സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ളവരുമായി ഇടപെടുന്നവരാണ് നമ്മുടെ നാട്ടിലെ ഓട്ടോ ഡ്രൈവർമാർ (autorickshaw driver). നാട്ടിലെ പ്രധാന ഇടങ്ങൾ ഒക്കെയും മനഃപാഠം ആക്കിയ ഇവർക്ക് പക്ഷേ ചിലപ്പോഴെങ്കിലും, ചില യാത്രക്കാർ പണിയും കെണിയും ആവാറുണ്ട്. അത്തരത്തിൽ ഓട്ടോക്കാർക്ക് തലവേദന സൃഷ്‌ടിച്ച ഒരു അമ്മാവനെ കുടുക്കിയ കാര്യവുമായി തൃശൂർ സിറ്റി പോലീസ് (Thrissur City Police) എത്തുന്നു. ഫേസ്ബുക്ക് കുറിപ്പിലേക്ക്:
'കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന ഒരമ്മാവൻ, കുളിച്ച്, കുറിവരച്ച്, നല്ല മുണ്ടും ഷർട്ടും ധരിച്ച് രാവിലെതന്നെ വീട്ടിൽ നിന്നും പുറപ്പെടും. എന്നിട്ട് ബസ്സിൽ കയറി എവിടെയെങ്കിലും ചെന്നിറങ്ങും. കുറച്ചു ദൂരം നടന്ന്, തൊട്ടടുത്ത ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷയിൽ കയറും. എന്നിട്ട് അയാൾ ഓട്ടോറിക്ഷക്കാരനോട് പറയും. തൃശൂർ കലക്ടറേറ്റ്. ഓട്ടോറിക്ഷക്കാരന് സന്തോഷമായി.
രാവിലെ തന്നെ നല്ലൊരു ഓട്ടം കിട്ടിയല്ലോ..
പത്തു പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ച് തൃശൂർ കലക്ടറേറ്റിന്റെ പ്രധാന കവാടത്തിലെത്തി. അയാൾ ഇറങ്ങി.
ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങി, ഇപ്പോൾ തന്നെ വരാം. എന്നിട്ട് നമുക്ക് തിരിച്ചു പോകാം.
ഓട്ടോറിക്ഷ അവിടെ പാർക്ക് ചെയ്ത് ഡ്രൈവർ കാത്തു നിന്നു.
ട്രഷറിയിൽ നിന്നും ഉടനെത്തന്നെ അയാൾ തിരിച്ചു വന്നു.
ഒരു 600 രൂപയുണ്ടോ ? എന്റെ കൈവശം ചില്ലറയില്ല. ട്രഷറിയിൽ കൊടുക്കാനാണ്. പെൻഷൻ വാങ്ങി, ഞാൻ ഉടനെ തിരിച്ചുവരാം.
ഡ്രൈവർ തന്റെ പോക്കറ്റ് തപ്പി. പെട്രോൾ അടിക്കാനായി കൈവശം കരുതിയിരുന്ന 600 രൂപ അയാൾക്ക് എടുത്തു നൽകി.
ഞാൻ ഉടനെ വരാം.
അയാൾ വീണ്ടും ട്രഷറിക്ക് അകത്തേക്ക് പോയി.
ഓട്ടോ ഡ്രൈവർ അവിടെ കാത്തു നിന്നു. വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും കാത്തു നിന്ന് ഡ്രൈവർ മടുത്തു. അയാളുടെ ഫോൺ നമ്പർ വാങ്ങിയിട്ടില്ല. മുഖപരിചയം മാത്രം അറിയാം. ഓട്ടോ ഡ്രൈവർ ട്രഷറിക്കകത്തേക്ക് കയറി നോക്കി. അവിടെയൊന്നും അയാൾ ഇല്ല. അവിടെയുണ്ടായിരുന്ന ജീവനക്കാരോട് ചോദിച്ചു. അങ്ങിനെയൊരാൾ അവിടെ വന്നില്ലെന്നാണ് അവർ പറഞ്ഞത്. തന്റെ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടുവരിക മാത്രമല്ല, തന്റെ കൈവശം നിന്നും പണം വാങ്ങി, തന്നോട് കാത്തു നിൽക്കാൻ പറഞ്ഞ് അയാൾ തന്നെ പറ്റിച്ച് പോയി എന്ന് ഓട്ടോറിക്ഷ ഡ്രൈവർക്ക് അപ്പോഴാണ് മനസ്സിലായത്. കുറേ നേരം കൂടി കാത്തു നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ തൊട്ടടുത്ത ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിച്ചു.
ഒന്നു രണ്ട് ആഴ്ചകൾ കഴിഞ്ഞു.
വീണ്ടുമിതാ മറ്റൊരു ഓട്ടോറിക്ഷക്കാരൻ കൂടി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെ, വിവിധ ദിവസങ്ങളിലായി ഇതേ കാര്യത്തിന് ആറ് പരാതികളാണ് ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതി സ്വീകരിച്ച ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ, കെ.സി. ബൈജു, കള്ളനെ എങ്ങിനെയെങ്കിലും കുടുക്കുവാൻ കാത്തിരുന്നു.
ഇയാളുടെ സ്വഭാവത്തെപ്പറ്റി, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായമയിൽ അറിയിപ്പു നൽകി. അവർ ഇത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
പതിവുപോലെ പിന്നീട് ഒരു ദിവസം അയാൾ ഗുരുവായൂരിൽ നിന്നും ഓട്ടം വിളിച്ചു. കലക്ട്രേറ്റിൽ ഇറങ്ങി, ഓട്ടോറിക്ഷക്കാരനോട് കാത്തു നിൽക്കാൻ പറഞ്ഞു, ട്രഷറിയിലേക്ക് പോയി, തിരിച്ചു വന്നു, പണം ചോദിച്ചു.
പോലീസ് പ്രചരിപ്പിച്ച അതേ സവിശേഷതകൾ. ഓട്ടോറിക്ഷ ഡ്രൈവർ അപകടം മണത്തു. അയാളെ മുറുകെ പിടിച്ചു. നാട്ടുകാർ ചുറ്റും കൂടി. അയാളെ നേരെ, ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ എഴുപത്തിയാറു വയസ്സുള്ള പ്രതിയെ റിമാന്റ് ചെയ്യുകയുമുണ്ടായി. ഇയാൾ ഇതിനുമുമ്പും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ്.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autorickshaw, AUTORICKSHAW DRIVER