• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശിഷ്യനാണ് മാഷേ, പൈസ തന്ന് സഹായിക്കണം ! ശിഷ്യന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അധ്യാപകന്റെ പണം തട്ടാന്‍ ശ്രമം

ശിഷ്യനാണ് മാഷേ, പൈസ തന്ന് സഹായിക്കണം ! ശിഷ്യന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അധ്യാപകന്റെ പണം തട്ടാന്‍ ശ്രമം

ഫേസ്ബുക്കില്‍ തനിക്കു വന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനു പിന്നാലെ കുശലാന്വേഷണം പറഞ്ഞു തുടങ്ങിയ ശിഷ്യന്‍ പെട്ടന്ന് അധ്യാപകനോട് അത്യാവശ്യമായി 25,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

 • Last Updated :
 • Share this:
  കാര്‍ത്തിക. എം

  'സാര്‍ എന്നെ മനസിലായില്ലേ.. എന്തൊക്കെയുണ്ട് വിശേഷം? എനിക്ക് അത്യാവശ്യമായി 25,000 രൂപ വേണം'...
  ഇതായിരുന്നു തുടക്കം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മുന്‍ മലയാളം അധ്യാപകനായ ഡോ. സെബാസ്റ്റ്യന്‍ ജോസഫിന് ഫേസ്ബുക്കില്‍ വന്ന സന്ദേശം ആണിത്. അയച്ചതോ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍, ബിനോയ് ഫിലിപ്പും.

  ഫേസ്ബുക്കില്‍ തനിക്കു വന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനു പിന്നാലെ കുശലാന്വേഷണം പറഞ്ഞു തുടങ്ങിയ ശിഷ്യന്‍ പെട്ടന്ന് അധ്യാപകനോട് അത്യാവശ്യമായി 25,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. മാസത്തിന്റെ തുടക്കമായതല്ലേയുള്ളു, അത്രയും ഉണ്ടാകില്ലെന്നു പറഞ്ഞതോടെ 5000 എങ്കിലും വേണമെന്നായി. എന്നാല്‍ ഗൂഗിള്‍ പേ നമ്പര്‍ അയക്കാന്‍ പറഞ്ഞു നോക്കിയപ്പോള്‍ ബിനോയ്ക്ക് പകരം ഭഗീരത് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്.

  ചുരുക്കി പറഞ്ഞാല്‍ സംഗതി പണം തട്ടിപ്പാണ്. അതിനായി സെബാസ്റ്റ്യന്‍ ജോസഫിന്റെ ശിഷ്യനായ ബിനോയിയുടെ പേര് കരുവാക്കിയെന്നു മാത്രം. സമൂഹമാധ്യമങ്ങളില്‍ നന്നായി ഇടപഴകുന്ന ആളാണ് സെബാസ്റ്റ്യന്‍ ജോസഫ്. താന്‍ പഠിപ്പിച്ച മിക്ക കുട്ടികളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളായത് കൊണ്ട് തന്നെ, ഇത് തട്ടിപ്പാണെന്ന് തനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നുവെന്നു ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗം മുന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം പറഞ്ഞു.

  തുടക്കത്തില്‍ ഇംഗ്ലീഷിലായിരുന്ന സംസാരം പതിയെ മലയാളത്തിലേക്ക് മാറ്റി കള്ളി വെളിച്ചത്ത് കൊണ്ടു വരണമെന്നായിരുന്നു സെബാസ്റ്റ്യന്‍ വിചാരിച്ചിരുന്നത്. സംഭാഷണങ്ങള്‍ക്കൊടുവില്‍ മൗനം പാലിക്കാന്‍ തുടങ്ങിയ വ്യാജനോട് ഫോണില്‍ വിളിയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി പൊളിഞ്ഞെന്നു മനസിലാക്കിയ വ്യാജന്‍ തന്റെ വ്യാജ പ്രൊഫൈല്‍ നിഷ്‌ക്രിയമാക്കി മുങ്ങുകയാണുണ്ടായത്.

  വ്യാജ പ്രൊഫൈലിന്റെ പേരിനുടമയായ ബിനോയ് ഫിലിപ്പ് തൊണ്ണൂറുകളില്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിയും യൂണിയന്‍ ചെയര്‍മാനുമായിരുന്നു. നിലവില്‍ കൊച്ചിയിലെ എച്. ഡി. എഫ്. സി. ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ ആണ്.

  കൊറോണ കാലത്തും അതിനു മുന്‍പും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കഥകള്‍ വ്യാപകമായി കേള്‍ക്കാറുണ്ടെങ്കിലും വ്യാജനെ പിടിച്ച കഥകള്‍ വളരെ അപൂര്‍വമാണ്.

  പ്രമുഖനായ ഒരു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലരുടെ 2 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് വിധേയമായത്. അത് പോലെ തന്നെ തൃശൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകളുടെ 60 ലക്ഷം രൂപയാണ് ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ തട്ടിയെടുക്കപ്പെട്ടത്.

  ആളുകളുടെ ഒരു പൊതു വിശ്വാസം എല്ലാവര്‍ക്കും അബദ്ധം പറ്റിയാലും തനിക്ക് പറ്റില്ല എന്നതാണെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് നിരവധി പേരാണ്. 'നമ്മള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് കണ്ടാല്‍ ഉടനെ തന്നെ റിപ്പോര്‍ട്ട് ചെയുകയും അതിനെ കുറിച്ച് മറ്റുള്ളവരെ ബോധവാന്‍മാരാക്കുകയും വേണമെന്നു' ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പറയുന്നു. കുറച്ചു കാലങ്ങളായി ന്യൂസ് ചാനലുകള്‍ കാണുന്നതും പത്രങ്ങള്‍ വായിക്കുന്നതുമായ ശീലങ്ങള്‍ സമൂഹത്തില്‍ നിന്ന് നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഒരു പൊതു ബോധം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

  ഡോ. സെബാസ്റ്റ്യന്‍ ജോസെഫിന്റെ പേരിലും തട്ടിപ്പ് നടത്താന്‍ ശ്രമമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വ്യാജ മെയില്‍ സൃഷ്ടിച്ചു മറ്റു പല അധ്യാപകരില്‍ നിന്നും പണം ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതിനാല്‍ കബളിപ്പിക്കലിന് ആരും ഇരയായില്ല. പിന്നീട് ഒരിക്കല്‍ ഒരു സ്ത്രീയുടെ പേരില്‍ വാട്സ്ആപ്പില്‍ തട്ടിപ്പിന് ശ്രമം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന കേസുകള്‍ ധാരാളം ഉണ്ടെങ്കിലും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് വളമാകുന്നത്. ഇതിനു തുടര്‍ നടപടികള്‍ എന്തായാലും സ്വീകരിക്കുമെന്നും ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.
  Published by:Karthika M
  First published: