• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Fare |'എസ്എഫ്‌ഐയുമായി ഞാന്‍ സംസാരിച്ചോളാം; പ്രസ്താവന വളച്ചൊടിച്ചു'; കൺസഷൻ നിരക്ക് വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു

Bus Fare |'എസ്എഫ്‌ഐയുമായി ഞാന്‍ സംസാരിച്ചോളാം; പ്രസ്താവന വളച്ചൊടിച്ചു'; കൺസഷൻ നിരക്ക് വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു

കണ്‍സഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്.

  • Share this:
    വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ (Student's Concession Rates) നിരക്കുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju). വിഷയവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

    കണ്‍സഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. താൻ പറഞ്ഞതിൽ നിന്നും ചില ഭാഗങ്ങൾ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പറഞ്ഞതെന്തെന്ന് മുഴുവനായി കേട്ടാല്‍ കാര്യമെന്താണെന്നതിൽ വ്യക്തതയുണ്ടാകും. കണ്‍സഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    തിരുത്തൽ ആവശ്യമുള്ള കാര്യങ്ങളിൽ അവ നടത്തും. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും എസ്എഫ്‌ഐയുമായി താന്‍ സംസാരിച്ചോളാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    അതേസമയം, കെഎസ്‌യുവിന്റേത് രാഷ്ട്രിയ പ്രസ്താവനയാണെന്നും വിദ്യാര്‍ത്ഥികളുടെ കൺസഷൻ നിരക്കിൽ വർധനവ് കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നും മന്ത്രി പറഞ്ഞു. യാത്രാ ഇളവ് സംബന്ധിച്ച തീരുമാനം മുന്നണിയുമായി ചേർന്ന് ആലോചിക്കുമെന്നും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണയാത്രാ സൗജന്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     Also Read- 'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

    കൺസഷൻ നിരക്കുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഭരണ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. രണ്ടുരൂപയുടെ കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

    കണ്‍സഷനുമായി ബന്ധപ്പെട്ട മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്. എഫ്. ഐ. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും പത്രകുറിപ്പിൽ എസ്.എഫ്.ഐ വ്യക്തമാക്കി.

    Also Read- ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് ചാർജ് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു

    നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ വ്യക്തമാക്കി.

    ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ: കെ. എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

    മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത് പ്രതികരിച്ചു. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, വിദ്യാര്‍ഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാന്‍ കെ.എസ്.യു മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
    Published by:Naveen
    First published: