ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി അട്ടപ്പാടി മാതൃകയാവുകയാണ്. ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഊരുകളിലെ സാമൂഹ്യ പഠനമുറികളിലും ടീവിയുള്ള വീടുകളിലും സൗകര്യങ്ങൾ സജ്ജമാക്കിയാണ് ഓൺലൈൻ പഠനം ലഭ്യമാക്കാൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികളെ സഹായിയ്ക്കാൻ അധികൃതരുമായി കൈകോർത്ത് സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
192 ആദിവാസി ഊരുകളിലുള്ള അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 4672 വിദ്യാർത്ഥികളാണ് വിവിധ സ്ക്കൂളുകളിലായി പഠിക്കുന്നത്. ഇതിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ല എന്നാണ് അധികൃതരുടെ കണക്ക്. ഈ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ വിദ്യാഭ്യാഭ്യാസ വകുപ്പും പട്ടികവർഗക്ഷേമ വകുപ്പും കുടുംബശ്രീയും സന്നദ്ധ സംഘടനകളും കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക.
അട്ടപ്പാടിയിൽ നിലവിൽ 18 ഊരുകളിൽ സാമൂഹ്യ പഠനമുറിയും 98 ഊരുകളിൽ ബാലവിഭവ കേന്ദ്രങ്ങളും പ്രവർത്തിയ്ക്കുന്നു. ഊരിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സർക്കാർ ഒരുക്കിയ പൊതു ഇടമാണ് സാമൂഹ്യ പഠനമുറി. സാമൂഹ്യ പഠനമുറികളിൽ ടിവിയും കമ്പ്യൂട്ടർ സൗകര്യമെല്ലാമുണ്ട്. ഇവിടെ ഓൺലൈൻ ക്ലാസുകൾ ക്രമീകരിയ്ക്കും. കുട്ടികൾക്ക് പഠന സഹായം ഉറപ്പു വരുത്തുന്നതിന് എല്ലായിടത്തും ഫെസിലിറേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. വിവിധ ക്ലാസുകളിൽ പഠിയ്ക്കുന്ന കുട്ടികളെ പഠനത്തിൽ സഹായിക്കുക എന്നതാണ് ഇവരുടെ ചുമതല.
അട്ടപ്പാടിയിലെ 98 ഊരുകളിലാണ് ബാലവിഭവ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയ്ക്കാണ് ബാലവിഭവ കേന്ദ്രങ്ങളുടെ ചുമതല. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇവിടെ ഒരു അധ്യാപികയുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് പ്രൊജക്ട് മാനേജർ സിന്ധു പറഞ്ഞു. സ്ക്കുളുകൾ തുറക്കുന്നത് വരെ ബാല വിഭവകേന്ദ്രങ്ങൾ ഓൺലൈൻ ക്ലാസ് മുറികളാവും. ടിവി, സ്മാർട്ട് ഫോൺ എന്നിവ ഓൺലൈൻ ക്ലാസ് മുറികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ അധ്യാപകരുടെ ക്ലാസുകൾ റെക്കോർഡ് ചെയ്ത് കാണിയ്ക്കും.
192 ഊരുകളിൽ 116 ഊരുകളിൽ സാമൂഹ്യ പഠനമുറികളോ ബാലവിഭവ കേന്ദ്രങ്ങളോ ഉണ്ട് എന്നതിനാൽ ഇവിടങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ടെലിവിഷൻ സൗകര്യം ഇല്ലാത്ത മറ്റു ഊരുകളിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്ത് കാണിയ്ക്കാനുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈൻ ക്ലാസിന്റെ ട്രയൽ പൂർത്തിയാവുന്നതോടെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസുകൾ കേൾക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ വാണിദാസ് പറഞ്ഞു.

Attapady school
അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങളിലുള്ള കുറുമ്പ ഊരുകളിലാണ് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്താനുള്ള പ്രധാന വെല്ലുവിളി. ഇവിടങ്ങളിൽ ഒരു പൊതു കേന്ദ്രത്തിൽ ടിവി സ്ഥാപിച്ച് ക്ലാസുകൾ കാണാനുള്ള സൗകര്യം ഒരുക്കും. തുടുക്കി, ഗലസി പോലുള്ള ഊരുകളിലെ ചില വീടുകളിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്ന ടിവി ഉണ്ടെങ്കിലും മണിക്കൂറുകളോളം ടിവി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നത് പരിമിതിയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇതിന് പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.