കെറെയിൽ (K-RAIL) വിരുദ്ധ സമരങ്ങള്‍ സംസ്ഥാനമാകെ വലിയ ക്രമസമാധാന പ്രശ്നം ആയി ഉയർന്നു വന്നതിനിടെ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം (Mar Joseph Perumthottam) രംഗത്ത് . സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പെരുന്തോട്ടത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ബിഷപ്പ് ഹൌസിൽ എത്തി സന്ദർശനം നടത്തിയതിന് പിന്നാലെ ആയിരുന്നു കോടിയേരി വിമർശനം ഉന്നയിച്ചത്.
രണ്ടാം വിമോചന സമരത്തിന് ശ്രമം നടക്കുന്നു എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ദീപിക ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ മാർ ജോസഫ് പെരുന്തോട്ടം സർക്കാർ നടപടികളെ വിമർശിക്കുന്നത്.
കെറെയിൽ പ്രതിഷേധത്തെ അധികാരവും ശക്തിയും ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നതായി ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിമർശനം ഉന്നയിച്ചു.ഈ സർക്കാർ നീക്കം ആണ് രംഗം വഷളാക്കാൻ കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പിന്തുണ നൽകുന്നവരെ നിശബ്ദമാക്കാൻ ആകില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Also Read- 'സിൽവർ ലൈൻ പദ്ധതി സങ്കീർണം'; അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ രാഷ്ട്രീയം കലർത്തുന്നത് പ്രതിഷേധാർഹമാണെന്നും ജോസഫ് പെരുന്തോട്ടം ലേഖനത്തിൽ പറയുന്നു.കെ റെയിൽ പദ്ധതിയുടെ മറവിൽ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ഇവരുടെ ശ്രമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങൾ ആണ് ,
ജനങ്ങളുടെ പ്രശ്നം ഞങ്ങളുടേത് ആണ് എന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടും സർക്കാർ ഗൗനിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.മത സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമുണ്ട് എന്ന ഗുരുതരമായ ആരോപണവും ലേഖനത്തിൽ ഉണ്ട്.
വിമോചനസമരത്തിന് ശ്രമമെന്ന് പരിഹസിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കും എന്നും അദ്ദേഹം മറുപടി നൽകുന്നു.പ്രശ്നം ഊതി കത്തിച്ച് രാഷ്ട്രീയ കലഹത്തിന് വേദി ആക്കരുത് എന്ന ആവശ്യം ആണ് പെരുന്തോട്ടം മുന്നോട്ട് വെക്കുന്നത്. ഈ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്താൻ എല്ലാവരും ഒന്നിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്യുന്നു.
സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വാസ്യത തോന്നാത്തത് മുൻ അനുഭവങ്ങൾ വച്ച് ആണ് . മൂലമ്പള്ളിയിൽ ഇപ്പോഴും പലർക്കും പുനരധിവാസം നടപ്പായിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച സർക്കാർ പിന്നീട് കുടിയിറക്കി എന്ന് മലയോര മേഖലകളിലെ സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
ജനങ്ങളുടെ സ്വസ്ഥജീവിതം തകർക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യസംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് എന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കെതിരെ അന്യായമായി കേസെടുത്ത് അവരെ കഷ്ടപ്പെടുത്തുന്നത് തെറ്റാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം.സർക്കാർ ജനാധിപത്യ മര്യാദ കാണിക്കണം എന്നും ദീപിക ദിനപ്പത്രത്തിൽ എഴുതിയ പെരുന്തോട്ടത്തിന്റെ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K-Rail, Kodiyeri balakrishnan, Mar Joseph Perumthottam