• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rescue | മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേനയും വ്യോമസേനയും

Rescue | മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേനയും വ്യോമസേനയും

സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി.

Youtube Video
  • Share this:
    പാലക്കാട്: ട്രക്കിങ്ങിനിടെ പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ (Malambuzha) ചെറാട് (Cherad) സ്വദേശി ആര്‍ ബാബുവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. രക്ഷാദൗത്യത്തിൽ കരസേനയും വ്യോമസേനയും പങ്കെടുക്കും. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

    മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാൻഡോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.
    എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC ലെഫ്റ്റനന്റ് ജനറൽ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.- മുഖ്യമന്ത്രി വ്യക്തമാക്കി.



    ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു. നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ടംഗ സംഘവും ഫയര്‍ഫോഴ്‌സിന്റേയും പോലീസിന്റേയും സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കൂടുതല്‍ സൈനിക സംഘങ്ങള്‍ എത്തുന്നതോടെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മലയില്‍ കുടുങ്ങി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.

    ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ബാബു ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.

    ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.

    ബാബു ഇന്നലെയാണ് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
    Published by:Rajesh V
    First published: