news18
Updated: August 17, 2019, 9:55 PM IST
കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
- News18
- Last Updated:
August 17, 2019, 9:55 PM IST
കോഴഞ്ചേരി: പ്രളയബാധിതര്‍ക്ക് സഹായവുമായി ആറന്മുളവിമാനത്താവള വിരുദ്ധ സമര സമിതി പ്രവര്‍ത്തകര്‍ മലപ്പുറത്തേക്ക് തിരിച്ചു. 'പാടം നികത്തിയില്ല. കുന്നിടിച്ചില്ല ഞങ്ങളൊന്നിച്ച് വിമാനത്താവളം തടഞ്ഞു. പേമാരി വന്നു, മഹാപ്രളയം വന്നു ഒക്കെയും അതിജീവിച്ചു ഞങ്ങള്‍ നിങ്ങളുടെ മലകളും കുന്നുകളും തുരക്കുവാന് ഇനിയും അനുവദിക്കരുത്. മക്കളൊക്കെ വേണ്ടേ ഈ മലനാട് കാണുവാന്‍' എന്ന സുഗതകുമാരിയുടെ സന്ദേശവുമായാണ് ആറന്മുളയിലെ ചിന്മുദ്രപ്രണാമം എന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മലപ്പുറം കൊണ്ടോട്ടി, നിലമ്പൂര്‍ മേഖലയിലേക്ക് യാത്ര തിരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ മൂവായിരം ഏക്കറോളം വരുന്ന വയലുകള്‍ സംരക്ഷിക്കപ്പെട്ടതിനാല്‍ പ്രളയത്തിന്റെ ആഘാതം ആറന്മുളയിലും മറ്റു പ്രദേശങ്ങളിലും വളരെ കുറവായിരുന്നു. സമര സമിതി പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ എല്ലാ ഭവനങ്ങളും ആറന്മുളയില് പ്രളയത്തില്‍ മുങ്ങിയിരുന്നു. അന്ന് സഹായിച്ചവര്‍ക്ക് തിരികെ സഹായം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് മലപ്പുറത്തേക്ക് യാത്രയായത്. ആറന്മുള വിമാനത്താവള സമരത്തിന് മുന്നില്‍ നിന്ന് ആദ്യദിനം മുതല്‍ പ്രവര്‍ത്തിച്ച വയലുകളില്‍ പണിയെടുത്ത തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് വാഹനങ്ങളില്‍ കൊണ്ടുപോയത്.
പ്രവര്‍ത്തകരെ യാത്രയാക്കുവാന്‍ ആറന്മുള വിമാനത്താവള സമര സമിതി നേതാക്കളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി പ്രസാദ്, കെഎസ്എഫ്ഇ ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ്, ആര്‍എസ്എസ് പ്രാന്തകാര്യ കാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ്, ചരിത്രകാരന് കെ.പി. ശ്രീരംഗ നാഥന്, ബിജെപി ജില്ലാ സെക്രട്ടറി പി.ആര്. ഷാജി, പരിസ്ഥിതി പ്രവര്ത്തകന് ഷാജി ചാക്കോ, ചിന്മുദ്രപ്രണാമം രക്ഷാധികാരി പി. ഇന്ദുചൂഢന്, പ്രസിഡന്റ് രാമചന്ദ്രന് നായര്‍, സെക്രട്ടറി ബി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ആറന്മുളയില് എത്തിയിരുന്നു.
First published:
August 17, 2019, 9:55 PM IST