കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും ത്വാഹയും സി.പി.എമ്മില്‍ നുഴഞ്ഞുകയറി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന തുറന്നു പറച്ചിലുമായി സി പി എം നേതാവ് പി ജയരാജന്. ഇക്കാര്യം പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. യു.എ.പി.എ ചുമത്തിയെങ്കിലും കുറ്റപത്രം നല്കുമ്പോള് പുനപ്പരിശോധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതുമുന്നില്‍ക്കണ്ടാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്നും ജയരാജന് പറഞ്ഞു.
Also Read- 'മാവോയിസ്റ്റുകളെങ്കിൽ പിണറായി തെളിയിക്കട്ടെ'; സിപിഎം പ്രവർത്തകരെന്ന് ആവർത്തിച്ച് അലനും താഹയും
അലനും ത്വാഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതില്‍ സര്‍ക്കാറിനെതിരെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും രംഗത്തെത്തിയ സാഹചര്യത്തിലാണ് സി.പി.എം നേതാവ് പി ജയരാജന്റെ വിശദീകരണം.
അലനും ത്വാഹയും പാര്‍ട്ടി അംഗങ്ങളായിരുന്നു. പക്ഷെ പാര്‍ട്ടി അംഗത്വം മാവോയിസ്റ്റ് ആശയപ്രചാരണത്തിനാണ് ഉപയോഗിച്ചതെന്ന് ജയരാജന് പറഞ്ഞു. 'ഞങ്ങള്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത് അവര്‍ സി.പി.എം മറ, എസ്.എഫ്.ഐ മറ ഉപയോഗിച്ച് മാവോയിസ്റ്റുകളുമായി നേരത്തെ ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ കൃത്യം പാര്‍ട്ടി അച്ചടക്കം പാലിക്കുന്ന അംഗങ്ങളാണെന്ന് കരുതേണ്ട. എസ്.എഫ്.ഐക്കകത്തും അവര്‍ ഈ ഫ്രാക്ഷന് നടത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുണ്ട്'- ജയരാജന് പറഞ്ഞു.
യു.എ.പി.എ ചുമത്തിയെങ്കിലും കുറ്റപത്രം കൊടുക്കുന്ന ഘട്ടത്തില്‍ പുനപ്പരിശോധന നടത്താമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് തിരിച്ചറിഞ്ഞാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും ജയരാജന് പറഞ്ഞു. 'കേസില്‍ കുറ്റപത്രം നല്കുന്ന ഘട്ടത്തിലാണ് യു.എ.പി.എ പുനപ്പരിശോധനാ സമിതി ഇടപെടുന്നത്. ഈ കേസിലും പുനപ്പരിശോധനാ സമയത്ത് യു.എ.പി.എ വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞാണ് എന്‍.ഐ.എ ഏറ്റെടുത്തത്.- ജയരാജന് പറഞ്ഞു.
മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ട്. ഇരുവരും രഹസ്യയോഗങ്ങൾ ചേരാറുണ്ട്. പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദസംഘടനകളും ഒരുമിച്ചാണ് നടത്തിയതെന്നും ജയരാജന് പറഞ്ഞു. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ മാവോയിസവും ഇസ്ലാമിസവും സെഷനില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്. ജമാഅത്തെ ഇസ്ലാമി നേതാവ് സി. ദാവൂദ്, കെ. വേണു എന്നിവരും അതിഥികളായിരുന്നു. മാധ്യമപ്രവര്ത്തകന് അഭിലാഷ് മോഹനായിരുന്നു മോഡറേറ്റര്‍.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നത് സി.പി.എമ്മിന്റെ സുചിന്തിതമായ നിലപാടാണ്. ഇന്ത്യയില്‍ സംഘപരിവാറാണ് ഏറ്റവും വലിയ ഭീഷണിയെന്ന് സി.പി.എം വിലയിരുത്തിയിട്ടുണ്ട്. എതിര്‍ത്ത് തോല്‍പ്പിക്കേണ്ട വലിയ ശക്തിയും അതാണ്. എന്നാല്‍ അതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളെ സ്വീകരിക്കാന്‍ സി.പി.എം തയ്യാറല്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആര്.എസ്.എസിനെ സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ സി.പി.എം ആര്.എസ്.എസിനെയും ജമാഅത്തിനെയും എതിര്‍ക്കും. ഈ സെഷനില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയുണ്ടായിരുന്നുവെങ്കില് പങ്കെടുക്കില്ലായിരുന്നുവെന്നും ജയരാജന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Cpm against uapa, Kozhikode maoist case