രേണുരാജ് IAS-നെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എയെ പിന്തുണച്ച് എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിൽ. ജനപ്രതിനിധികള്‍ക്കുമേല്‍ ഉദ്യോഗസ്ഥമേധാവിത്തത്തെ സ്ഥാപിക്കാനുള്ള ശ്രമം കച്ചവട സിനിമാക്കാർ തുടങ്ങിവെച്ചതാണ്. ഇത് അത്യന്തം അപലനീയമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ. എസ്. രാജേന്ദ്രന്‍ തന്റെ ഭാഷാശൈലി തിരുത്തണം. തമിഴ് സ്വാധീനമുള്ള തോട്ടം മേഖലയില്‍ മാത്രമല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്ന് തിരിച്ചറിയണമെന്നും അശോകൻ ചെരുവിൽ പറയുന്നു.
തമിഴനായ എം.എല്‍.എ. എസ്.രാജേന്ദ്രന്റെ മലയാളം സംഭാഷണത്തിലെ മോശം പരാമര്‍ശങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിച്ച് വിമര്‍ശനം നടത്തുന്നത് ശരി. പക്ഷേ അതുപയോഗിച്ച് ജനപ്രതിനിധികള്‍ക്കുമേല്‍ ഉദ്യോഗസ്ഥമേധാവിത്തത്തെ സ്ഥാപിക്കാനുള്ള ശ്രമം അത്യന്തം അപലനീയമാണ്. നമ്മുടെ കച്ചവടസിനിമക്കാര്‍ തുടങ്ങിവെച്ച പരിപാടിയാണിത്. ജനാധിപത്യമല്ല; നാടുവാഴിത്തവും ഉദ്യോഗസ്ഥവാഴ്ചയും രാജാവുമാണ് ശരി എന്നത്. അത് ഉള്‍ക്കൊണ്ടാണ് സെക്രട്ടേറിയറ്റിലെ ഒരു ഗുമസ്തന്‍ റിട്ടയര്‍ ചെയ്ത് നാട്ടില്‍ച്ചെന്ന് പന്തളം രാജാവായത്.
ഇതെഴുന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഐ.എ.എസുകാരും ഐ.പി.എസുകാരും വാഴുന്ന ആ ലോകത്തിന്റെ അകത്തളങ്ങളെക്കുറിച്ച് കുറച്ചൊക്കെ വിവരമുണ്ട്. നമ്മുടെ തകഴി തന്റെ 'ഏണിപ്പടികള്‍' എന്ന നോവലിലൂടെ നാടുവാഴിത്ത കാലത്തെ സിവില്‍ സര്‍വ്വീസിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തിയിട്ടുണ്ട്. അതുവിട്ട് കാര്യമായ മാറ്റമൊന്നും ആ മേഖലയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അനുഭവം. ഐ.എ.എസുകാര്‍ മസുറിയില്‍ നിന്ന് ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ച് കരുത്തരായിട്ടാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ.
എസ്. രാജേന്ദ്രന്‍ തന്റെ ഭാഷാശൈലി തിരുത്തണം. തമിഴ് സ്വാധീനമുള്ള തോട്ടം മേഖലയില്‍ മാത്രമല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്ന് തിരിച്ചറിയണം. യുണിവേഴ്‌സിറ്റികളില്‍ നിന്ന് പിരിഞ്ഞ ധാരാളം മലയാളം പ്രൊഫസര്‍മാര്‍ ഉള്ള സ്ഥലമാണ് തിരുവനന്തപുരം. കൂടാതെ എന്റെ സ്‌നേഹിതന്‍ പി.കെ.രാജശേഖരന്‍ ഇപ്പോള്‍ ഐ.എ.എസിനു എഴുതുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുന്നതായി അറിയുന്നു. സമയമുണ്ടാക്കി അവര്‍ക്ക് ശിഷ്യപ്പെട്ട് നല്ല ശുദ്ധമലയാള സംഭാഷണ രീതികള്‍ പഠിക്കണം. ചമ്പൂകാവ്യങ്ങളില്‍ (മണിപ്രവാളം; ഉണ്ണിയാടിചരിതം) വ്യല്പത്തി നേടുന്നതും ഉചിതമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.