• HOME
 • »
 • NEWS
 • »
 • kerala
 • »
 • Assembly Election 2021 | നാമനിർദ്ദേശ പത്രികയിൽ തിരിമറി; ചേർത്തലയിലെ സിപിഐ സ്ഥാനാർഥി പി.പ്രസാദിനെതിരെ കിഫ

Assembly Election 2021 | നാമനിർദ്ദേശ പത്രികയിൽ തിരിമറി; ചേർത്തലയിലെ സിപിഐ സ്ഥാനാർഥി പി.പ്രസാദിനെതിരെ കിഫ

കർഷക വിരുദ്ധൻമാരായ കപട പരിസ്ഥിതി തീവ്രവാദികളോട് കിഫ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണിതെന്നും അറിയിച്ചു കൊണ്ടാണ് പ്രസാദിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

 • Last Updated :
 • Share this:
  ചേർത്തലയിലെ സിപിഐ സ്ഥാനാർഥി പി.പ്രസാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഇന്‍ഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). കേരളത്തിലെ മലയോര കർഷക ജനതയ്ക്കുവേണ്ടി രൂപം കൊണ്ട കർഷകരുടെ കൂട്ടായ്മയാണ് കിഫ. പ്രസാദിന്‍റെ നാമനിർദേശ പത്രികയിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് സംഘടന ആരോപിക്കുന്നത്. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യാജമായി നിർമ്മിച്ചതോ, അല്ലെങ്കിൽ വരണാധികാരിയുടെ അറിവോടെ സമർപ്പിച്ച നാമനിർദ്ദേശപത്രികയിൽ തിരിമറി നടത്തി പുതിയ സത്യവാങ്മൂലം തിരുകിക്കയറ്റിയതോ ആണെന്നാണ് തെളിവുകൾ അടക്കം നിരത്തി ഇവർ ആരോപിക്കുന്നത്.

  ഇടതുപക്ഷ വിരുദ്ധത എന്നോ, വലതുപക്ഷ ചായ്‌വ് എന്നോ മുദ്രകുത്താൻ വരണ്ടെന്നും, കർഷക വിരുദ്ധൻമാരായ കപട പരിസ്ഥിതി തീവ്രവാദികളോട് കിഫ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണിതെന്നും അറിയിച്ചു കൊണ്ടാണ് പ്രസാദിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

  Also Read-Assembly Election 2021 | മുഖ്യമന്ത്രി പിണറായി വിജയന്‍റെ വരുമാനത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11% വർധനവ്

  സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി പ്രസാദിനെ അയോഗ്യനാക്കണമെന്നാണ് ആരോപണം ഉന്നയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ടീം കിഫ ആവശ്യപ്പെടുന്നത്. അഥവാ പി പ്രസാദ് ജയിച്ചാൽ അദ്ദേഹത്തെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിച്ചു മലയോര കർഷകർക്ക് വേണ്ടി കിഫ തന്നെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  കിഫയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

  മുന്നറിയിപ്പ്:
  ഇതിനെ ഇടതുപക്ഷ വിരുദ്ധത എന്നോ, വലതുപക്ഷ ചായ്‌വ് എന്നോ മുദ്രകുത്താൻ വരണ്ട. കർഷക വിരുദ്ധൻമാരായ കപട പരിസ്ഥിതി തീവ്രവാദികളോട് കിഫ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണിത്. കർഷകരെ ചവിട്ടിയരയ്ക്കാൻ മുൻപന്തിയിൽ നിന്ന പി ടി തോമസ്, ശ്രേയാംസ്‌കുമാർ ബാക്കി ഹരിതന്മാർ എന്നിവർക്കുള്ളത് പുറകെ വരും.

  പി പ്രസാദേ, ഉറപ്പാണ് അയോഗ്യത.
  ഇടുക്കിയിലെ മൂന്നു താലൂക്കുകൾ പരിസ്ഥിതി ലോല പ്രദേശം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടു നാഷണൽ ഗ്രീൻ ട്രിബുണലിൽ (NGT) കേസ് കൊടുത്തിരിക്കുന്ന പി പ്രസാദ്, താങ്കൾ സ്വപ്നം കാണുന്ന മന്ത്രിക്കുപ്പായം മടക്കി പെട്ടിയിൽ വച്ചാൽ മതി. നിങ്ങളുടെ കേസുമൂലം തെരുവിലേക്ക് വലിച്ചെറിയപ്പെടും എന്ന ഭയത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ കർഷകരുടെ പ്രാർത്ഥന ദൈവം കേട്ടു. ഉറപ്പാണ് താങ്കൾക്ക് അയോഗ്യത, ഒരുപക്ഷെ അഴിയും.

  ചേർത്തലയിലെ CPI സ്ഥാനാർഥി പി പ്രസാദിന്റെ നാമനിർദ്ദേശ പത്രികയുമായി ബന്ധപെട്ടു വലിയ തിരിമറികൾ നടന്നു എന്നാണ് ലഭ്യമായ രേഖകൾ പരിശോധിച്ചാൽ മനസിലാകുന്നത്. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം ഒന്നെങ്കിൽ വ്യാജമായി നിർമ്മിച്ചത്, അല്ലെങ്കിൽ വരണാധികാരിയുടെ അറിവോടെ സമർപ്പിച്ച നാമനിർദ്ദേശപത്രികയിൽ തിരിമറി നടത്തി പുതിയ സത്യവാങ്മൂലം തിരുകിക്കയറ്റിയത്.
  തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം മാർച്ച് മാസം 18-ന് ആണ് പി പ്രസാദ് നാമനിർദ്ദേശ പത്രികയും സത്യവാങ്മൂലവും വരണാധികാരിക്ക് മുൻപിൽ സമർപ്പിച്ചിരിക്കുന്നത്. പി പ്രസാദിന്റെ തന്നെ ഫേസ്ബുക് പോസ്റ്റിൽ ഇതിന്റെ ചിത്രം ലഭ്യമാണ്. മാർച്ച് മാസം 18-ന് രാവിലെ 11:48, 11:52 11:58 എന്നീ സമയങ്ങളിലായി 3/103-Cherthala/2021/ARO, 4/103-Cherthala/2021/ARO, 5/103-Cherthala/2021/ARO എന്നീ മൂന്നു നാമനിർദ്ദേശപട്ടികകൾ ആണ് പി പ്രസാദ് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്ന തിയതിയും ഇത് ശരിവയ്ക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഈ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം 18-ന് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന സത്യവാങ്മൂലം അറ്റെസ്റ്റ് ചെയ്തിരിക്കുന്നത് പത്തൊൻപതാം തിയതി ആണ്. എന്നുവച്ചാൽ പി പ്രസാദ് വ്യാജമായി നിർമ്മിച്ചതാവണം മേല്പറയുന്ന സത്യവാങ്മൂലം.

  മറ്റൊരു സാധ്യത, വരണാധികാരിയുടെയോ അതുമായി ബന്ധപ്പെട്ട ഉദ്യഗസ്ഥരുടെയോ അറിവോടെ കൃത്രിമം നടന്നു എന്നാണ്. ഈ ഒരു സാധ്യതിയിലേക്ക് വിരൽചൂണ്ടുന്നത് CPI യുടെ തന്നെ ശിവപ്രസാദ് എൻ എസ് 19-ന് സമർപ്പിക്കുകയും അതിനു ശേഷം തള്ളുകയും ചെയ്ത നാമനിർദ്ദേശ പത്രികയുടെ പിന്നിലുള്ള നിഗൂഢതയാണ്. സാധാരണഗതിയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു കഴിഞ്ഞാൽ പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാറില്ല.

  എന്നാൽ പതിവിനു വിപരീതമായി ഔദ്യോഗിക സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ഒരു ദിവസം കഴിഞ്ഞു, അതായത് പത്തൊന്പതാം തിയതി ഉച്ചകഴിഞ്ഞു 2:30-ന് 11/103-Cherthala/2021/ARO എന്ന നാമനിർദ്ദേശപത്രിക ശിവപ്രസാദ് സമർപ്പിച്ചിരിക്കുന്നത്. ഈ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം അറ്റെസ്റ് ചെയ്തിരിക്കുന്നത് എൻ സുജാത എന്ന നോട്ടറി ആണ്. നോട്ടറി രജിസ്റ്റർ പ്രകാരം ഏഴാം വാല്യത്തിൽ തൊണ്ണൂറ്റിഅഞ്ചാം പേജിൽ 198 എന്ന ക്രമനമ്പറിൽ ആണ് ശിവപ്രസാദിന്റെ സത്യവാങ്മൂലം അറ്റെസ്റ് ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടുമുൻപ്, അതേദിവസം തന്നെ 197 എന്ന ക്രമനമ്പറിൽ ആണ് പി പ്രസാദിന്റെ സത്യവാങ്‌മൂലം ഇതേ നോട്ടറി തന്നെ അറ്റെസ്റ് ചെയ്തിരിക്കുന്നത്.
  ശിവപ്രസാദ് എൻ എസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയം സ്വന്തം സത്യവാങ്മൂലത്തോടൊപ്പം പി പ്രസാദിന്റെ സത്യവാങ്മൂലവും സമർപ്പിക്കുകയും വരണാധികാരി അത് സ്വീകരിക്കുകയും ചെയ്തു എന്ന് വേണം ലഭ്യമായ വസ്തുതകൾ വച്ച് അനുമാനിക്കാൻ. അതായതു പതിനെട്ടാം തിയതി പി പ്രസാദ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ വരണാധികാരിയുടെയോ അതുമായി ബന്ധപ്പെട്ട ഉദ്യഗസ്ഥരുടെയോ അറിവോടെ പുതുതായി സമർപ്പിച്ച സത്യവാങ്മൂലം ഉപയോഗിച്ച് തിരിമറി നടത്തി എന്ന് തന്നെ വേണം കരുതാൻ.

  എന്തിനു ഇത്തരം ഒരു തിരിമറി നടത്തണം? ഒരുപക്ഷെ ഗുരുതരമായ പിഴവ് കണ്ടെത്തിയ പി പ്രസാദ് തന്നെ നടത്തിയ ഒരു നാടകം ആയി വേണം ശിവപ്രസാദിന്റെ പത്രികാ സമർപ്പണത്തെ കാണാൻ. പിഴവ് തിരുത്തി പുതിയ പത്രിക സമർപ്പിച്ചാൽ തന്റെ പിഴവ് എതിരാളികളുടെ കൈയിൽ എത്തുമെന്ന് മുൻകൂട്ടി കണ്ട പ്രസാദ് അതിനു മുതിരാതെ മറ്റൊരാൾ വഴി തനിക്കു സമർപ്പിക്കേണ്ട രേഖ വരണാധികാരിയുടെ പക്കൽ എത്തിക്കുകയും, മുൻപ് സമർപ്പിച്ച സത്യവാങ്മൂലം മറ്റാരും അറിയാതെ മാറ്റി പുതിയത് തിരുകി കയറ്റി തിരിമറി നടത്തുകയും ചെയ്തു എന്ന് വേണം അനുമാനിക്കാൻ.  ഇതിൽ സത്യസന്ധമായ അന്വേഷണം നടത്തുകയും പി പ്രസാദിനെ അയോഗ്യനാകുകയും ചെയ്യണം.ഇനി അഥവാ പി പ്രസാദ് ജയിച്ചാൽ അദ്ദേഹത്തെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിച്ചു നിയമപോരാട്ടം, മലയോര കർഷകർക്ക് വേണ്ടി കിഫ നടത്തും.
  ടീം കിഫ.
  Published by:Asha Sulfiker
  First published: