പെട്ടെന്ന് ഒരു ദിവസം ലക്ഷാധിപതിയായപ്പോള്‍ അസം സ്വദേശി അലാലുദ്ദീന്‍ ആദ്യമൊന്ന് അമ്പരന്നു.. അമ്പരപ്പ് ഭയമായതോടെ സന്തോഷം ഉള്ളിലൊതുക്കി നേരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടി. സ്റ്റേഷനിലെത്തി പിആര്‍ഒ അനില്‍കുമാറിന്‍റെ കൈയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. പോലീസുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയപ്പോഴേക്കും സമയം വൈകിട്ട് ആറര കഴിഞ്ഞു. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് അസം സ്വദേശിയായ അലാലുദിന് ലഭിച്ചത്.
ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാം പരിശോധിച്ച പോലീസ് അലാലുദ്ദീനൊപ്പം നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് പോയി. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നല്കി. വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതേയുണ്ടായിരുന്നുള്ളു ബിജോ. ഇതോടെ മാനേജര്‍ക്കും തന്റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.
സ്വദേശിയായ അലാലുദ്ദീൻ 15 വർഷത്തോളമായി കേരളത്തിലുണ്ട്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്യുന്നു. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. അവരെ വിളിച്ച് സന്തോഷ വിവരം അറിയിച്ചു. മൂവാറ്റുപുഴയില്‍ കാല്‍നടയായി ലോട്ടറി വിൽക്കുന്ന ആളിൽ നിന്നാണ് അലാലുദ്ദീന്‍ ടിക്കറ്റെടുത്തത്.
അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തിയ വിദ്യാര്‍ഥിനിയെ മാഫിയ നേതാവ് അടിച്ചുവീഴ്ത്തി
മൂവാറ്റുപുഴയില്‍ അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി. മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി. ലാലുവിന്റെ മകള്‍ അക്ഷയക്കാണ് മര്‍ദനമേറ്റത്. മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മണ്ണെടുപ്പ് സംഘ തലവനായ അന്‍സാറിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്. മൂവാറ്റുപുഴ നിര്‍മല കോളേജ് ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ. അവശയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങി അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായിരുന്നു. മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിര്‍മാണങ്ങളോ നടത്തിയാല്‍ പോലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പോലീസ് മടങ്ങിയത്.
എന്നാല്‍, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തിയ സംഘം വീണ്ടും മണ്ണെടുപ്പ് തുടങ്ങി. വീടുകളോടു ചേര്‍ന്ന് മുപ്പത് മീറ്റര്‍ വരെ ആഴത്തില്‍ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് ലാലു പറഞ്ഞു. ബുധനാഴ്ച മണ്ണെടുപ്പ് തുടര്‍ന്നപ്പോള്‍ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച അക്ഷയയെ അന്‍സാര്‍ ആക്രമിക്കുകയായിരുന്നു. ലാലു ജോലി സ്ഥലത്തായിരുന്നു. തടയാന്‍ ശ്രമിച്ചവരെയും അന്‍സാര്‍ ഭീഷണിപ്പെടുത്തിയതായി ലാലു പറഞ്ഞു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആവശ്യപ്പെട്ടു. ഭരണകക്ഷിയില്‍ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ ആരോപിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.