ആറന്മുള: മഹാമാരിയുടെ രണ്ടാം വര്‍ഷം മൂന്ന് പള്ളിയോടങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് ഉത്രട്ടാതി ജലമേളയുടെ വേദിയായി മാറും. പ്രതീകാത്മകമായ ജലമേളയാണെങ്കിലും ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങ് നടത്തും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മാര്‍ഗ ദര്‍ശക മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തും. അതിജീവനത്തിന്റെ കാലത്ത് മൂന്ന് പള്ളിയോടങ്ങളിലായി 120 പേരായിരിക്കും പള്ളിയോടത്തില്‍ എത്തുന്നത്. അവരാകട്ടെ കോവിഡ് പരിശോധനയും വാക്സിനേഷനും കഴിഞ്ഞാണ് എത്തുന്നത്. 40 പേര് വീതമാണ് ഓരോ പള്ളിയോടത്തിലും എത്തുന്നത്.
നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.
25 ബുധന്‍ രാവിലെ 10.45 ന് ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നല്കി സ്വീകരിക്കും. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങള്‍ക്ക് കൈമാറും. ഒരു പള്ളിയോടത്തില്‍ 40 തുഴക്കാര്‍ മാത്രമേ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. പള്ളിയോടത്തില്‍ എത്തുന്നവര്‍ ക്ഷേത്രക്കടവില്‍ ഇറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടന് വെള്ളമുണ്ടും ചുവന്ന തലയില്‍ക്കെട്ടും മറ്റുള്ളവര്‍ വെള്ളമുണ്ടും വെള്ള തലയില്‍ക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നല്കിയ തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ആരും പള്ളിയോടത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭീഷ്മ പര്‍വത്തിലെ 'ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നില്‍' എന്ന ഭാഗമാണ് പള്ളിയോടത്തില്‍ ആദ്യ ഘട്ടം പാടുന്നത്. ക്ഷേത്രക്കടവില്‍ നിന്ന് സത്രക്കടവിന്റെ ഭാഗത്തേക്ക് ഭീഷ്മ പര്‍വം പാടി തുഴഞ്ഞ് നീങ്ങും. സത്രക്കടവില്‍ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെ വെച്ചു പാട്ടായ 'ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക' പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞ് നീങ്ങും. പരപ്പുഴകടവില്‍ നിന്ന് തിരികെ പടിഞ്ഞാട്ടേക്ക് മൂന്ന് പള്ളിയോടങ്ങളും സന്താന ഗോപാലത്തിലെ 'നീലകണ്ഠ തമ്പുരാനേട എന്ന വരികള്‍ ഒന്നിച്ച് പാടി തുഴഞ്ഞ് നീങ്ങും. ഇങ്ങനെ മൂന്ന് ഘട്ടമായി നടക്കുന്ന ജല ഘോഷയാത്ര മാത്രമായിരിക്കും ഇത്തവണ ഉത്രട്ടാതി ജലമേളയില്‍.
സുരക്ഷയ്ക്കായി ബോട്ടുകള്‍ മൂന്ന് പള്ളിയോടം മാത്രമാണ് എത്തുന്നതെങ്കിലും സുരക്ഷയ്ക്കായി ബോട്ടും യമഹ എന്ജിന് ഘടിപ്പിച്ച വളളവും പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കീഴ് വന്മഴി പള്ളിയോടം നേരത്തേ തന്നെ ജലമേളയ്ക്കായി ആറന്മുളയില് എത്തിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ അധികമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും.
ഗരുഡവാഹനം എഴുന്നള്ളത്ത് ഉത്രട്ടാതി നാളായ ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ഗരുഡവാഹനം എഴുന്നള്ളത്ത് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടക്കും. മഹാവിഷ്ണുവായ ശ്രീപാര്‍ഥസാരഥി വാഹനമായ ഗരുഡന്റെ പുറത്ത് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. എല്ലാ ഉത്രട്ടാതി നാളിലും ഗരുഡവാഹനം എഴുന്നള്ളിക്കും. എന്നാല്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള അഞ്ചാം പുറപ്പാടിന്റെ ഭാഗമായ ഗരുഡവാഹനം എഴുന്നള്ളത്താണ് ഏറെ പ്രസിദ്ധം.
ഇത്തവണ നീരണിയാന്‍ കഴിഞ്ഞത് ആകെ അഞ്ചു പള്ളിയോടങ്ങള്‍ക്കാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് പള്ളിയോടങ്ങള്‍ക്ക് പുറമേ പുത്തന്‍ പള്ളിയോടമെന്ന നിലയില്‍ മുണ്ടന്‍കാവ് പള്ളിയോടവും അപകടകരമായ മരം മുറിക്കുന്നതിന് സൗകര്യം ചെയ്യുന്നതിനായി ഇടശ്ശേരിമല പള്ളിയോടവും നീരണിഞ്ഞിരുന്നു. ഇതില്‍ മുണ്ടന്‍കാവ് പള്ളിയോടം കല്ലിശ്ശേരി ഇറപ്പുഴ ചതയം ജലോത്സവത്തില്‍ പ്രതീകാത്മകമായി പങ്കെടുത്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.