വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാലാ പാര്‍വ്വതിയുടെ (Maala Parvathi) പിതാവ് സി വി ത്രിവിക്രമന്‍ (CV Thrivikraman) (92) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മരണത്തിന് മുൻപ് അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചായിരുന്നുവെന്ന് മാലാ പാർവതി പറഞ്ഞു. സി വി ത്രിവിക്രമനെ കുറിച്ച് മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പ് ഇങ്ങനെ
ഇതോടൊപ്പമുള്ള ചിത്രം ഒരു ചരിത്ര മുഹൂർത്തത്തെ ക്യാമറയിൽ പകർത്തിയതാണ്.കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌ക്കാരിക രംഗങ്ങളിലെ അതിപ്രഗത്ഭരായ കുറച്ചു മനുഷ്യരുടെ ഒത്തുചേരലാണിത്. അതിന്റെ അധ്യക്ഷത വഹിക്കുന്നത് അന്നത്തെ മുഖ്യമന്ത്രിയായ സി അച്യുത മേനോനാണ്. കാമ്പിശ്ശേരി കരുണാകരൻ, പി കെ വാസുദേവൻ നായർ, ഓ എൻ വി കുറുപ്പ്, കെ എം മാത്യൂ, പി സുബ്രഹ്മണ്യം,പി ആർ എസ് പിള്ള എന്നിവരെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ കാണാം. ഏ കെ ജി (മദ്രാസ്), മലയാറ്റൂർ രാമകൃഷ്ണൻ, എസ് കെ നായർ,എൻ ഇ ബാലറാം, എം സി പുന്നൂസ് എന്ന അപ്പച്ചൻ, ശർമ്മാജി,എസ് കുമാർ,ബോബൻ കുഞ്ചാക്കോ എന്നിവരെ നിൽക്കുന്നവരുടെ കൂട്ടത്തിലും. വയലാർ രാമവർമ്മ ട്രസ്റ്റ് രൂപീകരണത്തിന്റെ ആദ്യയോഗം നടക്കുകയാണ്. ഈ മഹാരഥികളെല്ലാം ചരിത്രത്തിലേക്ക് നടന്നു മറഞ്ഞു കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു.അക്കൂട്ടത്തിൽ അവശേഷിച്ച ഒരെയൊരാൾ,അങ്ങു പിറകിലായി ഒതുങ്ങിക്കൂടി നിൽക്കുന്ന ആ മനുഷ്യൻ ഇന്ന് പുലർച്ചയ്ക്ക് യാത്ര പറഞ്ഞു പോയി.
നൂറായിരം സാഹിത്യ അവാർഡുകൾ ദിനംപ്രതിയെന്നോണം പൊട്ടിമുളയ്ക്കുന്ന കേരളത്തിൽ, വയലാർ അവാർഡ് വിശ്വാസ്യതയ്ക്കും ചൈതന്യത്തിനും ഉടവൊന്നുംതട്ടാതെ ഇന്നും മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം, അതു തുടങ്ങിവെച്ച ആ അനുഗൃഹീതമനുഷ്യരുടെ വലിപ്പവും വൈശിഷ്ട്യവുമാണ്. പിന്നെ,സി വി ത്രിവിക്രമൻ എന്ന അതിന്റെ സെക്രട്ടറിയുടെ ഒരിക്കലും തളരാത്ത കർമ്മശേഷിയും.
വയലാർ ട്രസ്റ്റിന്റെ സെക്രട്ടറി ആയി മാത്രം സി വി ത്രിവിക്രമനെ ഒതുക്കി നിറുത്തുന്നതിനോട് ചരിത്രം പ്രതിഷേധിക്കും. നാരായണഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളും ജീവചരിത്രകാരനുമായ കോട്ടൂക്കോയിക്കൽ വേലായുധന്റെ മൂത്തപുത്രൻ, ഗുരുവചനങ്ങളിൽ നിന്ന് പ്രചോദനം കൊണ്ട് നിസ്വവർഗ്ഗത്തിന്റെ മോചനത്തിനായുള്ള വഴിയിലേക്കാണ് ചെറുപ്പത്തിൽ തന്നെ ഇറങ്ങിത്തിരിച്ചത്. കരുനാഗപ്പള്ളി, തഴവാ ഭാഗങ്ങളിൽ എമ്മെനും ശങ്കരനാരായണൻ തമ്പിക്കും തോപ്പിൽ ഭാസിക്കുമൊക്കെ ഒളിവിലിരിക്കാനുള്ള സൗകര്യങ്ങളേർപ്പെടുത്താനും അവരുടെ കേസ് നടത്താനും വേണ്ടി മുന്നിട്ടിറങ്ങിയിരുന്നത് വക്കീലന്മാർ കൂടിയായ ത്രിവിക്രമനും അനുജത്തി സരസ്വതി അമ്മയുമായിരുന്നു. കുമാരനാശാന്റെ സഹധർമ്മിണി ഭാനുമതി അമ്മയുടെ പുത്രി ഡോ.ലളിതയെ വിവാഹം ചെയ്തതോടെ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ രണ്ടു പാരമ്പര്യവഴികൾ ഒരുമിച്ചു ചേരുകയായിരുന്നു.
എന്റെ അച്ഛന്റെ ദീർഘകാലത്തെ സുഹൃത്ത്, ഏറെ പ്രിയപ്പെട്ട ലക്ഷ്മിയുടെയും മാലയുടെയും അച്ഛൻ,വാത്സല്യനിധികളായ സരസ്വതി ചേച്ചിയുടെയും ഉഷചേച്ചിയുടെയും അണ്ണൻ,മീരയുടെ അമ്മാവൻ....എനിക്ക് അദ്ദേഹവുമായുള്ള അടുത്ത ബന്ധത്തിന്റെ കാരണങ്ങൾ പലതുമുണ്ട്.ഞാൻ ദൂരദർശനിൽ ഉണ്ടായിരുന്നപ്പോൾ നിർബന്ധിച്ച് ഒരു ഇന്റർവ്യൂ ചെയ്യിച്ച കാര്യം ഇപ്പോഴോർക്കുമ്പോൾ ചാരിതാർത്ഥ്യം തോന്നുന്നു.
മഹാമാരിയുടെ കാരണം പറഞ്ഞ് മാറ്റിവെച്ച മറ്റൊരു സന്ദർശനം കൂടി, ഒടുവിൽ ഒരിക്കലും നടക്കാതെ പോയി. ചരിത്രത്തിന്റെ ഒപ്പം നടന്ന ഒരാൾ കൂടി വിടപറയുന്നതോടെ കേരളത്തിന്റെ പൊതുജീവിതം വീണ്ടും വീണ്ടും ശൂന്യമായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maala parvathy