കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോതൊഴിലാളി മരിച്ചു. എലത്തൂർ എസ് കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. ഓട്ടോസ്റ്റാന്റിലെ തർക്കത്തെത്തുടർന്ന് രാജേഷിനെ സിപിഎം പ്രവർത്തകർ മർദിച്ചിരുന്നു. രാജേഷിനെ മർദിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ റിമാൻഡിലാണ്. ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ് റിമാൻഡിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോൺ എടുത്ത് വാങ്ങിയ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ ഇറക്കി ഓടിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് രാജേഷുമായി സിപിഎം പ്രവർത്തകർ തർക്കമുണ്ടായത്. ഈ സംഭവത്തിനുശേഷമാണ് ഇയാൾ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഏഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് രാജേഷ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെർമിറ്റ് ശരിയാക്കി ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ രാജേഷിനെ മറ്റ് ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റാൻഡിൽ ഓടിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാൽ ഇത് വകവെക്കാതെ രാജേഷ് സ്റ്റാൻഡിൽ ഇറക്കി ഓട്ടോ ഓടിച്ചു. ഇതേത്തുടർന്നാണ് സിപിഎം പ്രവർത്തകരുമായി തർക്കം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto driver died, Cpm, Kozhikode, Suicide attempt