തിരുവനന്തപുരം:അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍(Baby adoption incident) പൊലീസിനേയും ശിശുക്ഷേമ സമിതിയേയും(Child Welfare Committee) പ്രതിരോധത്തിലാക്കി രേഖകളും ഫോണ്‍ സംഭാഷണങ്ങളും പുറത്ത്.കുഞ്ഞിനെ നഷ്ടമായെന്ന കാര്യം അനുപമ കൃത്യമായി ബോധിപ്പിച്ചില്ലെന്നും ജനനസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ല എന്നുമായിരുന്നു സി ഡബ്ല്യു സി യുടെ വാദം.
എന്നാല്‍ സി ഡബ്ല്യു സി യുടെ ഈ വാദത്തെ പൊളിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സിറ്റിങ്ങിന് മുന്‍പ് അനുപമയുടെ ഭര്‍ത്താവ് അജിത്ത് സിഡബ്ല്യുസി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണം. ഇതില്‍ സിറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ സിഡബ്ല്യുസി ഉദ്യോഗസ്ഥര്‍ അജിത്തിനോട് പറയുന്നുണ്ട്.ഇതിനുപിന്നാലെ ഏപ്രില്‍ 22-നാണ് സിറ്റിങ് നടന്നത്.
അന്ന് ജനനസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അനുപമ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് സിഡബ്ല്യുസി കുഞ്ഞിന്റെ ദത്തു നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. വിഷയത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന രേഖകളും പുറത്തുവന്നു.
ഏപ്രില്‍ 19ന് പേരൂര്‍ക്കട സ്റ്റേഷനില്‍ അനുപമ പരാതി നല്‍കിയതിന് പിന്നാലെ പോലീസ് കൈമാറിയ രസീതാണ് പുറത്തുവന്നത്.തുടര്‍ന്ന് ഇരുപത്തിരണ്ടാം തീയതി മുന്‍ ഡിജിപി ലോക്നാഥ് ബഹറക്കും പരാതി കൈമാറി. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സെപ്റ്റംബറില്‍ ഡി ജി പി അനില്‍കാന്തിന് വീണ്ടും പരാതി കൈമാറിയതും തുടര്‍ന്ന് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതും.
അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്കി എന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഏറെ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും
തെളിവുശേഖരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് പൊലീസ് ശേഖരിച്ചു. അനുപമയുടെ അച്ഛന്, അമ്മ, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും.
പോലീസ് കള്ളം പറയുകയാണെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഉള്ളിടത്തോളംകാലം പൊലീസ് അന്വേഷണത്തെ എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്നും അനുപമ ചോദിച്ചു.
'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം: അനുപമ
ഏതായാലും വിഷയത്തില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് അനുപമയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വഞ്ചിയൂര്‍ കുടുംബകോടതിയില്‍ കേസില്‍ കക്ഷി ചേരും. വഞ്ചിയൂര്‍ കുടുംബകോടതിയുടെ തീരുമാനത്തിനു ശേഷം ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Missing children, Thiruvabharanam