ലോക്ക്ഡൗൺ | വൻചാരായ വേട്ട: ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റുസാധനങ്ങൾ പിടിച്ചെടുത്തു
ലോക്ക്ഡൗൺ | വൻചാരായ വേട്ട: ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റുസാധനങ്ങൾ പിടിച്ചെടുത്തു
എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
വാമനപുരം: പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വൻ ലാഭം മുന്നിൽക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിർമാണ യൂണിറ്റാണ് എക്സൈസ് സംഘം തകർത്തത്.
പാങ്ങോട് കാഞ്ചിനട മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേർന്നുള്ള വാറ്റുകേന്ദ്രം കണ്ടെത്തിയത്. ലോക്ക്ഡൗൺ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്.
വാണിജ്യാടിസ്ഥാനത്തിൽ ചാരായ വാറ്റുകേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് തൊട്ടുമ്പുറം നൂഹ് കണ്ണ്. മകൻ 40 വയസുള്ള ഇർഷാദ്, കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തൻ വീട്ടിൽ കഞ്ചൻ മകൻ എക്കൽ ശശി എന്നു വിളിക്കുന്ന ശശി (48) എന്നിവരെ പ്രതികളാക്കി അബ്കാരി കേസെടുത്തു.
എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പി.ഡി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ദിലീപ് കുമാർ, ഷഹീന ബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.