കൊച്ചി: പത്തൊമ്പതു പേരുടെ മരണത്തിനിടയാക്കിയ അവിനാശി ദുരന്തത്തിൽ ട്രക്കുടമയ്ക്കെതിരെയും ആരോപണം. ട്രക്ക് ഉടമയുടെ ലാഭക്കൊതിയാണ് ദുരന്തത്തിലേയ്ക്ക് വഴിവെച്ചതെന്നു ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. അപകടത്തിന് കാരണക്കാരായ ട്രക്കിന്റെ ഉടമ ഗ്ലോബൽ ഷിപ്പിംഗ് കമ്പനിയ്ക്കെതിരെയാണ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
നിരക്ക് കുറച്ചും കുറഞ്ഞ വേതനത്തിനുമാണ് തൊഴിലാളികളെക്കൊണ്ട് ട്രക്കുടമ പണിയെടുപ്പിക്കുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ചാൾസ് ജോർജ് ആരോപിച്ചു. ദുരന്തത്തിൽ ട്രക്ക് ഉടമയ്ക്കെതിരെയും നടപടിയെടുക്കണമെന്ന് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
മരിച്ചവരുടെയും അപകടത്തിൽപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ ഒരു തരത്തിലും ന്യായീകരിക്കുകയില്ലെന്നും ചാൾസ് ജോർജ് പറഞ്ഞു. അപകടത്തിനിടയാക്കിയ സാഹചര്യം കൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ഷിപ്പിംഗ് ട്രക്കുടമ മറ്റ് മുതലാളികളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിലാണ് ട്രക്ക് ഓടിക്കുന്നതെന്നും ലാഭത്തിനായി ഓവർ ലോഡ് കയറ്റാറുണ്ടെന്നും ചാൾസ് ജോർജ് പറയുന്നു. 2016ൽ സർക്കാരുമായുണ്ടാക്കിയ സേവന വേതന വ്യവസ്ഥകളും ഇയാൾ ലംഘിച്ചിരിക്കുന്നതായി ആരോപിക്കുന്നു. രാപ്പകൽ വിശ്രമമില്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ട്രക്കുടമകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.