• HOME
 • »
 • NEWS
 • »
 • kerala
 • »
 • അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA

അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA

ജീവനക്കാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും, അട്ടപ്പാടി നിവാസികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും കെജിഎംഒഎ ശുപാർശ ചെയ്യുന്നു.

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

 • Share this:
  തിരുവനന്തപുരം: അട്ടപ്പാടിയിലെ നവജാത ശിശുമരണത്തോടെയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യൽ ആശുപത്രിയുടെ പരിമിതികൾ വീണ്ടും ചർച്ചയായത്. ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനവും, ആശുപത്രി സൂപ്രണ്ടിന്റെ സന്ദർശനവുമെല്ലാം ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശങ്ങൾ ഉയരാനും ഇടയാക്കി.

  ആശുപത്രിയിൽ മതിയായ സൗകര്യമില്ലെന്നും, കൂടുതൽ സൗകര്യങ്ങളും കൂടുതൽ ജീവനക്കാരെയും നിയമിക്കണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ നിലപാടിനോട് ചേർന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സർക്കാരിന് ശുപാർശകൾ നൽകിയിട്ടുള്ളത്. 17 ശുപാർശകളാണ് നൽകിയിട്ടുള്ളത്. ജീവനക്കാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും, അട്ടപ്പാടി നിവാസികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും കെജിഎംഒഎ ശുപാർശ ചെയ്യുന്നു.

  നിര്‍ദ്ദേശങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ച് അട്ടപ്പാടിയിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ ജീവനക്കാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.

  കെജിഎംഒ സർക്കാരിന് സമർപ്പിച്ച ശുപാർശകൾ
  1. കോട്ടത്തറ GTSH ആശുപത്രിയെ 'താലൂക്ക് ആശുപത്രി' പദവിയിലേക്ക് ഉയർത്തുന്നതോടൊപ്പം, 100 കിടക്കകളുടെ തസ്തികകൾ അടിയന്തിരമായി സൃഷ്ടിക്കുകയും വേണം. നിലവിൽ ഇവിടെ 125-ലധികം കിടപ്പുരോഗികൾ ദിവസേനെ ഉണ്ട് (കോവിഡിന് മുൻപ് 150-ൽപരം രോഗികൾ ഉണ്ടായിരുന്നു)
  2. GTSH-ൽ നിന്ന് ഏറ്റവും കൂടുതൽ റഫറൻസ് പോകുന്നത് ഗർഭിണികളുടെയും മറ്റു രോഗികളുടെയും USG സ്കാനിംഗ്, CT സ്കാനിംഗ്, തുടങ്ങിയവക്ക് വേണ്ടി മാത്രം ആണ്. ഇവിടെ റേഡിയോളജി PG കഴിഞ്ഞ മൂന്ന് ഡോക്ടർമാരെ നിയമിച്ചാൽ, 24 മണിക്കൂറും ഇത്തരം സേവനം തടസ്സമില്ലാതെ നല്കാൻ കഴിയുന്നതാണ്. മാത്രമല്ല, കൃത്യസമയത്തു സ്കാനിംഗ് ചെയ്യുന്ന സൗകര്യം ഉണ്ടായാൽ, ഗുരുതര പ്രശ്നങ്ങൾ - പ്രത്യേകിച്ചു ഗർഭിണകളുടെയും ഗർഭസ്ഥ ശിശുക്കളുടെയും - മുൻകൂട്ടി കണ്ടെത്താൻ കഴിയുകയും, അതുവഴി ശിശുമരണങ്ങൾ കുറയ്ക്കാൻ കഴിയുന്നതുമാണ്. മാത്രമല്ല, പലപ്പോഴും ആദിവാസി രോഗികൾ അട്ടപ്പാടി വിട്ടു മറ്റാശുപത്രികളിലേക്കു പോകാൻ പൊതുവെ തയ്യാറല്ലാത്തതു കാരണം, സമയാസമയമുള്ള ചെക്കപ്പുകൾക്കു തടസം നേരിടുന്ന സാഹചര്യം ഒഴിവാക്കാനും പറ്റും.

  3. അതോടൊപ്പം CT സ്കാനിങ്ങിനുള്ള സൗകര്യം ഉടനടി തയ്യാറാകേണ്ടതാണ് (ടെലിമെഡിസിൻ സൗകര്യം സഹിതം). അങ്ങനെ ആയാൽ ഒരു stroke യൂണിറ്റ് കൂടി ഇവിടെ സജ്ജം ആക്കാൻ പറ്റും.
  4. മെഡിസിൻ, സർജറി, ഗൈനെക്കോളജി, പീഡിയാട്രിക്സ്, psychiatry, അനസ്തേഷ്യ, ഡെന്റൽ, ഓർത്തോപീഡിക്, ENT , ഓഫ്‍താൽമോളജി തുടങ്ങിയ ഇവിടെയുള്ള സ്പെഷ്യൽറ്റികളിൽ നിലവിൽ ഒരു Junior Consultant പോസ്റ്റ് മാത്രമാണുള്ളത്. 24x7 സേവനം നൽകുന്ന ഇവിടെ, ഇപ്പോൾ അത് നിർവഹിക്കുന്നത് ഈ വിഭാഗങ്ങളിലെ ഡോക്ടർമാർ അധിക ജോലി എടുത്തിട്ടാണ് (സർജറി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ഡെന്റൽ, ഓർത്തോപീഡിക് ഡിപ്പാർട്മെന്റുകളിൽ നിലവിൽ ഓരോ ഡോക്ടർമാരെയും, ഗൈനെക്കോളജിയിൽ രണ്ടു ഡോക്ടർമാരെയും മറ്റു സ്ഥലങ്ങളിൽനിന്ന് ഇങ്ങോട്ടേക്കു പുനർവിന്യസിച്ചിട്ടുണ്ട്). അതായതു, നിലവിൽ രണ്ടു ഡോക്ടർമാർ മാത്രമേ ഒരു സ്പെഷ്യലിറ്റിയിൽ ഉള്ളൂവെങ്കിലും 24x7 സേവനം നൽകുന്നു. ആയതിനാൽ, എല്ലാ സ്പെഷ്യലിറ്റിയിലും മിനിമം മൂന്നു Junior Consultant പോസ്റ്റുകളും; മെഡിസിൻ, സർജറി, ഗൈനെക്കോളജി, പീഡിയാട്രിക്സ് & അനസ്തേഷ്യ സ്പെഷ്യൽറ്റികളിൽ ഓരോ Consultant പോസ്റ്റും അനിവാര്യം ആണ്. അതോടൊപ്പം പുതിയതായി രണ്ടു അസിസ്റ്റന്റ് സർജൻ & രണ്ടു CMO (നിലവിൽ നാലു വീതം ഉള്ളതിനു പുറമെ) പോസ്റ്റും സൃഷ്ടിക്കപ്പെടണം.

  5. അതോടൊപ്പം പുതിയതായി രണ്ടു Dermatologist,  ഓരോ പാത്തോളജിസ്റ്, ഫിസിയാട്രിസ്റ്റ് പോസ്റ്റും സൃഷ്ടിക്കണം.
  6. Deputation, Working arrangement, Deployment, Adhoc, NHM, തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അട്ടപ്പാടി സ്പെഷ്യൽ അലവൻസ് നൽകാനുള്ള നടപടി ഉണ്ടാകണം.
  7. പലപ്പോഴും ഉന്നതാധികാരികളിൽ നിന്നും നേരിടുന്ന ഒരു ചോദ്യം, GTSH താലൂക് ആശുപത്രി പോലും അല്ലാതിരിക്കെ ഇവിടെ എന്തിനാണ് ഇനിയും കൂടുതല്‍ ജീവനക്കാർ എന്നുള്ളതാണ്. പക്ഷെ, GTSH-ൽ ഇപ്പോൾ എന്തൊക്കെ ചികിത്സകൾ ആണ് നടക്കുന്നതെന്ന് മനസിലാക്കിയാൽ മാത്രമേ ഇതിനുള്ള ഉത്തരം ലഭിക്കുകയുള്ളു. • 24-hour specialist care (by all available specialty departments)• 24-hour casualty• 24-hour operation theatre• 24-hour X Ray unit • 24-hour laboratory.

  ഇവിടെ നൽകപ്പെടുന്ന ചികിത്സകളിൽ ചിലതു മാത്രം ചുവടെ കുറിക്കുന്നു: പാമ്പുകടിയേറ്റവര്‍ക്കുള്ള ചികിത്സയായ ASV, ഹാർട്ട് അറ്റാക്കിന്റെ ചികിത്സയായ Thrombolysis, വൃക്കരോഗികൾക്ക് Emergency Dialysis, ആക്സിഡന്റ് ആയി വരുന്ന രോഗികൾക്കുൾപ്പെടെ ICD insertion'ഉം മറ്റു എമർജൻസി procedures-ഉം, Intubate ചെയ്തുള്ള Mechanical ventilation, മരണത്തിലേക്ക് പോകുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുന്ന CODE BLUE സംവിധാനം,  TRIAGE system, എല്ലാ എമർജൻസി സർജറികളും തൈറോയ്ഡ് ഹെർണിയ അടക്കമുള്ള സർജറികളും (ലാപ്രോസ്കോപ്പിക് ഉൾപ്പടെയുള്ള), മുട്ടുമാറ്റിവെക്കലും ഇടുപ്പെല്ലുമാറ്റിവെക്കലും അടക്കമുള്ള സർജറികൾ, പ്രസവവും അതുമായി ബന്ധപ്പെട്ടു വരുന്ന സങ്കീർണതകൾക്കുള്ള ചികിത്സ (പ്രത്യേകിച്ചു ട്രൈബൽ ഗർഭിണികളിൽ 87% വും HIGH RISK പ്രെഗ്നൻസി ആണ് (നിലവിലെ കണക്കു പ്രകാരം)) , വന്ധ്യതാ ചികിത്സ, അങ്ങേയറ്റം ഗുരുതരമായ വെന്റിലേറ്ററിലുള്ള രോഗികൾ (ഒരു സമയം ശരാശരി രണ്ടു രോഗികൾ), കോവിഡ് സമയത്തു എറ്റവും ഗുരുതരമായ കാറ്റഗറി-സി  രോഗികളെ ചികിൽസിക്കുന്ന 13 -ബെഡ് കോവിഡ് ICU, violent ആയിട്ടുള്ള മാനസിക രോഗികൾക്ക് അടക്കം നൽകുന്ന ചികിത്സ, അരിവാൾ രോഗത്തിന്റെ സങ്കീർണ്ണതകൾക്കുള്ള ചികിത്സ, 1.5 kg പോലും ഇല്ലാത്ത തൂക്കം കുറഞ്ഞ നവജാതശിശുക്കൾക്കുള്ള ചികിത്സ, നവജാത വെന്റിലെറ്റർ ചികിത്സ, പാലക്കാട് ജില്ലയിലെ മൊത്തം രോഗികൾക്ക് വേണ്ടിയുള്ള ഡീഅഡിക്ഷന്‍ ചികിത്സ, ENT സർജറികൾ, Neonatal hearing Screening test (OAE), audiometry evaluation & hearing aid, Speech Therapy for  disabled kids, തുടങ്ങിയ ചികിത്സകൾ ആണ് ഇവിടെ വര്‍ഷങ്ങളായി നൽകി വരുന്നത്. അതും അട്ടപ്പാടി പോലെ വളരെ sensitive-ഉം ആയ രോഗികളും, വളരെ ദുർഘടമായ ഭൗതിക സാഹചര്യങ്ങളും, പെട്ടെന്ന് പ്രാപ്യമല്ലാത്ത (മണിക്കൂറുകൾ അകലെ ഉള്ള) റഫറൽ ആശുപത്രികളും ഉള്ള ഒരു സ്ഥലത്തു!  ഈവിധമുള്ള ചികിത്സാസൗകര്യങ്ങളുടെ മേന്മയുടെ പ്രത്യക്ഷ സാക്ഷ്യപത്രമാണ് അട്ടപ്പാടിക്ക് പുറത്തുനിന്ന് (കോയമ്പത്തൂർ, മണ്ണാർക്കാട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങൾ) ഉള്ള രോഗികൾ വരെ ഇങ്ങോട്ടേക്കു വിവിധ ചികിൽസ തേടി വരുന്നത്.ഇത്തരം ചികിത്സകൾ നൽകാൻ വളരെ അത്യാവശ്യം മാത്രം വേണ്ടുന്ന ഡോക്ടർസ് നഴ്സസ് & അനുബന്ധ സ്റ്റാഫുകളുടെ എണ്ണമാണ് നമ്മൾ ആവശ്യപ്പെടുന്നത്.

  8. അട്ടപ്പാടിയിൽ നിന്ന് ഒരു tertiary care സെന്റർ ആയ മെഡിക്കൽ കോളേജ് പോലുള്ള ആശുപത്രിയിലേക്ക് ഒരു രോഗിയെ നിലവിൽ റഫർ ചെയ്യാൻ മിനിമം 3-4 മണിക്കൂറുകൾ എങ്കിലും എടുക്കും. അത്രയും സമയം ഒരു ഗുരുതര രോഗിയുടെ ജീവന്റെ വിലയാണുള്ളത്. അതിനാൽ, കോയമ്പത്തൂർ, അല്ലെങ്കിൽ ഇടക്കാലത്തുണ്ടായിരുന്നതുപോലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിപോലുള്ള ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ  ഏതെങ്കിലും ഒന്നുമായി Tie-up ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്. അവിടെ ആവശ്യത്തിനുള്ള ട്രൈബൽ പ്രൊമോട്ടർമാരെ നിയമിക്കുകയും വേണം. GTSH-ലെ സൗകര്യങ്ങൾ ആവശ്യാനുസരണം വർധിപ്പിച്ചാൽ, വളരെ ചുരുക്കം രോഗികളെ മാത്രമേ ഇപ്രകാരം റെഫർ ചെയ്യേണ്ടി വരികയുള്ളൂ.

  9. GTSH-ൽ ഒരു മാസത്തിൽ കുറഞ്ഞത് രണ്ടു നിശ്ചിത ദിവസങ്ങളിൽ കാർഡിയോളോജിസ്റ്, നെഫ്രോളജിസ്റ്, ന്യൂറോളജിസ്റ്, ഗ്യാസ്‌ട്രോഎന്ററോളജിസ്റ് , നിയോനേറ്റോളജിസ്റ്, തുടങ്ങിയ സൂപ്പർ സ്പെഷ്യലിസ്റ്റുകളുടെ സേവനം സ്ഥിരമായി ഉറപ്പാക്കണം
  10. അട്ടപ്പാടിയിൽ മാതൃശിശുമരണങ്ങൾ നടക്കുമ്പോൾ, അത്  GTSH ആശുപത്രിയിലെ സൗകര്യക്കുറവും ജീവനക്കാരുടെ അലംഭാവവും മൂലമാണെന്ന രീതിയിൽ ആണ് അവ പലപ്പോഴും വ്യാഖ്യാനിച്ചു കണ്ടിട്ടുള്ളത്.  എന്നാൽ ഇത്തരം മരണത്തിലേക്ക് അവരെ നയിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ എന്തുകൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് കൂടുതലായി വരുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ശാസ്ത്രീയ പഠനങ്ങൾ ഇവിടെ നടക്കുന്നില്ല. ഗവണ്മെന്റ് ഇത്രയേറെ പദ്ധതികളും മറ്റും നടപ്പിലാക്കിയിട്ടും അത് കാര്യമായി ഗുണം ചെയ്യുന്നില്ലെങ്കിൽ, അത് പ്രശ്നങ്ങളുടെ അടിവേര് ചികയാതെ നടത്തുന്ന താൽക്കാലിക പരിഹാരക്രിയകൾ മൂലമാണ്. ആദിവാസികളുടെ ജീവിതരീതി, ജീവിത സാഹചര്യം, ആഹാരക്രമം, ജോലിസാഹചര്യങ്ങൾ, കൃഷി, ഇഷ്ടാനിഷ്ടങ്ങൾ, വിശ്വാസങ്ങൾ, സ്വഭാവ സവിശേഷതകൾ, തുടങ്ങിയവ മനസിലാക്കാതെ / പഠിക്കാതെ നടപ്പിൽവരുത്തുന്ന ഏതൊരു പദ്ധതിയും ഒരു ശാശ്വത പരിഹാരം നൽകുകയില്ല. ആദിവാസികളുടെ രീതികൾക്കനുസരിച്ചുള്ള, അവരെക്കൂടി ഉൾക്കൊണ്ടു കൊണ്ടുള്ള, വിശ്വാസത്തിലെടുത്തുള്ള പരിഷ്‌കാരങ്ങൾ ആണ് നടപ്പിലാക്കേണ്ടത്, അവരെ സ്വയം പര്യാപ്തരാക്കുകയാണ് വേണ്ടത്. ലഹരി വസ്തുക്കളുടെ അപകടം, ഗർഭിണിയുടെ പരിപാലനം, നവജാതശിശുക്കളുടെ പരിചരണം, കുട്ടികളുടെ വിദ്യാഭ്യാസം, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം, തുടങ്ങി പ്രധാനപ്പെട്ട  കാര്യങ്ങളിൽ അവരുടെ ചിന്തകൾകൂടി ഉൾകൊണ്ടു കൊണ്ടുള്ള സമഗ്രമായ ബോധവൽക്കരണ പരിപാടികൾ നടക്കേണ്ടതുണ്ട്. ആദിവാസികൾക്കിടയിലെ വിളർച്ച, പോഷകാഹാരക്കുറവ് , അരിവാൾ രോഗം, ലഹരിക്ക്‌ അടിമപ്പെടൽ, ദാമ്പത്യ പ്രശ്നങ്ങൾ, മനസികാരോഗ്യപ്രശ്നങ്ങൾ, തുടങ്ങിയുള്ള പ്രശ്നങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുവാനും അതിന്റെ പ്രായോഗിക പരിഹാരങ്ങൾ കാണുവാനുമായി ,ആദിവാസികളിലെ അനുയോജ്യരായ വ്യക്തികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദഗ്ധരായ വ്യക്തികൾ ഉൾപ്പെടുന്ന ഓരോ പാനൽ ഉടനടി ഉണ്ടാക്കേണ്ടതാണ്.

  11. അട്ടപ്പാടിയുടെ സാമൂഹ്യ സാമ്പത്തിക സാഹചചര്യങ്ങളെ ഉയർത്തി കൊണ്ടുവന്നാൽ മാത്രമേ ഭദ്രമായ ദാമ്പത്യ ബന്ധങ്ങളും ആരോഗ്യമുള്ള അച്ഛനമ്മമാരും ഉണ്ടാവുകയുള്ളൂ. യുവ തലമുറയിലെ പുരുഷന്മാർ സ്ത്രീകൾക്കൊപ്പം,  മാനസികവും ശാരീരികവും ആയി ആരോഗ്യമുള്ളവർ ആയാൽ മാത്രമേ അത് സാധിക്കൂ. ലഹരിയുടെ പിടിയിൽ നിന്നും മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിന്നും അവരെ  മുക്തരാക്കാൻ അട്ടപ്പാടിക്ക് മാത്രമായി ഒരു വിമുക്തി മൊബൈൽ  deaddiction centre, psychiatrist ന്റെ നേതൃത്വത്തിൽ (post) വേണം. നിലവിൽ പാലക്കാട്‌ ജില്ലയുടെ വിമുക്തി centre അട്ടപ്പാടിയിൽ ഉണ്ട്. പക്ഷേ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്പെഷ്യൽ വിമുക്തി ടീം അടിയന്തിരമായി ആവശ്യമാണ്
  12. വെന്റിലേറ്റർ സൗകര്യത്തോടുകൂടിയുള്ള (നവജാത ശിശുക്കൾക്കു, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള) ആംബുലൻസ് ആവശ്യമാണ്. പലപ്പോഴും ഇവിടെ നിന്ന് റെഫർ ചെയ്യുന്ന രോഗികളുടെ ഒപ്പം ഒരു സ്റ്റാഫ് കൂടി പോകേണ്ട ആവശ്യം വരാറുണ്ട് (അവരുടെ അസുഖത്തിന്റെ ഗുരുതര സ്വഭാവം മൂലം). അതിലേക്കു വേണ്ട സ്റ്റാഫിനെയും നിയമിച്ചു നൽകേണ്ടതാണ്

  13. GTSHൽ വച്ച് കൃത്യസമയത്തു തന്നെ ഒരു രോഗിയുടെ ഗുരുതരാവസ്ഥ/ അപകടവസ്‌ഥ തിരിച്ചറിഞ്ഞാലും തൊട്ടടുത്ത ഹയർ സെന്റർ ആയ പാലക്കാട്‌ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു ചെന്നെത്തിക്കാന്‍ ചുരവും റോഡിന്റെ ശോചനീയ അവസ്ഥയും പിന്നെ ട്രാഫിക് ഉം കണക്കിലെടുത്താൽ ചുരുങ്ങിയത് മൂന്നു മൂന്നര മണിക്കൂറും തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് ചുരുങ്ങിയത് നാലു നാലര മണിക്കൂറും സമയം എടുക്കും. ഒരു ആംബുലൻസില്‍ അപകടവസ്ഥയിൽ ഉള്ള ഒരു രോഗിയുടെ ജീവൻ ഇത്രയും സമയം പിടിച്ചു നിർത്താൻ പരിമിതികൾ ഉണ്ട്. അങ്ങനെ അപകടം സംഭവിച്ചാൽ അത്‌ കൃത്യസമയത്തു റെഫർ ചെയ്യാത്തതു മൂലമാണെന്നുള്ള പഴി ആണ് കേൾക്കേണ്ടി വരുന്നത്. ഇനി ഈ സമയതാമസം ഒഴിവാക്കാൻ അല്പമെങ്കിലും അപകടസാധ്യത വരാൻ സാധ്യത ഉള്ള രോഗികളെ ഈ സമയം കൂടി മുൻകൂട്ടി കണ്ടു റെഫർ ചെയ്ത് വിടേണ്ടി വരും. അങ്ങനെ മുൻകൂടിക്കണ്ട് റെഫർ ചെയ്യുന്ന രോഗികൾക് എപ്പോഴും പ്രശ്നങ്ങൾ വന്നുകൊള്ളണം എന്ന് നിർബന്ധം ഇല്ലല്ലോ.  അവർ അവിടെ ചെന്ന് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അനാവശ്യമായി ഞങ്ങളെ റെഫർ ചെയ്തു എന്ന ചീത്തപേരും ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.

  14. അട്ടപ്പാടിയിൽ ഒരു 'ട്രൈബൽ നോഡൽ ഓഫീസർ ഫോർ ഹെൽത്ത്' എന്ന ഒഫീഷ്യൽ പോസ്റ്റ് ഉണ്ടാകുകയും, ഇവിടെ ആരോഗ്യമേഖലയിൽ വേണ്ട കാര്യക്ഷമായ ഇടപെടൽ നടത്തുന്നതിന് ആവശ്യമായ അധികാരങ്ങൾ നിർവചിച്ചു നല്കുകയും വേണം. അട്ടപ്പാടി നോഡൽ ഓഫീസറുടെ കീഴിൽ കൃത്യമായ ഇടവേളകളിൽ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ടതും അവ മേലേത്തട്ടിലേക്കു കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമാണ്.
  15. GTSH-ലെ ലബോറട്ടറി സംവിധാനം കാര്യമായി വിപുലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ പുറത്തുള്ള ലാബുകളെ ആശ്രയിച്ചാണ് പല ടെസ്റ്റുകളും നടത്തുന്നത്. ഇത് സമയനഷ്ടം സാമ്പത്തിക നഷ്ടം തുടങ്ങിയവ ഉണ്ടാക്കാനും, രോഗികൾക്ക് കൃത്യമായ ചികിത്സ സമയത്തു ലഭിക്കാതിരിക്കുന്നതിനും ഗുരുതര രോഗങ്ങളുടെ പെട്ടെന്നുള്ള ചികിത്സാ നിർണയത്തിന് തടസ്സമാകുകയും  ചെയ്യുന്നുണ്ട്.

  16. ഇവിടെ എപ്പോഴും ഡോക്ടർമാരുടെ ഒരു കൂട്ടായ, വളരെ സമയബന്ധിതമായ പ്രവർത്തനം മൂലമാണ് പല മരണാസന്നരായ രോഗികളെയും resuscitate ചെയ്തു ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്നിട്ടുള്ളതു. അത്തരം കൂട്ടായ്മകൾ ഡോക്ടർമാരുടെ ഒത്തൊരുമയുടെ ഫലമായാണ് ഉണ്ടാകുന്നതു. ഈ ഒത്തൊരുമ എല്ലാ ഡോക്ടര്‍മാരും  ക്യാമ്പസിനകത്തുള്ള ക്വാര്‍ട്ടേഴ്സുകളിൽ ഒരുമിച്ചു താമസിച്ചു അന്യോന്യം സഹകരണത്തിലൂടെ വളർത്തിക്കൊണ്ടു വന്നതാണ്. പക്ഷെ, ഡോക്ടര്‍മാര്‍ക്കും  മറ്റുജീവനക്കാർക്കും ക്യാമ്പസ്സിനുള്ളിൽ തന്നെ തങ്ങുന്നതിനു വേണ്ടി നിലവിലുള്ള ക്വാർട്ടേഴ്‌സുകൾ അപര്യാപ്തമാണ്. ആയതിനാൽ എത്രയും വേഗം പുതിയ ക്വാർട്ടേഴ്‌സ് നിർമ്മിക്കേണ്ടതാണ്.

  17. PG കോഴ്സിന് ശേഷം ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും മറ്റു പാരാമെഡിക്കൽ ജീവനക്കാരുടെയും ബോണ്ട് പീരീഡ് (നിർബന്ധിത സേവനകാലം) ഈ ആശുപത്രയിൽ നൽകണം. ഇവിടെ സേവനം ചെയ്യുന്നവർക്കു ഉന്നത വിദ്യാഭ്യാസത്തിനു സ്പെഷ്യൽ കോട്ട നൽകേണ്ടതാണ്. അട്ടപ്പാടി മേഖലയിൽ കൂടുതൽ ഡോക്ടര്‍മാര്‍ വന്നു സേവനം അനുഷ്‌ഠിക്കാൻ, PG/DNB സ്റ്റേറ്റ് സർവീസ് ക്വാട്ടയിൽ പ്രത്യേക സംവരണം ഉറപ്പാക്കണം. അത്തരം ഡോക്ടര്‍മാരുടെ പഠനകാലം കഴിഞ്ഞു നിശ്ചിത വര്‍ഷം ഇവിടെ നിർബന്ധിത സേവനം (ബോണ്ട് വ്യവസ്ഥയിൽ) നടപ്പാക്കണം.
  Published by:Sarath Mohanan
  First published: