തിരുവനന്തപുരം: ആവശ്യക്കാർക്ക് കുടിവെള്ളം ഓൺലൈനിൽ ബുക്ക് ചെയ്യാനാകുന്ന സംവിധാനവുമായി തിരുവനന്തപുരം നഗരസഭ. സ്മാർട്ട് ട്രിവാൻഡ്രം പോർട്ടൽ വഴി അടുത്ത മാസം മുതലാണ് കുടിവെള്ളം ബുക്ക് ചെയ്യാനാകുക. കുടിവെള്ളം ഉൾപ്പടെ മറ്റ് ചില അവശ്യ സേവനങ്ങളും ഇത്തരത്തിൽ പോർട്ടൽ വഴി ബുക്ക് ചെയ്യാം. അടുത്ത നൂറു ദിവസത്തിനുള്ളിൽ നഗരസഭ നടപ്പാക്കുന്ന കർമ്മപദ്ധതികളുടെ ഭാഗമായാണ് മേയർ കെ. ശ്രീകുമാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കുടിവെള്ള വിതരണത്തിലും നഗരസഭ പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ജല അതോറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളം കോർപറേഷന്റെ ലൈസൻസുള്ള 94 ടാങ്കർ ലോറികളിൽ മാത്രമെ വിതരണം ചെയ്യാനാകു. ഇനി മുതൽ 24 മണിക്കൂറും കുടിവെള്ള വിതരണം ഉണ്ടാകും. ജല അതോറിറ്റിയിൽനിന്നുള്ള വെള്ളം മാത്രമായിരിക്കും ഇനി വിതരണം ചെയ്യുക. ഉപഭോക്താക്കൾക്കുള്ള കുടിവെള്ള വിതരണം നീല പെയിന്റ് അടിച്ച ടാങ്കറുകളിലും വ്യവസായ-കൃഷി ആവശ്യങ്ങൾക്കുള്ള വെള്ളം ബ്രൌൺ നിറത്തിലുള്ള ടാങ്കറുകളിലുമായിരിക്കും ഇനി മുതൽ വിതരണം.
കുടിവെള്ള വിതരണത്തിൽ ശുചിത്വത്തിന് മുൻഗണന നൽകും. ലോകാരോഗ്യസംഘനടയുടെ നിർദേശങ്ങൾ പാലിച്ചായിരിക്കും ഇനി മുതൽ കുടിവെള്ള വിതരണം. മൂന്നു മാസത്തിലൊരിക്കൽ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ അത്യാധുനിക സംവിധാനത്തോടെ ശുചീകരിക്കും. ടാങ്കറുകളുടെ ഓട്ടം ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യുമെന്നും മേയർ അറിയിച്ചു. കഴിഞ്ഞ ദിവസം അനധികൃതമായി തിരുവല്ലത്തുനിന്ന് മലിനജലം ശേഖരിച്ച് ടാങ്കറുകളിൽ വിതരണം ചെയ്തതിനെതിരെ നഗരസഭ നടപടിയെടുത്തിരുന്നു.
ഹോട്ടലുകളിൽനിന്ന് ഇറച്ചി മാലിന്യങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്ക്കരിക്കുന്നതിനുള്ള സംവിധാനവും നഗരസഭ ഒരുക്കിയതായി മേയർ വ്യക്തമാക്കി. ഇതിനായി നിശ്ചയിച്ചിട്ടുള്ള ഏജൻസി മുഖേനയാണ് ഹോട്ടലുകളിലും മറ്റുമെത്തി മാലിന്യം ശേഖരിക്കുക. മാലിന്യശേഖരണത്തിനും സംസ്ക്കരണത്തിനുമായി 19 സേവനദാതാക്കളെ സജ്ജമാക്കും. അജൈവ മാലിന്യശേഖരണത്തിനായി നാല് സേവനദാതാക്കളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.