• HOME
 • »
 • NEWS
 • »
 • kerala
 • »
 • KK Venugopal | കേരള സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥികള്‍ക്ക് ഒരു പുസ്തകം; വില 12 ലക്ഷം രൂപ; വാങ്ങി നല്‍കിയത് അറ്റോണി ജനറല്‍

KK Venugopal | കേരള സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥികള്‍ക്ക് ഒരു പുസ്തകം; വില 12 ലക്ഷം രൂപ; വാങ്ങി നല്‍കിയത് അറ്റോണി ജനറല്‍

പേറ്റന്‍റ് നിയമത്തിന്റെ ബൈബിൾ ആയി കണക്കാക്കപ്പെടുന്ന 12 ലക്ഷം രൂപ വിലമതിക്കുന്ന ചിസം ഓൺ പേറ്റന്‍റ്  എന്ന പുസ്കമാണ് അറ്റോണി ജനറല്‍ വാങ്ങി നല്‍കുന്നത്.

 • Share this:
  കേരള സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് റഫര്‍ ചെയ്യുന്നതിനായി ഒരു പുസ്തകം വേണം . ഒരുപാട് നാളുകളായി അത് വാങ്ങുന്നതിനായി അവര്‍ ശ്രമിക്കുകയായിരുന്നു. പല മാര്‍ഗങ്ങളും നോക്കി ഒന്നും ഫലം കണ്ടില്ല. ഒരു പുസ്തകം വാങ്ങാന്‍ ഇത്രയധികം ബുദ്ധിമുട്ടോ ? കേള്‍ക്കുന്നവര്‍ക്ക് നിസാരമെന്ന് തോന്നാം. പേറ്റന്‍റ് നിയമത്തിന്റെ ബൈബിൾ ആയി കണക്കാക്കപ്പെടുന്ന ചിസം ഓൺ പേറ്റന്‍റ്   (Chisum on Patents) എന്ന പുസ്കമാണ് വേണ്ടത്. പക്ഷേ വില $15,894 ഡോളര്‍, അതായത് 12 ലക്ഷം ഇന്ത്യന്‍ രൂപ.

  ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുന്നതിനായി 4 ലക്ഷം രൂപ മാത്രം ഗ്രാന്‍റായി ലഭിക്കുന്ന സ്ഥലത്ത് 54 വാല്യങ്ങള്‍ ഉള്ള പുസ്തകം വാങ്ങുന്നതിന് പരിമിതികള്‍ ഏറെയായിരുന്നു. മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ വകുപ്പ് മേധാവി സിന്ധു തുളസീധരന്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന് (KK Venugopal) വിദ്യാര്‍ത്ഥികളുടെ ആവശ്യം അറിയിച്ച് കത്തയച്ചു. ഇതിനിടെ ഒരു കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പുസ്തകം വാങ്ങുന്നതിനുള്ള പണം ലഭ്യമാക്കുന്നതിനായി ശ്രമം ആരംഭിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് വകുപ്പ് മേധാവി സിന്ധു തുളസീധരന് കെ.കെ വേണുഗോപാലില്‍ നിന്ന്  ഒരു കത്ത് വന്നു.

  നിങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം ആ പുസ്തകം വാങ്ങി സമ്മാനമായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു, അതിനുള്ള പര്‍ച്ചേസ് ഓര്‍ഡറും നല്‍കി കഴിഞ്ഞു. എന്ന് അറ്റോണി ജനറല്‍ കത്തില്‍ എഴുതി.  അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്ന് ഞങ്ങള്‍ക്കറിയില്ലെന്നും ഹൃദയത്തെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തിയാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതെന്നും വകുപ്പ് മേധാവി സിന്ധു തുളസീധരന്‍ പറഞ്ഞു.

  “പുസ്തകം വാങ്ങുന്നതിന് വില വലിയ തടസ്സമായിരുന്നു, പക്ഷേ ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് തർക്കങ്ങൾ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ ആഴത്തിലുള്ള പഠനം നടത്താൻ ഞങ്ങളുടെ വിദ്യാർത്ഥികൾ താൽപ്പര്യം കാണിച്ചിരുന്നത് കൊണ്ട്, എങ്ങനെ എങ്കിലും പുസ്തകം വാങ്ങണമെന്ന് ഞങ്ങൾ  ആഗ്രഹിച്ചിരുന്നു. എന്ന് അവര്‍ പറഞ്ഞു.

  വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെയും സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലെയും പ്രൊഫസറായ പ്രമുഖ അമേരിക്കന്‍  പണ്ഡിതന്‍ ഡൊണാൾഡ് എസ് ചിസം എഴുതിയ 'ചിസം ഓൺ പേറ്റന്റ്' എന്ന പുസ്തകം 1978-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 14 യുഎസ് സുപ്രീംകോടതി വിധികളും 1100 അധികം കേസുകളും ഉദ്ധരിക്കുന്ന ഗ്രന്ഥമാണിത്. 2011 ലെ അമേരിക്കന്‍ ഇന്‍വെന്‍റ്സ് ആക്ട് എന്നിവ അടക്കം ഉള്‍പ്പെടുത്തി പരിഷ്കരിച്ച പുസ്തകത്തിന്‍റെ പുതിയ എഡിഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  കാഞ്ഞങ്ങാട് സ്വദേശിയായ കെ.കെ വേണുഗോപാലിന്  തന്റെ പിതാവ് എം.കെ.നമ്പ്യാരുടെ സ്മരണയ്ക്കായി കേരളത്തിൽ നിയമ സർവകലാശാല തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അതിന് സാധിച്ചില്ല. ശേഷം ബംഗളൂരു  ദേശീയ നിയമ സര്‍വകലാശാലയില്‍ അദ്ദേഹത്തിന്‍റെ സ്മരാണാര്‍ത്ഥം എം.കെ നമ്പ്യാര്‍  ചെയര്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ ആരംഭിക്കുകയും ചെയ്തു.
  Published by:Arun krishna
  First published: