• HOME
  • »
  • NEWS
  • »
  • kerala
  • »
  • Heavy Rain Alert| മഴ മുന്നറിയിപ്പ്: ഇടുക്കിയില്‍ ജാഗ്രത; മണ്ണെടുപ്പിനും ഖനനത്തിനും നിരോധനം

Heavy Rain Alert| മഴ മുന്നറിയിപ്പ്: ഇടുക്കിയില്‍ ജാഗ്രത; മണ്ണെടുപ്പിനും ഖനനത്തിനും നിരോധനം

മഴ മാറും വരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിലും താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി

  • Share this:
    ഇടുക്കി: കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച കളക്ടർ, മഴ മുന്നറിയിപ്പ് മാറുന്നതുവരെ മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായും അറിയിച്ചു.

    മഴ മാറും വരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിലും താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിർബന്ധമായും ഡ്യൂട്ടിക്ക് എത്തണം എന്നും ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദ്ദേശം നൽകി.

    സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

    Also Read- Heavy Rain| കനത്ത മഴ: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു; കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കളക്ടർമാർക്ക് നിർദേശം

    തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസം വിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.

    പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ് പി നടപടിയെടുക്കും. പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

    Also Read- ഓറഞ്ച് അലർട്ട്: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല

    സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദേശമാണ് നല്‍കിയിരിക്കുന്നത്.
    Published by:Rajesh V
    First published: