ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ എല്ലാം ഉത്തരമാണ് മകരോല്സവത്തിലെ അഞ്ചുദിവസത്തെ എതിരേല്പിന് ഉപയോഗിക്കുന്ന തിടമ്പ്. അയ്യപ്പന് മറ്റെങ്ങും കാണാത്ത കൊമ്പന്‍മീശയാണ് ഈ തിടമ്പിന്റെ പ്രത്യേകത. അയ്യപ്പന്റെ ഈ രൂപത്തിന് പിന്നിൽ വലിയൊരു ഐത്യഹ്യമുണ്ട്.
പന്തളം രാജകുമാരനായിരുന്ന അയ്യപ്പന് വില്ലാളിവീരനായിരുന്നു. മഹിഷിയെ മാത്രമല്ല മറവപ്പടയേയും കീഴടക്കിയ കുഴിക്കളരിയും ഓതിരവും പുഴിക്കടകനും അറിയാമായിരുന്ന യോദ്ധാവാണ്. ആ വീരനായ അയ്യപ്പന്റെ രൂപത്തിലാണ് വര്‍ഷത്തില്‍ അഞ്ചുദിവസം ശബരിമലയില്‍ ആരാധന.
ശബരിമലയും നിലയ്ക്കലും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളെ കൊള്ളക്കാരില്‍ നിന്നു രക്ഷിച്ച അയ്യപ്പന് ശബരിമലയില്‍ ധ്യാനത്തിലിരുന്നു എന്നാണ് വിശ്വാസം. ഒടുവില്‍ അവിടെ ഉണ്ടായിരുന്ന ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മകരം ഒന്നിനു ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടുവരുന്ന തിരുവാഭരണ പെട്ടിക്ക് ഒപ്പമാണ് കൊമ്പന്‍മീശയുള്ള അയ്യപ്പന്റെ രൂപവും ഉള്ളത്.
നാലുദിവസം പതിനെട്ടാം പടിയിലേക്കും അഞ്ചാംദിവസം ശരംകുത്തിയിലേക്കും എഴുന്നെള്ളുന്നത് ജീവസമാധിയില്‍ കുടികൊള്ളുന്നു എന്നു വിശ്വസിക്കുന്ന വില്ലാളിവീരനായ ഈ അയ്യപ്പനെയാണ്. പന്തളം കൊട്ടാരത്തിന്റെ രാജകുമാരനായിരുന്ന അയ്യപ്പന് എന്ന നിലയിലാണ് നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം തന്നെ ശബരിമലയില്‍ വന്നത്. വില്ലാളിവീരനായിരുന്ന അയ്യപ്പനാണ് രാജകുടംബത്തിന്റെ സങ്കല്പത്തില് ഉള്ളത് എന്നതുകൊണ്ടാണ് തിടമ്പിലെ കൊമ്പന്മീശ.
ക്ഷേത്രനട അടച്ച് 21ന് പന്തളം രാജപ്രതിനിധി മല ഇറങ്ങുമ്പോൾ തിരുവാഭരണത്തിനൊപ്പം ഈ തിടമ്പും പന്തളത്തേക്ക് കൊണ്ട് പോകും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.