കൊച്ചി: വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ((Dileep) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി (Kerala High Court) തള്ളിയതില്‍ പ്രതികരണവുമായി സംവിധായകന് ബാലചന്ദ്രകുമാര്‍ (Balachandra kumar). പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു. കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുമ്പ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് വ്യക്തമാക്കിയത്.
കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.
Also Read-
ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസ് അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന് ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് ടി എൻ സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.