കോഴിക്കോട്: ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ
ചേവായൂർ ബാങ്ക് പ്രസിഡന്റ് പ്രശാന്ത് കുമാർ, മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ എന്നിവരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി ഡിസിസി നിയോഗിച്ച അന്വേഷണ സമിതി. ഡിസിസി ജനറൽ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നൽകാനും മുൻ ഡിസിസി പ്രസിഡന്റ് രാജീവൻ മാസ്റ്റർ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലങ്കിൽ പരസ്യശാസന നൽകാനും സമിതി ശുപാർശ ചെയ്തു. ഇന്നലെ വൈകിട്ടാണ് അന്വേഷണ സമിതി ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാറിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഉടൻ കെപിസിസി പ്രസിഡൻറിന് കൈമാറുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാർ പറഞ്ഞു.
ഈ മാസം 13 നാണ് ടി സിദ്ദിഖിനെ പിന്തുണയ്ക്കുന്ന പഴയ എ ഗ്രൂപ്പ് നേതാക്കൾ കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയ നാല് മാധ്യമ പ്രവർത്തകരെ ഇവിടെ വെച്ച് ആക്രമിച്ച സംഭവത്തിൽ 21 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ആക്രമണത്തിന് നേതൃത്വം കൊടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജിവന്‍ ഉള്‍പ്പെടെയുള്ള 21 പ്രതികള്‍ക്കെതിരെ, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കസബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ 27 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസബ എസ് ഐ അഭിഷേക് പറഞ്ഞു.
കല്ലായ് റോഡിലെ ഹോട്ടലില്‍ ആയിരുന്നു യോഗം നടന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കഴുത്തിന് പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു. പുനഃസംഘടനയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് പാര്‍ട്ടി സെമി കേഡര്‍ രീതിയിലേക്ക് മാറുന്നമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണോ രഹസ്യയോഗം സംഘടിപ്പിച്ചതെന്ന് ഡിസിസി നേതൃത്വം അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട് മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നും അപ്പോൾ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോഴിക്കോട് സമാന്തര യോഗമല്ല നടന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നത്. വിഷയത്തിൽ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ അവരുടെ ജോലി ചെയ്യുന്നു, നമ്മൾ നമ്മുടെ ജോലി ചെയ്യുക എന്നതിന് പകരം ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.