Arrest Warrant |അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിവൈഎസ്പിയ്ക്കെതിരെ അറസ്റ്റ് വാറൻറ്
Arrest Warrant |അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിവൈഎസ്പിയ്ക്കെതിരെ അറസ്റ്റ് വാറൻറ്
2019 സെപ്തംബറിൽ ഡിവൈഎസ്പിയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പത്തു ലക്ഷത്തോളം രൂപയും സ്വർണവും ഭൂമിയിടപാട് രേഖകളുമാണ് പിടിച്ചെടുത്തിരുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയ്ക്കെതിരെ തൃശൂർ വിജിലൻസ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് വിജിലൻസിന് മുൻപാകെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹംസയോട് മാർച്ച് 29, 30 തിയ്യതികളിലായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പ്രത്യേക വിജിലൻസ് സംഘം നിർദ്ദേശം നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണവുമായി സഹകരിയ്ക്കാതെ മെഡിക്കൽ ലീവെടുത്ത് മാറി നിൽക്കുന്ന ഹംസ ഹാജരാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയ്ക്കായി അന്വേഷണ സംഘം വിജിലൻസ് കോടതിയെ സമീപിച്ചത്.
കേസിൽ ഡി വൈ എസ് പി ഹംസയെ രക്ഷിക്കാൻ വസ്തു ഇടപാടിൻ്റെ പേരിൽ വ്യാജരേഖ ചമച്ച സി പി എം വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഫിയുടെ ജാമ്യാപേക്ഷയും തൃശൂർ വിജിലൻസ് കോടതി തള്ളിയിരുന്നു. 2019 സെപ്തംബറിൽ ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പത്തു ലക്ഷത്തോളം രൂപയും സ്വർണവും ഭൂമിയിടപാട് രേഖകളുമാണ് പിടിച്ചെടുത്തിരുന്നത്. ഇതിൻ്റെ സ്രോതസ് സംബന്ധിച്ച് ഹംസ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് പ്രതിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.