• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പുഷ്പലതയുടെ കുത്തിവപ്പ് നെഗറ്റീവായി കാണ്ടേണ്ടതില്ല'; സെപ്റ്റംബര്‍ പത്തിനകം 18ന് മുകളിലുള്ളവർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുമെന്ന് മന്ത്രി വീണാ ജോർജ്

'പുഷ്പലതയുടെ കുത്തിവപ്പ് നെഗറ്റീവായി കാണ്ടേണ്ടതില്ല'; സെപ്റ്റംബര്‍ പത്തിനകം 18ന് മുകളിലുള്ളവർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുമെന്ന് മന്ത്രി വീണാ ജോർജ്

എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. സെപ്റ്റംബര്‍ 30നകം 1.11 കോടി വാക്‌സിന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
കൊച്ചി: ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് കൊവിഡ് വാക്സിൻ നൽകിയത് നെഗറ്റീവായി കാണരുതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.ആരോഗ്യപ്രവ൪ത്തക൪ക്കുള്ള അംഗീകാരം എന്ന നിലയിലാണ് പുഷ്പലതയെ അഭിനന്ദിച്ചത്. വാക്സിൻ എടുക്കാനെത്തിയവരെ തിരിച്ചയച്ചാൽ മറ്റൊരു തരത്തിലാവുമായിരുന്നു ചിത്രീകരണമെന്നും മന്ത്രി പറഞ്ഞു. ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

ജീവനക്കാരുടെ അഭാവം കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ ജോലി ചെയ്യേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ജോലിയോടുള്ള ആത്മാർഥത കൊണ്ടാണ് ഏഴര മണിക്കൂറിൽ ഇത്രകയധികം കുത്തിവയ്പുകൾ നൽകാനായതെന്നും ടീം വർക്കാണ് ഇതിനു പിന്നിലെന്നും പുഷ്പലത പ്രതികരിച്ചിരുന്നു.

സംസ്ഥാനത്ത് സെപ്റ്റംബര്‍ 10നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രി എറണാകുളം മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. സെപ്റ്റംബര്‍ 30നകം 1.11 കോടി വാക്‌സിന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.ഓഗസ്റ്റ് 31 വരെ പ്രതീക്ഷിച്ച രോഗികള്‍ ഇപ്പോള്‍ ചികിത്സയില്‍ ഇല്ല. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച നിലയില്‍ രോഗവ്യാപനം ഉണ്ടായില്ല. ഇത് ആശ്വാസം നല്‍കുന്നതാണ്. എങ്കിലും ജാഗ്രത കൈവിടരുത്. കോവിഡ് പ്രതിരോധത്തില്‍ വീട്ടുവീഴ്ച അരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളെ തള്ളിക്കളയരുത്. കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവര്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല. ഷോപ്പിങ്ങിനും മറ്റും പുറത്തുപോകുമ്ബോള്‍ കുട്ടികളെ കൂടെ കൂട്ടരുതെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബറിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം പൂർണമായി പുന:സ്ഥാപിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സെപ്റ്റംബർ മാസം പത്തിനകം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായി.
ക്യാൻസർ റിസർച്ച് സെന്ററിൽ പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനവാണുള്ളത്. ഈ വർഷം ഓഗസ്റ്റ് മാസം വരെ 228 മേജർ സർജറികൾ ക്യാൻസർ സെന്ററിൽ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ പുന:രാംഭിച്ചാൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കും.

യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ റംല ബീവി, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.ജി.  ബാലഗോപാൽ, എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കല കേശവൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ,  എ.ഡി.എം എസ്. ഷാജഹാൻ, എന്നിവർ പങ്കെടുത്തു.
Published by:Anuraj GR
First published: