കോഴിക്കോട്: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷയായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ. കോഴിക്കോട് പാവങ്ങാടാണ് സംഭവം. ഇന്ന് രാവിലെ അമ്മ ശ്രീവിദ്യക്കൊപ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പുതിയങ്ങാടി ചട്ടിക്കണ്ടി സ്വദേശി അഭയയ്ക്ക് (21) പാമ്പുകടിയേറ്റത്.
ബീച്ച് ആശുപത്രിയിൽ എത്തിച്ച യുവതിയെ കനത്ത ഗതാഗത കുരുക്കിനിടയിലും അവസരോചിതമായി മെഡിക്കൽ കോളേജിൽ എത്തിക്കാൻ മുൻകൈ എടുത്തത് സ്പെഷല്‍ ബ്രാഞ്ച് പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ എ. ഉമേഷ് ആയിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ക്ഷേതത്തിൽ പോയി മടങ്ങി വരുമ്പോൾ പുത്തൂര്‍ പാവങ്ങാട് റെയില്‍വേ ലൈനിനു സമീപത്തുവെച്ച് അഭയയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ അമ്മയും സഹോദൻ അഭിഷേകും ചേർന്ന് അഭയയെ ബൈക്കിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നായിരുന്നു ബീച്ച് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. എന്നാൽ ആ സമയം അവിടെ ആംബുലൻസ് ഇല്ലാത്തതിനാൽ യാത്ര വൈകി.
അങ്ങനെ അമ്മയും സഹോദരനും ചേർന്ന് ബൈക്കില്‍തന്നെ അഭയയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോടി. എന്നാൽ ബീച്ച് ഭാഗത്ത് കനത്ത ഗതാഗതക്കുരുക്കിൽ ഇവരുടെ യാത്ര തടസപ്പെട്ടു. അതിനിടെയാണ് സമീപത്തു നിര്‍ത്തിയിട്ട പൊലീസ് വണ്ടിക്കരികിലെത്തി അഭയയുടെ സഹോദരന് അസിസ്റ്റന്‍റ് കമീഷണര്‍ എ. ഉമേഷിനോട് സഹായഭ്യര്ഥിച്ചത്. ഉടൻ തന്നെ ഇവരെ പൊലീസ് വാഹനത്തില്‍ കയറ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.
അസിസ്റ്റന്‍റ് കമീഷണറുടെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സൌകര്യം ഒരുക്കുക കൂടി ചെയ്തു. അതിനിടെ കണ്ട്രോള് റൂമില്‍നിന്ന് പൊലീസ് ആംബുലന്‍സും വന്നു. അങ്ങനെ എളുപ്പത്തില്‍ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കാനായി. ചികിത്സ കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് അഭയ ആശുപത്രി വിടുകയും ചെയ്തു.
അറബിക്കടലിലെ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി; കടലിൽനിന്ന് ഒരു വസ്തു ലഭിച്ചെന്ന് ഫേസ്ബുക്കിൽ മലപ്പുറം താനൂർ സ്വദേശി!
കാസർകോട്: സുനാമി, കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം കാണാതായി. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സ്ഥാപിച്ച യന്ത്രമാണ് മൂന്നു ദിവസം മുമ്പ് കാണാതായത്. മൂന്നു ദിവസം മുമ്പ് യന്ത്രത്തിൽ നിന്നുള്ള ആശയവിനിമയം നിലച്ചതോടെയാണ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ യന്ത്രം കാണാനില്ലെന്ന് വ്യക്തമായി.
എന്നാൽ അതിനിടെ മലപ്പുറം താനൂരിൽനിന്നുള്ള ഒരാളുടെ ഫേസ്ബുക്ക് പേജിൽ യന്ത്രത്തിന്‍റെ ദൃശ്യങ്ങൾ വന്നിരുന്നു. കടലിൽനിന്ന് തങ്ങൾക്ക് ഒരു വസ്തു ലഭിച്ചെന്നു വീഡിയോയിൽ പറയുന്നുണ്ട്. മത്സ്യബന്ധനത്തിനിടെ ഇവർ യന്ത്രത്തിന്‍റെ മുകളിലിരിക്കുന്ന ദൃശ്യമാണിതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്താൻ തീരദേശ പൊലീസിന് കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. യന്ത്രത്തിലെ സെൻസറുകൾ തകരാറിലായെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇതോടെയാണ് ആശയവിനിമയ സംവിധാനം നിലച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.