• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അവനുള്ള ഡിസ്മസിൽ അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ'; വിസ്മയയുടെ അച്ഛനോട് അന്ന് മന്ത്രി ആന്റണി രാജു പറഞ്ഞത്

'അവനുള്ള ഡിസ്മസിൽ അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ'; വിസ്മയയുടെ അച്ഛനോട് അന്ന് മന്ത്രി ആന്റണി രാജു പറഞ്ഞത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം വീട് സന്ദർശിച്ചിട്ടും മന്ത്രി ആന്റണി രാജു മാത്രം വിസ്മയയുടെ വീട്ടിൽ എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട്ടിൽ എത്താതിരുന്നത്. അവനെതിരെ നടപടി എടുത്തശേഷമേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം പറയുന്നു.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരോട് ആന്റണി രാജു പറഞ്ഞത് ഇങ്ങനെ- 'അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ'. ഇന്നാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്. ചരിത്രപരമായ നടപടി എന്നാണ് മന്ത്രി ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

    ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം വീട് സന്ദർശിച്ചിട്ടും മന്ത്രി ആന്റണി രാജു മാത്രം വിസ്മയയുടെ വീട്ടിൽ എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട്ടിൽ എത്താതിരുന്നത്. അവനെതിരെ നടപടി എടുത്തശേഷമേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം പറയുന്നു.

    Also Read- കിരൺകുമാറിന്റെ പിരിച്ചുവിടൽ; സ്ത്രീധന പീഡന കുറ്റവാളികളോട് യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

    വിസ്മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്താക്കിയ നടപടിയിൽ പൂർണ സംതൃപ്തിയിലാണ് വിസ്മയയുടെ കുടുംബം. വിസ്മയക്ക് നീതി കിട്ടിയെന്ന് സഹോദരൻ വിജിത്തും മന്ത്രി ആന്റമി രാജു തങ്ങളോടു പറഞ്ഞ വാക്കു പാലിച്ചെന്ന് അച്ഛൻ ത്രിവിക്രമൻ നായരും പ്രതികരിച്ചു. സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഉള്ളു നിറഞ്ഞ നന്ദി പറയുകയാണ് വിസ്മയയുടെ കുടുംബം.

    Also Read- വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു

    പുറത്താക്കിയ നടപടി വിസ്മയക്ക് നീതി കിട്ടിയതിന് തുല്യമാണെന്ന് കുടുംബം പ്രതികരിച്ചു. ഗതാഗതമന്ത്രി ആൻറണി രാജുവിനെ നേരിൽ കണ്ട് പരാതി പറയാൻ എത്തിയപ്പോൾ അദ്ദേഹം നൽകിയ വാക്കാണ് ഇപ്പോൾ പാലിച്ചത് എന്ന് അച്ഛൻ ത്രിവിക്രമൻ നായർ ന്യൂസ് 18 നോട് പറഞ്ഞു. കിരൺ കുറ്റക്കാരനാണെങ്കിൽ കിരണിനെ പുറത്താക്കിയ ഉത്തരവുമായി മാത്രമേ നിലമേലിലെ വീട്ടിലേക്ക് താൻ എത്തൂവെന്നായിരുന്നു ആന്റണി രാജു വീട്ടുകാർക്ക് നൽകിയ ഉറപ്പ്.

    Also Read- വിസ്മയ കേസില്‍ കിരണിന്റെ പിരിച്ചുവിടല്‍; സ്ത്രീ പീഡനക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് അപൂര്‍വം

    കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്‍റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കേരള സിവിൽ സർവ്വീസ് റൂൾ -1960 ചട്ടം 11.(8) പ്രകാരമാണ് നടപടി.

    കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യയുടെ മരണത്തിൽ ഭർത്താവിന്റെ ജോലി നഷ്ടമാകുന്നത്. വിസ്മയ മരിച്ചതിന് പിന്നാലെ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 65 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

    മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
    Published by:Rajesh V
    First published: