തവനൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകനും തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഫിറോസ് കുന്നംപറമ്പലിന്‍റെ സ്വത്ത് വിവരം പുറത്ത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഫിറോസ് സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പണമായി കൈവശംമുള്ളത് 5500 രൂപ മാത്രമാണ്. സ്ഥാവര ജംഗമ ആസ്തിയായി 52,58,834 രൂപ ഫിറോസിന്റെ പേരിലുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി തവനൂരില്‍ മത്സരിക്കുന്നത്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയും ഫിറോസിന്റെ പേരിലുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്തും വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയായി എന്നാണ്  സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

295000 രൂപ മതിപ്പ് വിലയുള്ള ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയര്‍ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്. വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂര്‍, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനല്‍ കേസുകള്‍ ഫിറോസിന്റെ പേരിലുണ്ട്.

നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം നിറയെ ഒരു വാക്കേ ഉള്ളൂ. കോളങ്ങളിൽ നിറഞ്ഞ്‘ഇല്ല’ എന്ന് വാക്ക് മാത്രം. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു നീണ്ട നിര സത്യവാങ്‌നമൂലത്തില്‍ കാണാം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി, പത്രപ്രവർത്തകൻ, ലക്ഷങ്ങൾ ശമ്പളമുള്ള മിസോറാം ഗവർണർ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്‌മൂലത്തിൽ ‘ഇല്ല'കളുടെ കളി കണ്ട് അമ്പരക്കുകയാണ് മലയാളികൾ. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈവശം ആകെ ആയിരം രൂപയാണുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്.

Also Read- ആനകൾക്ക് ഇത്രയും സ്നേഹമോ? 12 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന

പാർട്ടി പദവി വഹിച്ചാൽ പോലും ലക്ഷങ്ങൾ സമ്പാദിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ തികഞ്ഞ അപവാദമായി മാറുകയാണ് കുമ്മനം രാജശേഖരൻ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് കുമ്മനം ആർ എസ് എസിന്റെ പ്രചാരകനായത്. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കടുത്ത മത്സരമാണ് കാഴ്ച്ച വച്ചത്. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു.