറക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുത്തു.
ഇതിന് മുൻപൊന്നും ഇത്തരമൊരു സംഗമം കോര്‍പറേഷന്റെ നേതൃത്വത്തിൽ നടന്നിരുന്നില്ല. പ്രശ്നത്തിന് ഇത് പരിഹാരമാകില്ലെങ്കിലും കോര്‍പറേഷന്‍ അനുഭാവപൂര്‍വം വിഷയം പരിഗണിക്കുന്നുവെന്ന പ്രതീതിയുളവാക്കാന്‍ കുടുംബസംഗമത്തിന് സാധിച്ചുവെന്ന് തൊഴിലാളികളും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.