കൊച്ചി: കൊച്ചി കപ്പൽ നിർമാണശാലയിൽ ഷിപ്പ് ബിൽഡിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറായ കെ നളിനാക്ഷൻ 38 വർഷത്തെ സര്‍വീസിന് ശേഷം നാളെ വിരമിക്കുകയാണ്. ഈ വിരമിക്കലിന് എന്താണ് പ്രത്യേകത എന്ന് ചിന്തിക്കുന്നവർ നളിനാക്ഷന്റെ വ്യത്യസ്തമായ വിരമിക്കലിനെ കുറിച്ചുകൂടി അറിയണം. കൊച്ചി മുതൽ കോഴിക്കോട് വരെ ഓടി റിട്ടയർമെന്റ് ആഘോഷമാക്കാനാണ് 60കാരനായ നളിനാക്ഷന്റെ തീരുമാനം. പനമ്പിള്ളി നഗർ റണ്ണേഴ്സ് എന്ന ഓട്ടക്കൂട്ടത്തിലെ അംഗമാണ് നളിനാക്ഷൻ.
കടവന്ത്ര കൃഷ്ണയ്യർ റോഡിൽ താമസിക്കുന്നതിനിടയിലാണ് പനമ്പിള്ളി നഗർ വാക്വേയിലൂടെ നടപ്പ് തുടങ്ങിയത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് തീർഥാടനത്തിനായി 2020 മേയിൽ ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നു. അങ്ങോട്ടേക്കുള്ള ട്രെക്കിങ്ങിനു മുന്നേയുള്ള പരിശീലനത്തിനായാണ് പനമ്പിള്ളി നഗർ വാക് വേയിലൂടെ നടപ്പ് തുടങ്ങിയത്. കുറേ നടന്നപ്പോൾ പോരാ എന്നു തോന്നി ഓട്ടം തുടങ്ങി. ഈ ഓട്ടം കണ്ട ഷിപ്പ്യാർഡിലെ സഹപ്രവർത്തകൻ അശോക് കുമാറാണ് പനമ്പിള്ളി നഗർ റണ്ണേഴ് എന്ന ഓട്ടക്കൂട്ടത്തിലേക്ക് എത്തിച്ചത്. പിന്നെയാണ് ഓട്ടം ദീർഘദൂര ഓട്ടമായി മാറുന്നത്.
Also Read-
Sleeping CEO| ഓഫീസിൽ കിടന്നുറങ്ങിയ സിഇഒയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ജീവനക്കാർ; വൈറല്‍
ഇരുന്നൂറോളം അംഗങ്ങളുള്ള പനമ്പിള്ളി നഗർ റണ്ണേഴ്സിലെ 20 പേരാണ് നളിനാക്ഷനെ ഓടിയോടി യാത്രയാക്കാൻ കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്തുള്ള വീട്ടിലേക്ക് പോകുന്നത്. ഈ ഓട്ടക്കൂട്ടത്തിൽ നൂറുമൈൽ അഥവ 160 കിലോമീറ്റർ മുമ്പ് ഓടിയിട്ടുള്ളവരുണ്ട്. ബൈജു ലോറൻസ്, ആൽഫ്രഡ് ജൂഡ് ജോസഫ്, അനന്തു സുകുമാരൻ, മിത്ര കുമാർ എന്നിവർ ജയ്സാൽമീർ, വാഗാ അതിർത്തി എന്നിവിടങ്ങളിലെ നൂറുമൈൽ ഓട്ടത്തിൽ പങ്കെടുത്തവരാണ്. നളിനാക്ഷനും ഭാര്യ അജയയും കഴിഞ്ഞ മാസം നടന്ന മൂന്നാർ മാരത്തോണിൽ അവരവരുടെ വിഭാഗത്തിൽ പുരസ്കാരം നേടിയവരുമാണ്.
Also Read-
സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരക
കടവന്ത്രയിൽനിന്ന് മലയാറ്റൂരിലേക്കുള്ള ദീർഘദൂര ഓട്ടം രണ്ടാളും രണ്ടുതവണ ചെയ്തതുമാണ്. ആദ്യമായാണ് നൂറുമൈൽ ഓടാനൊരുങ്ങുന്നത്. കടവന്ത്രയിലെ വീട് മുതൽ കോഴിക്കോട്ടെ വീടുവരെ 165 കിലോമീറ്ററുണ്ട്. ജൂലായ് രണ്ടിന് പുലർച്ചെ രണ്ടുമണിക്ക് ഓടിത്തുടങ്ങും. മാരത്തോൺ റൺ അവസാനിക്കുക മൂന്നാം തീയതി രാവിലെ 10 മണിയോടെയാണ്. ഒരു ടെമ്പോ ട്രാവലർ ഈ ഓട്ടക്കൂട്ടത്തെ അനുഗമിക്കും. ഓടുന്നവരുടെ കൂട്ടത്തിൽ 35 കാരനായ പ്രദീപ് കൃഷ്ണൻ മുതൽ 66 കാരനായ ശശിധരൻ കേശവൻ വരെയുണ്ട്. ബിന്നി ചാക്കോ, മന്മഥൻ വിജയൻ നായർ, സുന്ദരേശ് രാമചന്ദ്രൻ, സതീഷ് ജി മേനോൻ, ഷാജി ജോൺ, ടി എ സോണി, ബിപിൻ ചെറിയാൻ, മനോജ് കുമാർ, ദിലീപ് കല്ലട, സജി മാത്യു എന്നിവരും നളിനാക്ഷനൊപ്പം കോഴിക്കോടുവരെ ഓടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.