• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ സൗഭാഗ്യം; എന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത് ന്യായം?'

'ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ സൗഭാഗ്യം; എന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത് ന്യായം?'

ഒരു വിഭാഗം വിമർശനം ഉന്നയിച്ചതോടെ മഹല്ല് കമ്മിറ്റി നിലപാട് മാറ്റി. നിക്കാഹിന്‌ മണവാട്ടിയെ പങ്കെടുക്കാൻ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന്‌ മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു. വലിയ തെറ്റാണെന്നും ആവർത്തിക്കരുതെന്ന്‌ താക്കീതും ചെയ്‌തു

 • Last Updated :
 • Share this:
  കോഴിക്കോട്: പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ നിക്കാഹ് ചടങ്ങിന് വധു എത്തിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. നിക്കാഹിന് പള്ളിക്കുള്ളിൽ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല് കമ്മിറ്റി നിലപാട് മാറ്റിയതും പിന്നാലെ കണ്ടു. കുറ്റ്യാടി സ്വദേശി കെ എസ് ഉമ്മറിന്റെ മകൾ ബഹിജ ദലീലയാണ് ജുമാ മസ്ജിദിൽ നടന്ന നിഖാഹ് ചടങ്ങിന് സാക്ഷിയായത്. വരനിൽ നിന്ന് വേദിയിൽ വച്ചു തന്നെ ദലീല മഹർ സ്വീകരിച്ചു. സാധാരണ നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തി അണിയിക്കുന്നതാണ് പതിവ്. എന്നാൽ ഇതിന് മാറ്റം വരുത്തിയായിരുന്നു നിഖാഹ് നടന്നത്.

  വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമായിരുന്നു വരൻ. സാധാരണഗതിയിൽ നിഖാഹ് ചടങ്ങുകൾ കാണാൻ വധുവിനെ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. നിഖാഹിലെ വിപ്ലവത്തെ അഭിനന്ദിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും മറ്റും ചെയ്തിരുന്നു. മതപണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനെ തുടർന്നാണ് വധുവിന് മസ്ജിദിനുള്ളിൽ പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു വിഭാഗം വിമർശനം ഉന്നയിച്ചതോടെ മഹല്ല് കമ്മിറ്റി നിലപാട് മാറ്റി.

  നിക്കാഹിന്‌ മണവാട്ടിയെ പങ്കെടുക്കാൻ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന്‌ മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു. വലിയ തെറ്റാണെന്നും ആവർത്തിക്കരുതെന്ന്‌ താക്കീതും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മണവാട്ടി ബഹിജ ദലീല തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 'ബാപ്പയ്‌ക്കും വരനെുമൊപ്പം എന്റെ നിക്കാഹിൽ പങ്കെടുത്തതാണ്‌ ജീവിതത്തിലെ വലിയ സൗഭാഗ്യം. നിർണായക മുഹൂർത്തത്തിൽ എന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത്‌ ന്യായമാണുള്ളത്‌’- ബഹിജയെ ഉദ്ധരിച്ച് 'ദേശാഭിമാനി' റിപ്പോർട്ട് ചെയ്യുന്നു.

  Related News- 'നിഖാഹിന് വധു പള്ളിക്കുള്ളിൽ എത്തിയത് അബദ്ധം'; നിലപാട് മാറ്റി മഹല്ല് കമ്മിറ്റി

  സിവിൽ എഞ്ചിനീയറായ വടക്കുമ്പാട്ടെ ഫഹദ്‌ കാസിമുമായിട്ടായിരുന്നു എംഎസ്‌ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന്‌ സ്വർണം വേണ്ടെന്നും സ്വന്തം നിക്കാഹിൽ തനിക്ക്‌ പങ്കെടുക്കണമെന്നും പെൺകുട്ടി വീട്ടുകാരോട്‌ ആഗ്രഹം അറിയിച്ചിരുന്നു. തുടർന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ്‌ അനുമതിനൽകിയത്‌. ജുമാ നമസ്‌കാരത്തിനും മറ്റും സ്‌ത്രീകൾക്ക്‌ പ്രവേശനമുള്ള പള്ളിയാണിത്‌.

  വധുവിന്റെ കുടുംബത്തെ നേരിൽ കണ്ട്‌ വിശ്വാസകാര്യങ്ങളിൽ വീഴ്‌ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്‌. ''നിക്കാഹിൽ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗൾഫ്‌ നാട്ടിൽ ഇത്‌ പണ്ടുതൊട്ടേയുണ്ട്‌. പുരോഗമനാശയം പുലർത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട്‌ ആശ്‌ചര്യപ്പെടുത്തി. ലോകം മാറുന്നത്‌ തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തിൽ ജീവിച്ച്‌ പഴകിപ്പുളിച്ചതിനെ പുൽകുകയുമാണ്‌ പലരും. അതിൽ കുടുംബത്തിന് ഉത്തരവാദിത്വമില്ല''- പെൺകുട്ടിയുടെ സഹോദരൻ ഫാസിൽ ഷാജഹാൻ പറഞ്ഞു.
  Published by:Rajesh V
  First published: